വീട് ഇല്ലാത്തവരാരും കേരളത്തിലുണ്ടാകരുത് എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പി. രാജീവ്

കൊച്ചി: സ്വന്തമായി വീട് ഇല്ലാത്തവരാരും കേരളത്തിലുണ്ടാകരുത് എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പി.  രാജീവ്. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളുടെ ശിലാ സ്ഥാപനവും പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറ്റവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ജീവിതത്തിൽ ഒരിക്കൽപോലും സ്വന്തമായി വീടെന്ന സ്വപ്നം യാഥാർഥ്യമാകുമെന്ന് കരുതാത്ത നിരവധി പേരുടെ സ്വപ്നമാണ് ലൈഫ് മിഷൻ പദ്ധതിയിലൂടെ സർക്കാർ യാഥാർഥ്യമാക്കിയത്. ലൈഫ് മിഷൻ പദ്ധതിയിലൂടെ നാല് ലക്ഷത്തോളം പേർക്കാണ് വീട് ലഭ്യമായത്. ജനങ്ങളുടെ സഹകരണവും ഇതിൽ എടുത്ത് പറയേണ്ടതാണ്. നെല്ലിക്കുഴിയിൽ 42 കുടുംബങ്ങളുടെ വീടെന്ന സ്വപ്നത്തിന് ചിറക് നൽകിയത് സമീർ പൂക്കുഴി എന്ന പ്രവാസി വ്യവസായിയാണ്. സ്ഥലം നൽകുക മാത്രമല്ല ഒരു ഫ്ലാറ്റ് സമുച്ചയം നിർമ്മിച്ചു നൽകാൻ കൂടി അദ്ദേഹം തയാറായി മുന്നോട്ട് വന്നു. അദ്ദേഹത്തിന്റെ ഈ വലിയ മനസിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് മന്ത്രി പറഞ്ഞു.

ഒരു വർഷത്തിനുള്ളിൽ ഫ്ലാറ്റുകളുടെ നിർമാണം പൂർത്തിയാക്കും. കൃത്യമായ അവലോകനം നടത്തി സമയബന്ധിതമായി പദ്ധതി യഥാർഥ്യമാക്കണം. സാമ്പത്തികമായി ചില പ്രതിസന്ധികൾ സംസ്ഥാന സർക്കാർ നേരിടുന്നുണ്ട്. എങ്കിലും ലൈഫ് പോലുള്ള ജനങ്ങൾ ഏറെ ആശ്രയിക്കുന്ന പദ്ധതികളെ അത് ബാധിക്കാത്ത വിധമാണ് സർക്കാർ മുന്നോട്ടു കൊണ്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.

നെല്ലിക്കുഴി പഞ്ചായത്തിലെ ഈ ഉദ്യമം ഏറെ മാതൃകാപരമാണ്. ഇതിനുമുമ്പും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായും മറ്റും സഹകരിച്ച് പല ആളുകൾക്കും വീടെന്ന സ്വപ്നം ഇവിടെ യാഥാർത്ഥ്യമാക്കിയിട്ടുണ്ട്. നെല്ലിക്കുഴി പഞ്ചായത്ത് ഉൾക്കൊള്ളുന്ന ഇരമല്ലൂർ വില്ലേജിലെ ഫെയർ വാല്യുവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരമാവധി വേഗത്തിൽ പരിഹരിക്കുമെന്നും ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട നേരത്തെ നിർമ്മാണം പൂർത്തിയായ ഭവനങ്ങളുടെ താക്കോൽദാനവും ചടങ്ങി മന്ത്രി നിർവഹിച്ചു. പുതിയ ഫ്ലാറ്റ് സമുച്ചയത്തിനായി സ്ഥലം വിട്ട് നൽകിയ സമീറിനെ മന്ത്രി ആദരിച്ചു. മനസോടിത്തിരി മണ്ണ് ക്യാമ്പയിനിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്തിന് പ്രവാസി വ്യവസായി സമീർ പൂക്കുഴി സൗജന്യമായി വാങ്ങി നൽകിയ 42 സെന്റ് സ്ഥലത്താണ് 42 കുടുംബങ്ങൾക്കായി രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമിക്കുന്നത്. രണ്ട് സമുച്ചയങ്ങളിൽ ആദ്യ ബ്ലോക്കിൽ 24 കുടുംബങ്ങൾക്ക് മൂന്ന് നിലകളിലായുള്ള ഫ്ലാറ്റ് സംസ്ഥാന സർക്കാർ നിർമിക്കും. രണ്ടാം ബ്ലോക്കിൽ 18 കുടുംബങ്ങൾക്കായി സ്ഥലം സൗജന്യമായി നൽകിയ സമീർ പൂക്കുഴി തന്നെയാണ് ഫ്ലാറ്റുകൾ നിർമിച്ച് നൽകുന്നത്.

Tags:    
News Summary - P. Rajeev said that the aim of the government is that there should be no homeless in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.