മുഖ്യമന്ത്രിയുടെ 'വാടക' പരാമർശം: സഭയിൽ പ്രതിപക്ഷ ബഹളം; ഇറങ്ങിപ്പോക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ 'വാടക' പരാമർശത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. പ്ലക്കാർഡുമായി എത്തിയ പ്രതിപക്ഷ അംഗങ്ങൾ സഭാനടപടികൾ ആരംഭിച്ചപ്പോൾ തന്നെ മുദ്രാവാക്യം വിളിച്ചു നടുത്തളത്തിൽ ഇറങ്ങി. തുടർന്ന് മോശം പരാമർശം പിൻവലിക്കാൻ തയാറാകാതിരുന്ന മുഖ്യമന്ത്രിയുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

'വാടക' പരാമർശം മുഖ്യമന്ത്രി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് ചേർന്ന പരാമർശമല്ല അദ്ദേഹം നടത്തിയത്. ബി.ജെ.പിക്കും ശിവസേനക്കും എതിരെ പോരാടുന്നതിന് യു.ഡി.എഫിന് മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. രാജ്യത്തിന്‍റെ മതേതരത്വം ഉയർത്തിപ്പിക്കാൻ കഴിയുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് യു.ഡി.എഫ്. എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടു പോകേണ്ട മുഖ്യമന്ത്രിയിൽ നിന്ന് തെറ്റായ സമീപനമാണ് ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.   

സഭയിൽ വ്യാഴാഴ്ച നടത്തിയ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഘപരിവാറിനോട് പ്രതിപക്ഷം എത്രമാത്രം സമരസപ്പെട്ടെന്ന് പൊതുജനത്തിന് അറിയാം. സഭയിൽ നടപടിക്രമങ്ങൾ നടക്കുമ്പോൾ താൻ നടുത്തളത്തിലിറങ്ങിയിട്ടില്ല. പ്രതിപക്ഷ നേതാവ് പച്ചക്കള്ളമാണ് പറയുന്നത്. സ്പീക്കർ ചെയറിൽ ഇല്ലാത്തപ്പോൾ താൻ നടുത്തളത്തിലിറങ്ങിയതിൽ തെറ്റില്ല. സമാനരീതിയിൽ മുൻപും മുഖ്യമന്ത്രിമാർ നടുത്തളത്തിൽ ഇറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിഷയത്തിൽ ഇടപെട്ട സ്പീക്കർ ബജറ്റ് സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് റൂളിങ് നടത്തുമെന്ന് സഭയെ അറിയിച്ചു. എപ്പോൾ റൂളിങ് വേണമെന്ന് പ്രതിപക്ഷം വാശി പിടിക്കരുത്. സഭയിൽ നൽകിയ റൂളിങ്ങിനെ കുറിച്ച് അഭിപ്രായ പ്രകടനമോ ചർച്ചയോ പാടില്ലാത്തതാണ്. എന്നാൽ, സഭയിൽ നടന്ന സംഭവത്തെകുറിച്ചോ പരാമർശത്തെകുറിച്ചോ പൊതു സമൂഹത്തിന് തെറ്റിദ്ധാരണ പാടില്ലാത്തതിനാലാണ് വീണ്ടും വിശദീകരിക്കുന്നത്. റൂളിങ് നടത്തിയ വിഷയം വീണ്ടും ഉയർത്തി കൊണ്ടു വരുന്നത് ചട്ടവിരുദ്ധമാണെന്നും സ്പീക്കർ വ്യക്തമാക്കി. സഭാ നടപടികൾ നടക്കുമ്പോൾ മുഖ്യമന്ത്രി നടുത്തളത്തിൽ ഇറങ്ങിയതായി ചെയറിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും സ്പീക്കർ അറിയിച്ചു.

Tags:    
News Summary - oppossition protest in kerala assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.