സപ്ലൈകോ സാധനങ്ങളുടെ വില വർധന പിൻവലിക്കണമെന്ന് പ്രതിപക്ഷം; നിയമസഭയിൽ ബാനറും പ്ലക്കാർഡും ഉയർത്തി പ്രതിഷേധം

തിരുവനന്തപുരം: സപ്ലൈകോയിലെ 13 സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച തീരുമാനം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ആദ്യ സബ്മിഷനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് വിഷയം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.

നിയമസഭ നടക്കുന്ന സമയത്ത് സഭയിൽ വിഷയം ചർച്ച ചെയ്യാതെ ഏകപക്ഷീയമായി മന്ത്രി വില വർധിപ്പിക്കാൻ തീരുമാനിച്ചെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. മന്ത്രിയുടെ നടപടി സഭയോടുള്ള അവഹേളനമാണ്. സബ്സിഡി സാധനങ്ങളുടെ വില വർധനവ് പൊതുവിപണിയിൽ വലിയ വിലക്കയറ്റത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ തന്നെ വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുകയാണ്. ജീവിക്കാൻ നെട്ടോട്ടം ഓടുകയാണ്. സബ്സിഡി സാധനങ്ങളുടെ വില വർധന സർക്കാർ പിൻവലിക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിക്കാൻ ഉണ്ടായ സാഹചര്യം ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ വിശദീകരിച്ചു. സപ്ലൈകോ വലിയ പ്രതിസന്ധിയിലാണെന്നും സാധനങ്ങളുടെ വിലവർധന ജനങ്ങളെ അധികം പ്രായസപ്പെടുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ പ്രസ്താവന അവാസ്തവമാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. 13 സാധനങ്ങളുടെ സബ്സിഡി കൂട്ടുകയാണെന്നാണ് മന്ത്രി പറഞ്ഞതെന്നും സതീശൻ വ്യക്തമാക്കി.

മന്ത്രിയുടെ അവാസ്തവ പ്രസ്താവനയിൽ പ്രതിഷേധിച്ച് സഭയുടെ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ച പ്രതിപക്ഷ അംഗങ്ങൾ, പ്ലക്കാർഡുകളും ബാനറും ഉയർത്തി. ചെയറിന്‍റെ മുഖം മറക്കുന്നത് ശരിയല്ലെന്ന് സ്പീക്കർ വ്യക്തമാക്കി. ധനകാര്യ, ധനവിനിയോഗ ബില്ലുകൾ പാസാക്കി നിയമസഭ പിരിഞ്ഞു.

സപ്ലൈകോയിലെ വില വർധന കാലോചിത മാറ്റമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. മൂന്നു മാസം കൂടുമ്പോൾ വിപണി വിലക്ക് അനുസരിച്ച് വില പുനർനിർണയിക്കും. വില വർധന ജനങ്ങളെ ബാധിക്കില്ല. കുടിശിക നൽകിയാൽ പോലും പ്രതിസന്ധി പരിഹരിക്കാൻ സാധിക്കാത്ത സാഹചര്യമാണ്. വില വർധന സപ്ലൈകോയെ രക്ഷിക്കാനുള്ള ചെറിയ നീക്കമെന്നും മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി.

സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങൾക്ക് വിലകൂട്ടാനുള്ള തീരുമാനത്തിന്​ മന്ത്രിസഭായോഗമാണ് അംഗീകാരം നൽകിയത്. 13 ഇനം സാധനങ്ങൾക്ക് നൽകി വന്നിരുന്ന 55 ശതമാനം സബ്‌സിഡി 35 ശതമാനമാക്കി കുറച്ചു. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയുടെ വില എട്ട് വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോ വര്‍ധിപ്പിക്കുന്നത്.

2016ൽ എൽ.ഡി.എഫി ന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വലിയ വാഗ്ദാനമായിരുന്നു അടുത്ത അഞ്ച് വര്‍ഷത്തേക്ക് സാധനങ്ങൾക്ക് വില വര്‍ധിപ്പിക്കില്ല എന്നത്. ഈ വില സ്ഥിരത നേട്ടമായി സർക്കാർ ഉയർത്തി കാട്ടിയിരുന്നു. തുടര്‍ഭരണം ലഭിച്ച് മൂന്ന് വര്‍ഷം പിന്നിട്ട ശേഷമാണ് സപ്ലൈകോ സാധനങ്ങൾക്ക് വില വര്‍ധിപ്പിക്കുന്നത്.

വിലകൂട്ടുക അല്ലെങ്കിൽ കുടിശ്ശികയായുള്ള 3,000 കോടി നൽകുക ഇതായിരുന്നു സപ്ലൈകോ മുന്നോട്ടുവെച്ച ആവശ്യം. ഇനി മുതൽ നേരത്തെ ലഭിച്ചിരുന്ന വിലയിൽ സാധനങ്ങൾ ലഭിക്കില്ല.​ എങ്കിലും പൊതുവിപണിയിലെ വിലയിലും കുറവായിരിക്കും സപ്ലൈകോ വഴി ലഭിക്കുന്ന സാധനങ്ങളുടെ വില. പുതിയ ടെൻഡർ പ്രകാരം​ സപ്ലൈകോ ഇറക്കുന്ന സാധനങ്ങൾക്ക്​ പുതിയ നിരക്ക്​ നൽകേണ്ടിവരും.

Tags:    
News Summary - Opposition wants withdrawal of increase in price of Supplyco goods; Uproar in the Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.