വി.ഡി. സതീശൻ
തിരുവനന്തപുരം: ലൈഫ് മിഷന് കോഴ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് ഇ.ഡി സമന്‍സ് അയച്ചത് രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം. സമൻസ് എന്തിനെന്ന് പിണറായി വിജയൻ വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
ലൈഫ് മിഷന് കോഴ കേസുമായി ബന്ധപ്പെട്ട് 2023 ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയെന്ന ഗുരുതരമായ വിവരമാണ് പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. 20 കോടി രൂപയില്‍ ഒൻപത് കോടി രൂപ കൈക്കൂലി വാങ്ങിയെന്നത് അന്ന് പ്രതിപക്ഷം ഉന്നയിച്ചതാണ്.
രാജ്യ ചരിത്രത്തിൽ തന്നെ ഇത്രയും ഉയര്‍ന്ന ശതമാനം കൈക്കൂലി വാങ്ങിയ കേസ് വേറെയുണ്ടാകില്ല. ലൈഫ് കോഴയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരനെ അറസ്റ്റു ചെയ്ത ദിവസമാണ് മുഖ്യമന്ത്രിയുടെ മകനോട് ഇ.ഡി ഹാജരാകാന്‍ പറഞ്ഞത്. സമന്‍സ് വിവരം ഇ.ഡിയും മുഖ്യമന്ത്രിയും സി.പി.എമ്മും രണ്ടു വര്‍ഷത്തോളം മറച്ചുവച്ചു.
സമന്‍സ് അയച്ചശേഷം ഒരു നടപടിയും സ്വീകരിച്ചതായി അറിയില്ല. എന്തുകൊണ്ടാണ് സമന്‍സില്‍ മാത്രമായി നടപടി അവസാനിപ്പിച്ചത്.സി.പി.എം- ബി.ജെ.പി ബാന്ധവത്തിന്റെ ഉദാഹരണമാണോ ഇത്? ഇതിനു ശേഷമാണ് എ.ഡി.ജി.പി അജിത് കുമാര്‍ ആര്.എസ്.എസ് നേതാവിനെ കണ്ടതും തൃശൂര്‍ പൂരം കലക്കിയെന്ന ആരോപണം ഉയര്‍ന്നതും. ലോക്സഭ തെരഞ്ഞെടുപ്പില്‍ സി.പി.എം ബി.ജെ.പിയെ സഹായിച്ചെന്ന ആരോപണവും ഉയർന്നു.
എല്ലാം സെറ്റില്‍മെന്റായിരുന്നു എന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ഈ സംഭവങ്ങളെല്ലാം. യഥാർഥ വസ്തുത പുറത്തുവരണം. അത് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണം.സമന്‍സ് അയച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാതിരുന്നതെന്തെന്നും കേസുമായി മുന്നോട്ട് പോകാതിരുന്നതെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വിശദീകരിക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.