26 ആശുപത്രികളിലേക്ക് കാലാവധി കഴിഞ്ഞ മരുന്ന്; നടന്നത് ഞെട്ടിക്കുന്ന അഴിമതി -വി.ഡി. സതീശൻ

തിരുവനന്തപുരം: മെഡിക്കൽ സർവീസസ് കോർപറേഷൻ കാലാവധി കഴിഞ്ഞ ചാത്തൻ മരുന്നുകൾ വിതരണം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 26 ആശുപത്രികളിലേക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന സി.എ.ജി റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്നും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അറിഞ്ഞു​കൊണ്ടാണ് ഈ ക്രമക്കേട് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സി.ആന്‍ഡ് എ.ജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം 1610 ബാച്ച് മരുന്നുകള്‍ കാലാവധിയെ സംബന്ധിച്ച നിബന്ധനകള്‍ പാലിക്കാത്തതാണ്. 75 ശതമാനം കാലാവധി വേണമെന്നാണ്. നാല് വര്‍ഷത്തേയ്ക്ക് കാലാവധി ഉള്ള ഒരു മരുന്ന് കോര്‍പ്പറേഷന്റെ കൈയിൽ കിട്ടുമ്പോള്‍ ഏറ്റവും കുറഞ്ഞത് മൂന്ന് വര്‍ഷത്തേയ്‌ക്കെങ്കിലും പിന്നീട് കാലാവധി വേണം. അപ്പോഴാണ് കാലാവധി തീരുന്നതിനുമുമ്പ് ആളുകള്‍ക്ക് വിതരണം നടത്താന്‍ കഴിയുക. അങ്ങനെയല്ല ചെയ്യുന്നതെങ്കില്‍ ഇത് തിരിച്ചുകൊടുത്ത് പിഴ ഈടാക്കി പണം തിരികെ പിടിക്കണം. അങ്ങനെ ചെയ്തിട്ടേയില്ല. മാത്രവുമല്ല 26 ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തിരിക്കുകയാണ്. കാലാവധി കഴിഞ്ഞാല്‍ മരുന്നുകളുടെ കോമ്പിനേഷന്‍ മാറും. അത് ജീവഹാനിക്കുപോലും ഇടയാക്കുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

വാർത്ത സമ്മേളനത്തിന്റെ പൂർണ രൂപം:

ഈ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നു എന്ന യു.ഡി.എഫിന്റെ ആരോപണത്തിന് അടിവരയിടുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനെപ്പറ്റി ഉള്ളത്. മഹാമാരിയുടെ കാലത്ത് ആയിരക്കണക്കിന് കോടി രൂപയുടെ പര്‍ച്ചേസ് നടത്തി പി.പി.ഇ.കിറ്റ്, മാസ്‌ക് ഗ്ലൗസ്, തെര്‍മോമീറ്റര്‍, ഫ്രിഡ്ജ് തുടങ്ങിയവ നൂറു ശതമാനം മുതല്‍ 300 ശതമാനം വരെ ഇരട്ടി മാര്‍ക്കറ്റ് വിലയ്ക്ക് വാങ്ങിച്ചു എന്ന ആരോപണങ്ങള്‍ ഉണ്ടായിരിക്കുകയാണ്. ഇത് സംബന്ധിച്ച് നിയമസഭയില്‍ ആരോപണം ഉന്നയിക്കുകയും, ലോകായുക്തയില്‍ കേസ് പെന്റിംഗിലുമാണ്. ലോകായുക്തയിലെ കേസ് റദ്ദാക്കാന്‍ ഗവണ്‍മെന്റ് ഹൈക്കോടതിയെ സമീപിച്ചിട്ട് ഹൈക്കോടതി അതില്‍ ഇടപെടില്ല, ലോകായുക്തയിലെ കേസ് നടക്കട്ടെയെന്ന് പറഞ്ഞു. ഇതു നടക്കുമ്പോഴാണ് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പേഷനുമായി ബന്ധപ്പെട്ട് വരുന്നത്.

ഇപ്പോള്‍ കിട്ടിയിരിക്കുന്ന പ്രധാനപ്പെട്ട വിവരം സി.ആന്‍ഡ് എ.ജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം 1610 ബാച്ച് മരുന്നുകള്‍ കാലാവധിയെ സംബന്ധിച്ച നിബന്ധനകള്‍ പാലിക്കാത്തതാണ്. 75 ശതമാനം കാലാവധി വേണമെന്നാണ്. നാല് വര്‍ഷത്തേയ്ക്ക് കാലാവധി ഉള്ള ഒരു മരുന്ന് കോര്‍പ്പറേഷന്റെ കയ്യില്‍ കിട്ടുമ്പോള്‍ ഏറ്റവും കുറഞ്ഞത് മൂന്ന് വര്‍ഷത്തേയ്‌ക്കെങ്കിലും പിന്നീട് കാലാവധി വേണം. അപ്പോഴാണ് കാലാവധി തീരുന്നതിനുമുമ്പ് ആളുകള്‍ക്ക് വിതരണം നടത്താന്‍ കഴിയുക. അങ്ങനെയല്ല ചെയ്യുന്നതെങ്കില്‍ ഇത് തിരിച്ചുകൊടുത്ത് പിഴ ഈടാക്കി പണം തിരികെ പിടിക്കണം. അങ്ങനെ ചെയ്തിട്ടേയില്ല. മാത്രവുമല്ല 26 ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തിരിക്കുകയാണ്.

നിലവാരമില്ലാത്തതിനാല്‍ വിതരണം മരവിപ്പിച്ച മരുന്നുകള്‍ 483 ആശുപത്രികളില്‍ വിതരണം ചെയ്തു. 148 ആശുപത്രികളിലേയ്ക്ക്, വിതരണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട മരുന്നുകള്‍ നല്‍കി. കാലാവധി കഴിഞ്ഞ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലൂടെ സാധാരണക്കാര്‍ക്ക് നല്‍കിയത് മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനാണ്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് കാലവധി പൂര്‍ത്തിയായ മരുന്നുകള്‍ വില്‍ക്കാന്‍ പറ്റില്ല. നിയമം അനുസരിച്ച് അത് നശിപ്പിച്ച് കളയണം. ആ മരുന്നുകള്‍ യഥാര്‍ത്ഥ മാര്‍ക്കറ്റ് വിലയുടെ 10 മുതല്‍ 20 ശതമാനം മാത്രം വാങ്ങി വില്‍ക്കുകയാണ്. ബാക്കി 80 ശതമാനം കൊള്ളയായി പോകും. 100 കോടി രൂപയുടെ കാലാവധി കഴിയാറായ മരുന്നോ കാലാവധി കഴിഞ്ഞ മരുന്നോ വാങ്ങിച്ചാല്‍ അവര്‍ ടെന്‍ഡര്‍ എല്ലാം എഗ്രിമെന്റ് ചെയ്ത് ഈ കമ്പനി 100 കോടി രൂപയുടെ മരുന്നു കൊടുക്കും. 100 കോടി രൂപ അവര്‍ക്ക് പെയ്‌മെന്റും കൊടുക്കും. അതില്‍ 10- 20 കോടി രൂപ മാത്രമാണ് അവര്‍ വാങ്ങുന്നത്. ബാക്കി 80 ശതമാനം രൂപ കോഴ ആയി പോകും. മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഇപ്പോഴും തുടരുന്നത് കാലാവധി കഴിയാറായ മരുന്നുകളും കാലാവധി കഴിഞ്ഞ മരുന്നുകളും വാങ്ങി പാവപ്പെട്ട ആളുകള്‍ക്ക് നൂറു കണക്കിന് ആശുപത്രികളിലൂടെ വിതരണം ചെയ്യുന്ന ഞെട്ടിക്കുന്ന ഇടപാടാണ്.

കാലാവധി കഴിഞ്ഞാല്‍ മരുന്നുകളുടെ കോമ്പിനേഷന്‍ മാറും. അത് ജീവഹാനിക്കുപോലും ഇടയാക്കും. നിലവാരമില്ലാത്ത മരുന്നുകള്‍ ഉപയോഗിക്കരുത്, വിതരണം ചെയ്യാന്‍ പാടില്ലാത്ത മരുന്ന് ഉപയോഗിക്കാന്‍ പാടില്ല, കാലാവധി കഴിഞ്ഞ മരുന്ന് ഉപയോഗിക്കാന്‍ പാടില്ല എന്നു പറയുന്നതിന്റെ കാരണം മരുന്നിന്റെ രാസപരിണാമം സംഭവിക്കും എന്നുള്ളതുകൊണ്ടാണ്. മോളിക്യൂള്‍ കോമ്പിനേഷന്‍ തെറ്റും. തെറ്റിക്കഴിഞ്ഞാല്‍ മരണത്തിന് കാരണമാകും. അല്ലെങ്കില്‍ പ്രധാനപ്പെട്ട അവയവങ്ങളെ ബാധിക്കാം. ഹാര്‍ട്ടിനെ ബാധിക്കാം ലിവറിനെ കിഡ്‌നിയെ ബാധിക്കാം. സാധാരണക്കാരായ രോഗികള്‍ക്ക് ജീവഹാനി വരുത്തിപ്പോലും അഴിമതി നടത്തി പണം പിടുങ്ങുന്ന രീതിയാണ് മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ നടത്തിയിരിക്കുന്നത്.

54049 ബാച്ച് മരുന്നുകളില്‍ ആകെ പരിശേധിച്ചത് 8700 ബാച്ച് മാത്രം. അതില്‍ 44 ഇനം മരുന്നുകള്‍ക്ക് ഒരു ഗുണനിലവാര പരിശോധനയും ഇതുവരെ നടത്തിയിട്ടില്ല. 14 വിതരണക്കാരുടെ മരുന്നുപോലും പരിശോധിച്ചില്ല. മരുന്നു പരിശോധിക്കാതെ ഏതു ചാത്തന്‍ മരുന്നും കൊടുക്കുന്ന സ്ഥിതിയാണ്. മനുഷ്യന്റെ ആരോഗ്യം തന്നെ പോകുന്ന തരത്തില്‍ ഈ സര്‍ക്കാരിന്റെ അഴിമതി പോയിരിക്കുകയാണ്. പല പര്‍ച്ചേസുകള്‍ക്കും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമൊക്കെ അപ്രൂവല്‍ കൊടുത്തിട്ടുള്ളതാണ്. നിഷ്പക്ഷമായ ഏജന്‍സിയെക്കൊണ്ട് ഈ കൊള്ള അടിയന്തരമായി അന്വേഷിക്കണം. അഴിമതിയാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര.

സിവില്‍ സപ്ലൈയ്‌സില്‍ സാധനങ്ങളില്ല. ഇപ്പോള്‍ കഴിഞ്ഞ രണ്ട് മാസമായി സപ്ലൈക്കോയുടെ ഇ-ടെന്‍ഡറില്‍ ഒരു കമ്പനിയും പങ്കെടുത്തിട്ടില്ല. അവര്‍ക്ക് പണം കൊടുക്കാനുണ്ട്. മെയ്, ജുണ്‍, ജൂലൈ മാസങ്ങളില്‍ കൊടുക്കാനുള്ളത് 621 കോടി രൂപയാണ്. ഓഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍ കൂടിയാകുമ്പോള്‍ ഏകദേശം 1500 കോടി രൂപ സപ്ലൈക്കോയ്ക്ക് കൊടുക്കാനുണ്ട്. ഇതുമൂലം അരി, പലവ്യജ്ഞനങ്ങള്‍ ഒന്നും സപ്ലൈക്കോ ഔട്ട്‌ലെറ്റുകളില്‍ ഇല്ല. 13 പ്രധാന ആവശ്യ സാധനങ്ങള്‍ക്കാണ് സബ്‌സിഡി ഉള്ളത്. 13 സാധനങ്ങളുടെ ടെന്‍ഡറാണ് രണ്ട് മാസമായി നടക്കാത്തത്. ഇതുകാരണം സാധാരണക്കാര്‍ സപ്ലൈക്കോയില്‍ പോകുന്നില്ല. കിറ്റ് കൊടുത്തതിന്റെ കാശ് ഇതുവരെ കൊടുത്തിട്ടില്ല. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കിയതിന്റെ പണം ഇനിയും കൊടുക്കാനുണ്ട്. നെല്ല് സംഭരണത്തിന്റെ പണം കൊടുക്കാനുണ്ട്. ഏകദേശം 3000 കോടി രൂപയുടെ ബാധ്യതയിലാണ് സപ്ലൈക്കോ. കെ.എസ്.ആര്‍.ടി.സി.പോലെ സപ്ലൈക്കോയും ഏറ്റവും അപകടകരമായ ഒരു സ്ഥിതിയിലേക്ക് കൂപ്പുകുത്തുകയാണ്. കേരളത്തില്‍ ഏറ്റവും പ്രധാനപ്പെട്ട നമുക്ക് അഭിമാനകരമായ ഒരു പൊതുമേഖലാ സ്ഥാപനം മാര്‍ക്കറ്റില്‍ കൃത്യമായ വിലക്കയറ്റം ഉണ്ടാകുമ്പോള്‍ ഇടപെടേണ്ട സപ്ലൈക്കോയുടെ സ്ഥിതി ഇതാണ്.

സോഷ്യല്‍ മീഡിയ കൈക്കാര്യം ചെയ്യാന്‍ വേണ്ടി കോണ്‍ഗ്രസ് ആളെ വച്ചിരിക്കുന്നെന്ന് മുഖ്യമന്ത്രിയുടെ പരാതി. മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയയ്ക്ക് എത്രയാണ് ചെലവാക്കുന്നത്. ഒരു മാസം 667290 രൂപ. മുഖ്യമന്ത്രി ഫേയ്‌സ് ബുക്കിലും ഇസ്റ്റഗ്രാമിലും ഒരു ദിവസം ഒരു പോസ്റ്റ് ഇടുമെന്നുതന്നെ ഇരിക്കട്ടെ അതിനുവേണ്ടി എന്തിനാണ് ഇത്രയും വലിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ടീം ലീഡര്‍ 75000 രൂപ, കണ്ടന്റ് മാനേജര്‍ 70000 രൂപ, സീനിയര്‍ വെബ് അഡ്മിനിസ്‌ട്രേറ്റര്‍ 65000 രൂപ, സോഷ്യല്‍ മിഡിയ കോ ഓര്‍ഡിനേറ്റര്‍ 65000 രൂപ, കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് 65000 രൂപ, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് 22290 രൂപ എന്നിങ്ങനെ 12 പേരെ നിയമിച്ചിരിക്കുകയാണ്. അപ്പോള്‍ ഒരു കൊല്ലം 80 ലക്ഷത്തോളം രൂപയായി. രാഷ്ട്രീയ എതിരാളികളെ ആക്ഷേപിക്കാന്‍ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയയെ അദ്ദേഹം ഉപയോഗിക്കുന്നുണ്ടോ. സുനില്‍ കനഗോലുവിനെ വച്ച് കോണ്‍ഗ്രസ് സോഷ്യല്‍മീഡിയയില്‍ പ്രചരണം നടത്തുന്നു എന്ന് പറഞ്ഞ് ആക്ഷേപം ഉന്നയിക്കുന്നവരാണ് സര്‍ക്കാര്‍ ഖജനാവിലെ പണം മുടങ്ങി സമൂഹമാധ്യമങ്ങളില്‍ ഇടപെടല്‍ നടത്തുന്നത്. അഞ്ച് നയാപൈസ ഖജനാവില്‍ ഇല്ലാത്ത കാലത്താണ് ഈ ധൂര്‍ത്ത്.

മാസപ്പടി വിവാദത്തിലെ കേസ് എന്താണ്. സി.എം.ആര്‍.എല്‍.ഉം എക്‌സാലോജിക്കും ഒരു അഗ്രിമെന്റ് വച്ചു. അതിന്റെ ഭാഗമായി 1.72 കോടി രൂപ കിട്ടി. കമ്പനിയിലേക്കും വ്യക്തിയിലേക്കുമായി ഏകദേശം 2.5 കോടി രൂപ പോയിട്ടുണ്ട്. അത് ഇന്‍കംടാക്‌സിന്റെ ഒരു പ്രത്യേക സംവിധാനം പരിശോധിച്ചു. എക്‌സാലോജിക്ക് ഒരു സര്‍വ്വീസും നല്‍കിയിട്ടില്ലെന്ന് സി.എം.ആര്‍.എല്ലിലെ ജീവനക്കാര്‍ മൊഴി കൊടുത്തു. മാത്രമല്ല സി.എം.ആര്‍.എല്‍.ന് ആവശ്യമായ സോഫ്റ്റ് വെയര്‍ സൊല്യൂഷനല്ല എക്‌സാലോജിക്കിന്റെ കൈവശമുള്ളത്. എക്‌സാലോജിക്കിന് കിട്ടിയ പൈസ ബ്ലാക്ക് മണിയാണ്. അത് നിയമപരമാക്കാനാണ് എഗ്രിമെന്റ് വച്ചത്. കള്ളപ്പണം വെളുപ്പിക്കലാണ് നടന്നത്. പ്രിവന്‍ഷന്‍ ഓഫ് മണി ലോഡ്രിംഗ് ആക്ടിന്റെ പരിധിയിലാണ് ഇതുവരിക. അത് അന്വേഷിക്കേണ്ടത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റാണ്. ഇതു സംബന്ധിച്ച് ഒരു സുപ്രധാന ചോദ്യം മുഖ്യമന്ത്രിയോട് ചോദിക്കുകയാണ് മാസപ്പടി വിവാദത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നടന്നിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അതിനുശേഷം ബാക്കി കാര്യങ്ങള്‍ പറയാം. കൃത്യമായ അഴിമതിയാണ് നടന്നത്. യു.ഡി.എഫ്. തീരുമാനപ്രകാരമാണ് മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ അഴിമതി ആരോപണം ഉന്നയിച്ചതും, വിജിലന്‍സിന് പരാതി നല്‍കിയതും. മാധ്യമങ്ങളും പൊതു സമൂഹവും യഥാര്‍ത്ഥ അഴിമതിയില്‍നിന്ന് ശ്രദ്ധ മാറ്റരുത്. ബാക്കി കാര്യങ്ങളെല്ലാം അതിനോടൊപ്പം പുറത്തുവരും. ഐ.ജി.എസ്.ടി. അടച്ചോ എന്നതൊന്നും മാസപ്പടി വാങ്ങിയെന്ന ആരോപണത്തെ ബാധിക്കുന്ന കാര്യങ്ങളല്ല.

Tags:    
News Summary - Opposition leader made serious allegations against kerala Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.