തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ പേരില്‍ കൊച്ചിയില്‍ ഒരു യോഗവും വിളിച്ചിട്ടില്ലെന്നും തൂഫാന്റെ ചുമതല പൊലീസിനാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് കെ. സുധാകരൻ വിളിച്ച യോഗത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് കെ. സുധാകരൻ വിളിച്ച യോഗത്തെ തള്ളി ആഭ്യന്തരമന്ത്രി. പദ്ധതിയുമായി ബന്ധപ്പെട്ട് യോഗം വിളിക്കാനുള്ള ചുമതല പൊലീസിനാണെന്നും മന്ത്രി പറഞ്ഞു.
ഓപ്പറേഷന്‍ തൂഫാന്റെ പേരില്‍ കൊച്ചിയില്‍ കെ. സുധാകരന്‍ വിളിച്ച യോഗം ഗുണ്ടാ സംഘങ്ങളുടെ ഒത്തുചേരലായിരുന്നുവെന്ന വിമര്‍ശനത്തിനും വിവാദത്തിനും പിന്നാലെയാണ് രമേശ് ചെന്നിത്തല പ്രതികരണം നടത്തിയത്. കൊച്ചിയില്‍ അത്തരത്തില്‍ ഒരു യോഗവും വിളിച്ചിട്ടില്ല, അതിൽ ആരെല്ലാം പങ്കെടുത്തുവെന്ന് അറിയില്ലെന്നും പറഞ്ഞ ആഭ്യന്തരമന്ത്രി, പൊലീസിനല്ലാതെ മറ്റാര്‍ക്കും അത്തരം ചുമതല നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി. കൊച്ചിയില്‍ തൂഫാന്റെ പേരില്‍ ഒരു യോഗവും വിളിച്ചിട്ടില്ല. ചില മാധ്യമ വാര്‍ത്തകളില്‍ പറയുന്ന യോഗത്തെക്കുറിച്ച് ഞാൻ അറിഞ്ഞിട്ടില്ല. തൂഫാൻ യോഗങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥരാണ് വിളിച്ചുചേര്‍ക്കുന്നത്. സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനമായ ഓപ്പറേഷന്‍ തൂഫാനെ തകര്‍ക്കാൻ ആരു വിചാരിച്ചാലും സാധിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
അതിനിടെ, ലഹരിക്കെതിരെ പോരാടാൻ കെ. സുധാകരൻ വിളിച്ച യോഗത്തിൽ പങ്കെടുത്ത കൊച്ചങ്ങാടി സ്വദേശി ഷിബു എന്ന മുഹമ്മദ് റിസയെ വധശ്രമത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരിയിലെ ബാറില്‍ മദ്യപിക്കുന്നതിനിടെ വയോധികനുമായുള്ള തര്‍ക്കം മര്‍ദനത്തിലേക്ക് എത്തുകയായിരുന്നു. ഷിബുവിനൊപ്പം സംഭവത്തിലേര്‍പ്പെട്ട ഇയാളുടെ സുഹൃത്തുക്കളും പിടിയിലായി. കെ. സുധാകരൻ വിളിച്ച യോഗത്തിൽ പങ്കെടുത്ത് ശ്രദ്ധ നേടിയതിന് പിന്നാലെയാണ് മട്ടാഞ്ചേരിയിലെ സംഭവം.
തിരുവനന്തപുരം: ലഹരി വസ്തുക്കൾ കണ്ടെത്തുന്നതിന് സംസ്ഥാന എക്സൈസ് വകുപ്പിന്റെ ‘ഓപറേഷൻ തണ്ടർ’ വഴി ഒറ്റ ദിവസം രജിസ്റ്റർ ചെയ്തത് 341 കേസുകൾ, 48 പേർ പിടിയിലായി. 428 കേന്ദ്രങ്ങളിലായി 3,297 വാഹനങ്ങളും പരിശോധനക്ക് വിധേയമാക്കി. രജിസ്റ്റർചെയ്ത 37 കേസുകൾ അബ്കാരി നിയമപ്രകാരവും 20 കേസുകൾ മയക്കുമരുന്ന് നിരോധന നിയമപ്രകാരവും 284 കേസുകൾ പുകയില ഉൽപന്നങ്ങൾ വിറ്റതിന് കോട്പ പ്രകാരവുമാണ്. നാല് അബ്കാരി മേജർ കേസുകളും രജിസ്റ്റർ ചെയ്തു. 32 പേരെ അബ്കാരി കേസുകളിലും 16 പേരെ മയക്കുമരുന്ന് നിരോധന നിയമ കേസുകളിലുമാണ് അറസ്റ്റ് ചെയ്തത്.
കോട്പ പ്രകാരം 56,800 രൂപ പിഴ ഈടാക്കി. 160 ഗ്രാം കഞ്ചാവ്, 204 മില്ലിഗ്രാം ഹെറോയിൻ, 116 മില്ലിഗ്രാം എം.ഡി.എം.എ, 84.1 ലിറ്റർ ഐ.എം.എഫ്.എൽ, 435 ലിറ്റർ വാഷ്, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന 7.92 ലിറ്റർ മദ്യം, 24.316 കിലോ പുകയില ഉൽപന്നങ്ങൾ എന്നിവ പിടിച്ചെടുത്തു. എൻ.ഡി.പി.എസ് കേസിൽ ഒരു വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. പൊലീസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓപറേഷൻ തൂഫാന് പുറമെയാണ് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ‘ഓപറേഷൻ തണ്ടർ’ നടന്നുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.