സണ്ണി ​ജോസഫ്

ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമായതും പ്രതിസന്ധിക്ക് കാരണം; കൂടുതൽ വിലകൊടുത്ത് വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്

കോഴിക്കോട്: വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ, സർക്കാർ കൂടുതൽ വിലകൊടുത്തും വൈദ്യുതി വാങ്ങാൻ തയാറാണെന്ന് മന്ത്രി സണ്ണി ജോസഫ്. ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമായതും പ്രതിസന്ധിക്ക് കാരണമായെന്നും പ്രശ്നം പരിഹരിക്കാൻ പുതിയനയം വേണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതിക്ഷാമമുണ്ട്. എൻ.ടി.പി.സി ഉൾപ്പെടെ കേന്ദ്രസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു കഴിഞ്ഞു. സർക്കാർ കൂടുതൽ വിലകൊടുത്ത് വൈദ്യുതി വാങ്ങും. പ്രതിസന്ധിയുടെ കാര്യം വ്യക്തമാക്കി കെ.എസ്.ഇ.ബി സർക്കാറിന് കത്തെഴുതിയിട്ടുണ്ട്. ഉൽപാദനം വർധിപ്പിക്കാനാണ് പുതിയ നയം സ്വീകരിക്കുന്നത്. അതല്ലാതെ മറ്റു മാർഗമില്ല’ -മന്ത്രി വ്യക്തമാക്കി.

മഴ കുറയുകയും ചൂട് കൂടുകയും ചെയ്തതിനാൽ ഉപയോഗം കൂടി. ഉൽപാദനം കുറയുകയും ചെയ്തു. 1000 മെഗാവാട്ടാണ് ഉപയോഗം കൂടിയത്. പ്രശ്‌നപരിഹാരം ലക്ഷ്യമിട്ട് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരെ മറ്റു സംസ്ഥാനങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ഉപയോഗം കുറക്കണമെന്നും ആഡംബരവിളക്കുകൾ അണക്കണമെന്നും ചൂണ്ടിക്കാട്ടി മുൻമന്ത്രി എ.കെ. ബാലൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ സ്വാഗതാർഹമാണ്. മുൻ മന്ത്രി കെ. കൃഷ്ണൻകുട്ടി ഞായറാഴ്ച മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിലെ നിർദേശങ്ങളും ഗൗരവമായി കണക്കിലെടുക്കുമെന്നും മന്ത്രി പറഞ്ഞു.

രാത്രി പൂട്ടിയിട്ടിരിക്കുന്ന സർക്കാർ ഓഫിസുകളിൽപ്പോലും ഫാനും ലൈറ്റുകളും പ്രവർത്തിക്കുന്നത് കണ്ടിട്ടുണ്ട്. പകൽ തെരുവുവിളക്കുകൾ അണക്കാത്തതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതൊന്നും അനുവദിക്കാനാവില്ല.

മുമ്പ് യു.ഡി.എഫ് ഭരണത്തിലിരിക്കെ, മന്ത്രി ആര്യാടൻ മുഹമ്മദ് കൊണ്ടുവന്ന കരാർ റദ്ദാക്കിയത് വലിയ തെറ്റായിപ്പോയി. ചെറിയ പൈസക്ക് വൈദ്യുതി കിട്ടിയിരുന്നത് കരാർ റദ്ദാക്കിയപ്പോൾ ഇല്ലാതായി. ഒമ്പതുവർഷം വൈദ്യുതി ലഭിക്കാൻ കരാർ സഹായിച്ചിരുന്നു. കരാർ റദ്ദായതിന്റെ ദുരിതം ഇപ്പോഴാണ് ശരിക്കും അനുഭവിക്കുന്നത്. പകൽ പവർകട്ടില്ല. ചില ഉദ്യോഗസ്ഥർ മനഃപൂർവം വൈദ്യുതി ഓഫാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് വെറുതെയല്ല. അത്തരക്കാർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.