‘ഓപറേഷന്‍ ഷൈലോക്ക്’ ഒരു കോടിയിലേറെ  രൂപ പിടിച്ചെടുത്തു

കൊല്ലം: സിറ്റി പൊലീസ് പരിധിയിലെ നൂറോളം കേന്ദ്രങ്ങളില്‍ ‘ഓപറേഷന്‍ ഷൈലോക്ക്’ എന്ന പേരില്‍ ചൊവ്വാഴ്ച രാവിലെ ആറുമുതല്‍ പൊലീസ് നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച ഒരു കോടിയിലേറെ രൂപ പിടിച്ചെടുത്തു. ഗുണ്ട പ്രവര്‍ത്തനങ്ങള്‍ തടയാനും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക അടിത്തറ ഉന്മൂലനം ചെയ്യാനും ലക്ഷ്യമിട്ടാണ് പരിശോധന നടത്തിയത്. 

കരുനാഗപ്പള്ളി സ്റ്റേഷന്‍ അതിര്‍ത്തിയില്‍ കുലശേഖരപുരം സ്വദേശിയായ ചിട്ടിരാജു എന്ന രാജുവിന്‍െറ വീട്ടില്‍നിന്ന് 53 ലക്ഷവും തൊടിയൂര്‍ സ്വദേശികളായ സുനില്‍കുമാര്‍, മോഹനന്‍ എന്നീ സഹോദരങ്ങളുടെ വീട്ടില്‍നിന്ന് പണമിടപാടിന്‍െറ നിരവധി രേഖകളും എട്ടുലക്ഷവും ഒരു കിലോയിലധികം സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തു. ഇതുകൂടാതെ, കരുനാഗപ്പള്ളി പാവുമ്പ സ്വദേശി പൊടിയന്‍െറ വീട്ടില്‍നിന്ന് 10 ലക്ഷവും കുലശേഖരപുരം സ്വദേശി മഹാരാജന്‍െറ വീട്ടില്‍നിന്ന് അഞ്ചുലക്ഷവും ഓച്ചിറ ആലുംപീടിക സ്വദേശി സുകുമാരന്‍െറ വീട്ടില്‍നിന്ന് മൂന്നുലക്ഷവും കണ്ടെടുത്തു. 

കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി ഗുപ്ത എന്ന രാജേഷിന്‍െറ വീട്ടില്‍നിന്ന് രണ്ട് ലക്ഷവും കൊല്ലം പോളയത്തോട് സ്വദേശി തമ്പാന്‍െറ വീട്ടില്‍നിന്ന് 50,000 രൂപയും കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തങ്കശ്ശേരി സ്വദേശിയായ തങ്കപ്പന്‍െറ വീട്ടില്‍നിന്ന് രണ്ടുലക്ഷവും കണ്ടെടുത്തു. ഇരവിപുരം സ്റ്റേഷന്‍ പരിധിയില്‍ പട്ടത്താനം സ്വദേശി ശശിമണിയുടെ വീട്ടില്‍നിന്നും പള്ളിമുക്ക് സ്വദേശി രാജേന്ദ്രന്‍െറ വീട്ടില്‍നിന്നും നിരവധി രേഖകളും പിടിച്ചെടുത്തു. കൊട്ടിയം പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ വാഹനങ്ങള്‍ പണയത്തിനെടുത്ത് കൊള്ളപ്പലിശ വാങ്ങി സൂക്ഷിച്ചിരുന്ന തഴുത്തല സ്വദേശി സന്തോഷിന്‍െറ വീട്ടില്‍നിന്നും രണ്ട് കാറും കണ്ടെടുത്തു. കൊല്ലം സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗുണ്ട നിയമപ്രകാരം നടപടി തുടങ്ങിയതായി സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു.

Tags:    
News Summary - operation shylock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.