പണം നൽകിയാൽ കുട്ടികളുമായി ലൈവ് സെക്സ് ഷോ; ഇരയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്താൻ മൊബൈലിൽ മാൽവെയറുകൾ: ഓപറേഷൻ പി-ഹണ്ടിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ

തിരുവനന്തപുരം: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയാൻ ലക്ഷ്യമിട്ട് ​കേരള ​പൊലീസ് നടത്തിയ ‘ഓപറേഷൻ പി-ഹണ്ട് 23.1’ റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. പണം നൽകുന്നവർക്ക് കുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ ലൈവായി കാണിക്കുന്നതുൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് നടക്കുന്നത്. ഇതുസംബന്ധിച്ച തെളിവുകൾ പൊലീസ് സംഘം ശേഖരിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ​സൈബർഡോം ഐ.ജി പി. പ്രകാശ് അറിയിച്ചു.

കുട്ടികൾ അടക്കമുള്ള ഇരകളുടെ മൊബൈലിലും ടാബുകളിലും മറ്റ് ഉപകരണങ്ങളിലും അവരറിയാതെ വെബ്കാമറ പ്രവർത്തിപ്പിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്താൻ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതായും അന്വേഷണസംഘം കണ്ടെത്തി. ഇത്തരത്തിൽ ശേഖരിച്ച ദൃശ്യങ്ങൾ വാട്ട്‌സ്ആപ്പിലും ടെലിഗ്രാമിലും പ്രവർത്തിക്കുന്ന പോൺ ഗ്രൂപ്പുകൾ വഴിയാണ് വിൽപന നടത്തുന്നത്.

കുട്ടികൾക്കെതിരായ വർധിച്ചുവരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങൾ തടയാൻ കേരള പൊലീസിന്റെ സൈബർഡോമിന് കീഴിൽ കഴിഞ്ഞ നാല് വർഷമായി പ്രവർത്തിക്കുന്ന സി.സി.എസ്.ഇ (കൗണ്ടറിംഗ് ചൈൽഡ് സെക്ഷ്വൽ എക്സ്‍പ്ലോയിറ്റേഷൻ) ടീമാണ് ഓപറേഷൻ പി ഹണ്ട് നടത്തുന്നത്. കേസുകളുടെയും വെർച്വൽ ട്രെൻഡുകളുടെയും വിശകലനത്തിൽ കോവിഡ് കാലംമുതൽ കുട്ടികളുടെ ദൃശ്യങ്ങൾ കൈമാറുന്ന വാട്ട്‌സ്ആപ്, ടെലഗ്രാം ഗ്രൂപ്പുകളുടെ എണ്ണം ഗണ്യമായി വർധിച്ചതായും ഇവർ കണ്ടെത്തി.

അതിനിടെ, പൊലീസ് നടപടിയിൽനിന്ന് രക്ഷപ്പെടാൻ പ്രതികൾ വിഡിയോകൾ കണ്ട ശേഷം പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ച് ഡിലീറ്റ് ​ചെയ്യുന്നതായി പൊലീസ് പറഞ്ഞു. മൂന്ന് ദിവസം കൂടുമ്പോൾ ഫോൺ ഫോർമാറ്റ് ചെയ്യുന്നുമുണ്ട്.

പി-ഹണ്ട് 23.1 എന്ന് പേരിട്ട് ഇന്നലെയാണ് സംസ്ഥാനവ്യാപക റെയ്ഡ് നടത്തിയത്. ഇത്തരത്തിലുള്ള 10ാമത്തെ പരിശോധനയാണിത്. സംസ്ഥാനത്തുടനീളം 858 സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് രഹസ്യ ഓപ്പറേഷൻ ആസൂത്രണം ചെയ്തത്. തുടർന്ന് വിവരങ്ങൾ ക്രോഡീകരിച്ച് ജില്ലാ പൊലീസ് മേധാവികൾക്ക് കീഴിലുള്ള ടീമുകൾ, സൈബർ സെൽ അംഗങ്ങൾ, സാങ്കേതിക വിദഗ്ധർ, വനിതാ പൊലീസ് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.

റെയ്ഡിൽ 12 പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവർ ​​ഐ.ടി മേഖലയിലടക്കം ജോലി ചെയ്യുന്ന ഉയർന്ന പ്രഫഷനലുകളാണെന്ന് പൊലീസ് അറിയിച്ചു. 5 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ നഗ്ന വീഡിയോകളും ചിത്രങ്ങളുമാണ് ഇവർ വ്യാപകമായി പ്രചരിപ്പിച്ചത്.

ആകെ 142 കേസുകൾ രജിസ്റ്റർ ചെയ്തു. മൊബൈൽ ഫോണുകൾ, മോഡം, ഹാർഡ് ഡിസ്‌കുകൾ, മെമ്മറി കാർഡുകൾ, ലാപ്‌ടോപ്പുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങി 270 ഉപകരണങ്ങൾ വിവിധ സ്ഥലങ്ങളിൽനിന്നായി പിടിച്ചെടുത്തു.

വിഡിയോകളും ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും എൻക്രിപ്റ്റ് ചെയ്ത ഹാൻഡിലുകളാണ് സംഘം ഉപയോഗിക്കുന്നത്. കുട്ടികളെ ലൈംഗികാവശ്യത്തിന് കടത്തുന്നതായും സംശയമുണ്ടെന്ന് പിടിച്ചെടുത്ത ഉപകരണങ്ങളിലെ നിരവധി ചാറ്റുകൾ പരിശോധിച്ച പൊലീസ് പറഞ്ഞു.

ഈ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച മറ്റുള്ളവരുടെ വിശദാംശങ്ങളും ശേഖരിച്ചുവരികയാണ്. റാക്കറ്റിൽ ഉൾപ്പെട്ട എല്ലാ വ്യക്തികൾക്കെതിരെയും ശക്തമായ നടപടിയെടുക്കും. ഇക്കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യില്ല. കുട്ടികളുടെ ഏതെങ്കിലും അശ്ലീല ദൃശ്യങ്ങളോ ചിത്രങ്ങളോ കാണുകയോ വിതരണം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യുന്നത് 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്. കുറ്റവാളികളിൽ ചിലർ ചികിത്സ ആവശ്യമുള്ള മാനസിക വൈകല്യമുള്ളവരാണെന്ന് പൊലീസ് വ്യക്തമാക്കി. കൂടാതെ, കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നവരും കൂട്ടത്തിലുണ്ട്.

കുട്ടികളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട ഉള്ളടക്കം പ്രചരിപ്പിക്കുന്ന ഏതെങ്കിലും സോഷ്യൽ മീഡിയ ഗ്രൂപ്പുകളെ കുറിച്ചോ ആളുകളെ കുറിച്ചോ വിവരം ലഭിച്ചാൽ സിസിഎസ്ഇ, സൈബർഡോം, സൈബർ സെൽ എന്നിവ​രെ വിവരം അറിയിക്കണ​മെന്ന് ​സൈബർഡോം ഐ.ജി പി. പ്രകാശ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. 

Tags:    
News Summary - Operation P-Hunt12 people arrested in the state and shocking findings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.