നെൽ വയൽ, തണ്ണീർത്തട ക്രമക്കേടുകൾ കണ്ടെത്താൻ ‘ഓപ്പറേഷൻ ഹരിത കവചം’; 69 ഇടങ്ങളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

തിരുവനന്തപുരം: നെൽ വയലുകളും തണ്ണീർത്തടങ്ങളും ഡാറ്റാ ബാങ്കിൽ നിന്നു ഒഴിവാക്കുന്നതിലും തരം മാറ്റി നൽകുന്നതിലും നടക്കുന്ന ക്രമക്കേടുകളും അഴിമതിയും കണ്ടെത്തുന്നതിനായി സംസ്ഥാനതലത്തിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്.

ഓപ്പറേഷൻ ഹരിത കവചം എന്നാണ് പരിശോധനക്ക് പേരിട്ടിരിക്കുന്നത്. കേരള നെൽ വയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾക്ക് വിരുദ്ധമായി സംസ്ഥാനത്ത് തണ്ണീർത്തടങ്ങളും നെൽ വയലുകളും ഡാറ്റാബാങ്കിൽ നിന്നു വ്യാപകമായി ഒഴിവാക്കി നൽകുന്നതായും അപേക്ഷകരിൽനിന്നു നേരിട്ടും ഏജന്റുമാർ മുഖേനയും ചില ഉദ്യോഗസ്ഥർ കൈക്കൂലി കൈപ്പറ്റി ഇത്തരം ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു.

ഡാറ്റാബാങ്കിൽനിന്നു ഒഴിവാക്കി വസ്തു തരം മാറ്റുന്നതിനുള്ള ഉത്തരവ് നേടിയ ശേഷം നെൽ വയലുകളും തണ്ണീർത്തടങ്ങളും പരിവർത്തനപ്പെടുത്തി കെട്ടിടങ്ങളും വീടുകളും നിർമിച്ച് വിൽപന നടത്തുന്നതിനായി റവന്യൂ ഡിവിഷനൽ ഓഫിസുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭൂമാഫിയയും റിയൽ എസ്റ്റേറ്റുകാരും ഉൾപ്പെടുന്ന സംഘങ്ങൾ സംസ്ഥാനത്ത് സജീവമാണെന്നും കൈക്കൂലിയും അനധികൃത പ്രതിഫലവും കൈപ്പറ്റിയും സ്വാധീനത്തിന് വഴങ്ങിയും ചില ഉദ്യോഗസ്ഥർ ചട്ടങ്ങൾക്ക് വിരുദ്ധമായി ഭൂമി തരം മാറ്റുന്നതിനായി അനുകൂല റിപ്പോർട്ടുകൾ നൽകി വരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

കേരള നെൽ വയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഡാറ്റാബാങ്കിൽ ഉൾപ്പെട്ടതും നിയമപ്രകാരം തരം മാറ്റി നൽകാൻ പാടില്ലാത്തതുമായ ഭൂമി ഒഴിവാക്കി ഉത്തരവ് അനുവദിക്കുന്നതിലെ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്‍റെ നിർദേശ പ്രകാരം സംസ്ഥാനത്തെ 27 റവന്യൂ ഡിവിഷനൽ ഓഫിസുകളിൽ പരിശോധന നടത്തി. കൂടാതെ, തരം മാറ്റൽ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 32 ഡെപ്യൂട്ടി കലക്ടർമാരുടെ ഓഫിസുകളിലും വെള്ളിയാഴ്ച രാവിലെ 10.30 മുതൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പറിലോ, വാട്ട്സ്ആപ്പ് നമ്പറായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ അഭ്യർഥിച്ചു.

Tags:    
News Summary - 'Operation Haritha Kavacham' to investigate paddy field and wetland irregularities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.