ആരാധനാലയങ്ങൾ തുറക്കുന്നത്​ അടുത്ത ആഴ്ച ആലോചിക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: ആരാധനാലയങ്ങൾ തുറക്കുന്നത്​ സംബന്ധിച്ച്​ അടുത്ത ആഴ്ച ആലോചിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ആരാധനാലയങ്ങൾ ഏറ്റവും നല്ല സാഹചര്യം വരു​േമ്പാൾ ആദ്യംതന്നെ തുറക്കാമെന്നാണ്​ ഗവൺമെന്‍റ്​ തീരുമാനമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇപ്പോൾ നല്ല രീതിയിൽ രോഗവ്യാപനതോത്​ കുറയുന്നുണ്ട്​. ആരാധനാലയങ്ങൾ തുറക്കുന്നതിനെ കുറിച്ച്​ ഒരാഴ്ച കഴിഞ്ഞ്​ നിഗമനത്തിലെത്താമെന്നാണ്​ കരുതുന്നത്​. ഈ ഒരാഴ്ചത്തെ കാര്യം നോക്കി ആവശ്യമായ ഇളവുകൾ നൽകും. അടുത്ത ബുധനാഴ്ച വരെയാണ്​ ഈ നില തുടരുക. ചൊവ്വാഴ്ച പുതിയ ഇളവുകളെ കുറിച്ച്​ ആലോചിക്കും. ഏറ്റവും വേഗതയിൽ തുറക്കാൻ പറ്റുന്ന സാഹചര്യം ഉണ്ടാക​ട്ടെ. അപ്പോൾ തുറക്കും -മുഖ്യമന്ത്രി പറഞ്ഞു.

മദ്യശാലകള്‍ തുറക്കുകയും ആരാധനായലങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതിന്‍റെ യുക്തിയെന്തെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കെ.പി.സിസി പ്രസിഡന്‍റ്​ കെ. സുധാകരന്‍ എംപി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആരാധനാലയങ്ങളും ലൈബ്രറികളും സിനിമ തിയേറ്ററുകളും അടക്കമുള്ള പൊതുസംവിധാനങ്ങള്‍ ടി.പി.ആറിന്റെ അടിസ്ഥാനത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് തുറന്നുപ്രവര്‍ത്തിക്കാനുള്ള അനുമതി സര്‍ക്കാര്‍ ഉടന്‍ നല്‍കണം. വാരാന്ത്യ ലോക്ഡൗണ്‍ പോലെയുള്ള സാമാന്യ ബോധ്യത്തിന് നിരക്കാത്ത മാര്‍ഗങ്ങള്‍ പുനഃപരിശോധിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ച സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് പരിഗണിക്കണമെന്ന് മുസ്‌ലിം സംഘടനകളും ആവശ്യപ്പെട്ടിരുന്നു. എന്‍.എസ്.എസ് അടക്കമുള്ള സംഘടനകളും ഇതേ ആവശ്യമുന്നയിച്ചിരുന്നു.

സംസ്ഥാനത്ത് ലോക്ഡൗണില്‍ കാര്യമായ ഇളവുകള്‍ വരുത്തിയിട്ടും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാത്തതിനെതിരെ വിവിധ മുസ്ലിം സംഘടനകള്‍ കഴിഞ്ഞദിവസം പ്രതിഷേധം അറിയിച്ചിരുന്നു. സമസ്തയ്ക്കുപുറമെ ജമാഅത്തെ ഇസ്ലാമി, കേരള മുസ്​ലിം ജമാ അത്ത് ഫെഡറേഷന്‍, വിസ്ഡം മുസ്​ലിം ഓര്‍ഗനൈസേഷന്‍, കേരള നദ്​വത്തുല്‍ മുജാഹിദീന്‍, ഓള്‍ കേരള ഇമാംസ്​ കൗണ്‍സില്‍ എന്നീ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

Tags:    
News Summary - opening of worship places will be discussed next week - Pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.