‘സ്വകാര്യമേഖലയെ കോവിഡ് പ്രതിരോധത്തിന്​ അടിയന്തരമായി രംഗത്തിറക്കണം’

തിരുവനന്തപുരം: കേരളത്തിൽ കോവിഡ്​ സമൂഹവ്യാപനം സംഭവിക്കുകയും 150ലധികം ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരാകുകയും ചെയ്​ത പശ്ചാത്തലത്തിൽ കോവിഡ്​ പ്രതിരോധത്തിനായി സ്വകാര്യമേഖലയെക്കൂടി അടിയന്തരമായി രംഗത്തിറക്കണമെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു. കോവിഡ് ചികിത്സക്ക്​ അനുമതി നൽകുമെന്ന്​ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതു സംബന്ധിച്ച വ്യക്തമായ മാര്‍ഗനിര്‍േദശം വേണമെന്നാണ്​ അവരുടെ ആവശ്യം. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതുമൂലം പരിശോധനാഫലം ലഭിക്കുന്നതില്‍ വലിയ കാലതാമസം ഉണ്ടാകുന്നുണ്ട്. വിലകുറഞ്ഞതും കാര്യക്ഷമവുമായ ആൻറിജന്‍ കിറ്റുകള്‍ വ്യാപകമായി ലഭ്യമാക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.

ഉമ്മൻചാണ്ടി പങ്കുവെച്ച ഫേസ്​ബുക്ക്​ പോസ്​റ്റി​​െൻറ പൂർണരൂപം: 

കോവിഡ് 19 സമൂഹവ്യാപനം കേരളത്തില്‍ സംഭവിക്കുകയും 150ലധികം ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് രോഗബാധിതരാകുകയും ചെയ്ത പശ്ചാത്തലത്തില്‍ സ്വകാര്യമേഖലയെക്കൂടി കോവിഡ് പ്രതിരോധത്തിനായി അടിയന്തരമായി രംഗത്തിറക്കണം.

സ്വകാര്യമേഖയിലെ ആശുപത്രികള്‍ക്ക് കോവിഡ് ചികിത്സയ്ക്ക് അനുമതി നല്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതു സംബന്ധിച്ച വ്യക്തമായ മാര്‍ഗനിര്‍േദശം വേണമെന്നതാണ് അവരുടെ ആവശ്യം. കേരളത്തിന്റെ ആരോഗ്യമേഖലയില്‍ 60 ശതമാനം പങ്കുവഹിക്കുന്നത് സ്വകാര്യമേഖലയാണ്. അവരെക്കൂടി കോവിഡ് പ്രതിരോധത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അതു സര്‍ക്കാര്‍ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും അവരുടെമേലുള്ള അമിത സമ്മര്‍ദം കുറയ്ക്കുകയും ചെയ്യും.

ആറുമാസത്തിലേറയായി കോവിഡിനോട് പോരാടുന്നത് സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകരാണ്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരാണ് രോഗബാധിതരായത്. ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലുമൊക്കെ സമാനമായ സ്ഥിതിവിശേഷമുണ്ട്.

ലോക്ഡൗണ്‍ കാലത്ത് ആരോഗ്യമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. എന്നാല്‍ നിലവിലുള്ള കിടക്കകളുടെ എണ്ണം വൈകാതെ തികയാതെ വരും. ഇപ്പോള്‍ തന്നെ പലയിടത്തും രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിനു കാലതാമസം ഉണ്ട്.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പിപിഐ കിറ്റ്, എന്‍1 മാസ്‌ക് തുടങ്ങിയവ ലഭ്യമല്ലെന്നും പരാതി ഉണ്ട്. ആരോഗ്യപ്രവര്‍ത്തകരെ എന്തുവില കൊടുത്തും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. സാലറി ചലഞ്ചില്‍ നിന്ന് അവരെ ഒഴിവാക്കുക, അവര്‍ക്ക് റിസ്‌ക് അലവന്‍സ് നല്കുക തുടങ്ങിയ കാര്യങ്ങള്‍  സര്‍ക്കാര്‍ പരിഗണിക്കണം.

രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതുമൂലം പരിശോധനാഫലം ലഭിക്കുന്നതില്‍ വലിയ കാലവിളംബം ഉണ്ടാകുന്നുണ്ട്. രോഗവ്യാപനം രൂക്ഷമായ തലസ്ഥാനത്ത് 5 ദിവസത്തിനുശേഷമാണ് ഫലം ലഭിക്കുന്നത്. മറ്റു ചില സ്ഥലങ്ങളില്‍ 10 ദിവസം വരെ വൈകുന്നു. ഇതു സമൂഹവ്യാപനത്തിനു വഴിയൊരുക്കുകയാണ്. ലാബുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതോടൊപ്പം നിലവിലുള്ളവയുടെ ശേഷിയും വര്‍ധിപ്പിക്കണം. 

വിലകുറഞ്ഞതും കാര്യക്ഷമവുമായ ആന്റിജന്‍ കിറ്റുകള്‍ വ്യാപകമായി  ലഭ്യമാക്കണം. കോവിഡും കടല്‍ക്ഷോഭവും ഒരുപോലെ ഒരുപോലെ തീരദേശവാസികളെ കടന്നാക്രമിക്കുകയാണ്. അവരെ സഹായിക്കാന്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകണം. സമൂഹവ്യാപന സൂചനകളെക്കുറിച്ച് പഠിക്കാന്‍ ജൂണ്‍ 9ന് എല്ലാ ജില്ലകളിലും നടത്തിയ ആന്റിബോഡി പരിശോധനയുടെ ഫലം ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതെക്കുറിച്ച് പലതരം പ്രചാരണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിജസ്ഥിതി വെളിപ്പെടുത്തണം.

Tags:    
News Summary - oommenchandy about private hospital covid therapy -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.