മുന്‍ മുഖ്യമന്ത്രി ശിക്ഷിക്കപ്പെട്ടത് കേരളത്തിന് അപമാനം –വി.എസ്

തിരുവനന്തപുരം: ബാംഗളൂര്‍ കോടതിവിധിയുടെ പേരില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കടന്നാക്രമിച്ച് വി.എസ്. അച്യുതാനന്ദന്‍. നിയമസഭയില്‍ ധനകാര്യബില്ലിന്മേലുള്ള ചര്‍ച്ചയിലാണ് ഉമ്മന്‍ ചാണ്ടിക്കും യു.ഡി.എഫ് സര്‍ക്കാറിലെ അഴിമതി ആരോപണവിധേയരായ മന്ത്രിമാര്‍ക്കുമെതിരെ വി.എസ് തിരിഞ്ഞത്. ഇതിനെതിരെ ക്രമപ്രശ്നവുമായി പ്രതിപക്ഷം രംഗത്തത്തെിയെങ്കിലും അദ്ദേഹം പ്രസംഗം തുടര്‍ന്നു.
മുന്‍ മുഖ്യമന്ത്രിയായിരുന്നയാള്‍ ശിക്ഷിക്കപ്പെട്ടത് കേരളത്തിന് അപമാനമാണെന്ന് വി.എസ് പറഞ്ഞു. മികച്ച മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിക്ക് യു.എന്‍ അവാര്‍ഡ് ലഭിച്ചിരുന്നു. ഇപ്പോള്‍ പണംതട്ടിച്ച വൃത്തികെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട ആദ്യ മുഖ്യമന്ത്രിയെന്ന പദവിയും  അദ്ദേഹത്തിനാണ്. തന്‍െറഭാഗം കോടതി കേട്ടില്ളെന്നാണ് വാദം. അദ്ദേഹത്തിന്‍െറ ഭാഗം കേള്‍ക്കുന്നത് തടസ്സപ്പെടുത്തിയിരുന്നില്ല. പ്രതി ഹാജരുണ്ടോയെന്ന് മൂന്നുതവണ കോടതി വിളിച്ചുചോദിച്ചിട്ടും സ്വന്തംഭാഗം പറയാതെ ഏത് മാളത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു?. കേസുകള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. ഇതൊരു ടെസ്റ്റ് ഡോസ് മാത്രമാണ്. സോളാര്‍ തന്നെ ഒത്തിരിയുണ്ട്. പാമോലിന്‍, ടൈറ്റാനിയം കേസുകളും. പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കാതിരുന്നതിന്‍െറ ഗുട്ടന്‍സ് ഇപ്പോഴാണ് പിടികിട്ടിയത്. ബാര്‍ കോഴക്കേസ് അട്ടിമറിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിജിലന്‍സ് ഡയറക്ടര്‍മാര്‍ ശ്രമിച്ചതിന്‍െറ രേഖകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. മുന്‍മന്ത്രി കെ. ബാബു വിജിലന്‍സ് കോടതിയിലാണ് പൊറുതി. കെ.എം. മാണിക്കെതിരായ അന്വേഷണവും തുടരുന്നു. പ്രതിപക്ഷനേതാവിനെ വട്ടമിട്ടും ചില കോഴയാരോപണങ്ങള്‍ പറക്കുന്നു. ഹരിപ്പാട് മെഡിക്കല്‍ കോളജിന്‍െറ ഉള്ളുകള്ളികള്‍ പുറത്തുവന്നാല്‍ കുഴയും. യു.ഡി.എഫ് നേതാക്കള്‍ കോഴക്കേസില്‍പെട്ട് കൊഴാകൊഴാ കൈയിട്ടടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വി.എസിന്‍െറ പ്രസംഗത്തിനെതിരെ കെ.സി. ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ക്രമപ്രശ്നം ഉന്നയിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ രേഖയില്‍നിന്ന് നീക്കണമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടയണമെന്നുമായിരുന്നു ആവശ്യം. രേഖകള്‍ പരിശോധിച്ച് പിന്നീട് തീരുമാനിക്കാമെന്നായിരുന്നു സ്പീക്കറുടെ നിലപാട്. വി.എസിന് മറുപടി നല്‍കിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, തന്‍െറയും മക്കളുടെയും പേരില്‍ ഒരു വിജിലന്‍സ് എഫ്.ഐ.ആറും ഇല്ളെന്ന് പറഞ്ഞു. വി.എസ് ദോഷൈകദൃക്കാണെന്നായിരുന്നു മാണിയുടെ കുറ്റപ്പെടുത്തല്‍. മകനെതിരായ കേസ് ഒഴിവാക്കിയ വിജിലന്‍സ് ഡയറക്ടര്‍ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി വി.എസ് ഉപകാരസ്മരണ കാട്ടി. മകനെതിരെ ഇനിയും പത്ത് കേസുകള്‍ കൂടിയുണ്ട്. അപ്പോഴും ഉപകാരസ്മരണ ഉണ്ടാകണം. ഉപകാരസ്മരണയും നന്ദിയും നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
 വി.എസിന്‍െറ പരാമര്‍ശത്തിന് മറുപടിപറഞ്ഞ സണ്ണി ജോസഫ്,  ഉമ്മന്‍ ചാണ്ടിയുടെ വാദംകേള്‍ക്കാതെയാണ് വിധി ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടി. കോടതിവിധി വന്നിട്ടും കോണ്‍ഗ്രസുകാര്‍ക്ക് പറയാനുള്ളത് സഭയില്‍ വന്നുപറയുന്നതല്ലാതെ വാര്‍ത്താസമ്മേളനം നടത്തി പറയാത്തതെന്തെന്നായിരുന്നു സി.കെ. നാണുവിന്‍െറ ചോദ്യം. സോളാര്‍ കേസില്‍ തങ്ങള്‍ പറഞ്ഞതൊക്കെ ശരിയായിരുന്നെന്നാണ് കോടതിവിധി തെളിയിക്കുന്നതെന്ന് പറഞ്ഞ എം.എം. മണി, കോടതി തന്‍െറ പിന്നാലെ വന്ന് വാദം കേള്‍ക്കണമെന്നാണ് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെടുന്നതെന്ന് പരിഹസിച്ചു.

Tags:    
News Summary - oommen chandy's punishment: shame to kerala-vs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.