സ്വർണക്കടത്ത്: രാഷ്ട്രീയ ബന്ധം പുറത്താവുന്നതോടെ സർക്കാറിന്‍റെ തകർച്ച സമ്പൂർണമാകും -ഉമ്മൻചാണ്ടി

കോട്ടയം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ കേന്ദ്ര അന്വേഷണ ഏജൻസി കുറ്റക്കാരനായി കണ്ട സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ ധാർമ്മികാവകാശം നഷ്ടപ്പെട്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. രാജ്യത്തെ ഞെട്ടിച്ച സ്വർണക്കടത്ത്, ഡോളർക്കടത്ത്, ഹവാല, ലൈഫ് മിഷൻ ഇടപാടുകളിലെ രാഷ്ട്രീയ ബന്ധം വൈകാതെ പുറത്തുവരും. അതോടെ സർക്കാറിന്‍റെ തകർച്ച സമ്പൂർണമാകുമെന്നും ഉമ്മൻ ചാണ്ടി പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്തിന്‍റെ സമ്പദ്ഘടനയെ തകർക്കുന്ന ഹവാല ഇടപാടിനും സ്വർണക്കടത്തിനും സർക്കാറിന്‍റെ സംരക്ഷണം ലഭിച്ചു. പാവപ്പെട്ടവരുടെ വീട് നിർമ്മിച്ചതിലും പ്രളയ ബാധിതരുടെ വീടുകൾ അറ്റകുറ്റപ്പണി ചെയ്യുന്നതിലും വരെ കമീഷൻ വാങ്ങി. ഇടപാടുകളിലെ ഭീകരബന്ധം അന്വേഷണത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ സർക്കാരുകളുടെയും കാലത്ത് സർക്കാർ ഉദ്യോഗസ്ഥർ കേസിൽപ്പെടുകയും അവർക്കെതിരെ നടപടി ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. പക്ഷേ, മുഖ്യമന്ത്രിയുടെ പ്രതി പുരുഷനായി അദ്ദേഹത്തിന്‍റെ ഓഫീസിന്‍റെ പൂർണ ചുമതല വഹിച്ച പ്രിൻസിപ്പൽ സെക്രട്ടറി തന്നെ അത്യന്തം ഗുരുതരമായ കേസിൽപ്പെടുന്നത് കേരളത്തിൽ ആദ്യമായാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Tags:    
News Summary - Oommen chandy want to Resign Kerala CM Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.