തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കാൻ നാലുദിവസം ശേഷിക്കെ സംസ്ഥാന സർക്കാർ 5,300 കോടി രൂപ കൂടി കടമെടുക്കും. ഏപ്രിൽ ആദ്യം ശമ്പള-പെൻഷൻ വിതരണം സുഗമമാക്കാൻ ട്രഷറിയിൽ പണം ഉറപ്പാക്കാൻ കൂടി ലക്ഷ്യമിട്ടാണ് കടമെടുപ്പ്. ബില്ലുകളുടെ കുത്തൊഴുക്ക് ധനവകുപ്പിലേക്കുണ്ടെങ്കിലും കടുത്തനിന്ത്രണം തുടരുകയാണ്. ഏപ്രിലിൽ വിഷുവിന് മുമ്പ് ക്ഷേമ പെൻഷൻ വിതരണം ചെയ്യേണ്ടി വരും. ഇവയെല്ലാം കൂടി ലക്ഷ്യമിട്ടാണ് വൻതുക കടമെടുത്തത്. രണ്ടു കടപ്പത്രങ്ങളാണ് സർക്കാർ പുറപ്പെടുവിച്ചത്. ആദ്യം 1037 കോടിയുടേതും തുടർന്ന് 4263 കോടിയുടേയും. രണ്ടിന്റെയും ലേലം ചൊവ്വാഴ്ച മുംബൈ റിസർവ് ബാങ്ക് ഓഫിസിൽ നടക്കും.
തൊട്ടടുത്ത ദിവസം സർക്കാറിന് പണം ലഭിക്കും. കടമെടുപ്പ് പരിധിയിൽ കേന്ദ്രം നിയന്ത്രണം കൊണ്ടു വന്നത് സർക്കാറിന് പ്രയാസം സൃഷ്ടിച്ചിരുന്നു. എന്നാൽ, വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങളുടെ പേരിൽ 4000 കോടി രൂപ അധികം കടമെടുക്കാൻ കേന്ദ്രം അനുവദിച്ചു. കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ പോയ സംസ്ഥാനത്തിന് ഇതു വലിയ ആശ്വസമായി. സർക്കാറിന്റെ വിവിധ സ്ഥാപനങ്ങൾ വഴിയും ട്രഷറിയിൽ കൂടുതൽ പണം ലഭ്യമാക്കാൻ ശ്രമിച്ചിരുന്നു.
അതേസമയം, വാർഷിക പദ്ധതി വിനിയോഗം ഇഴഞ്ഞു നീങ്ങുകയാണ്. 39,640.19 കോടിയുടെ മൊത്തം പദ്ധതിയിൽ ഇതുവരെ 71.13 ശതമാനം മാത്രമേ വിനിയോഗമുള്ളൂ. സംസ്ഥാന പദ്ധതിയുടെ 22,322 കോടിയിൽ 67.58 ശതമാനമാണ് ചെലവിട്ടത്. തദ്ദേശ സ്ഥാപനങ്ങളുടെ 8048 കോടിയിൽ 81.66 ശതമാനം ചെലവിടാനായി. കേന്ദ്ര സഹായ പദ്ധതികളുടെ 9270.19 കോടിയിൽ 70.52 ശതമാനം മാത്രമാണ് വിനിയോഗം. ശേഷിക്കുന്ന നാലു ദിവസംകൊണ്ട് വൻകുതിപ്പിന് സാധ്യതയില്ല.
പല വകുപ്പിലും വിനിയോഗം മെച്ചപ്പെട്ടിട്ടില്ല. കാർഷിക പദ്ധതികളിൽ 50 ശതമാനമാണ് വിനിയോഗം. ട്രഷറികളിൽ ബിൽ സമർപ്പിക്കുന്നതിന് സമയ പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. അവസാന സമയം ബില്ലുകൾ കൂട്ടത്തോടെ കൊണ്ടുവരുന്നതിനും നിയന്ത്രണമുണ്ട്. അതേസമയം, ബജറ്റ് വിഹിതം നഷ്ടപ്പെടാതെ എങ്ങനെയും അനുവദിച്ചെടുക്കാനുള്ള ശ്രമത്തിലാണ് വകുപ്പുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.