എ.ടി.എമ്മുകളില്‍ 2000 നോട്ടുകള്‍ മാത്രം; ചില്ലറക്കായി നെട്ടോട്ടം

കോട്ടയം: സംസ്ഥാനത്തെ ഭൂരിപക്ഷം എ.ടി.എമ്മുകളിലും 2000ത്തിന്‍െറ നോട്ടുകള്‍ മാത്രം നിറക്കുന്നത് സാധാരണക്കാരെ വലക്കുന്നു. 100, 50 രൂപയുടെ കറന്‍സി കിട്ടാനില്ലാത്തതും വലിയ നോട്ടുകള്‍ മാറ്റാനുള്ള ബുദ്ധിമുട്ടും നോട്ട് പ്രതിസന്ധി വീണ്ടും രൂക്ഷമാക്കുന്നു.

2000ത്തിന്‍െറ നോട്ട് മാറി നല്‍കാന്‍ കച്ചവടക്കാരും പെട്രോള്‍ പമ്പുകാരും തയാറാകുന്നില്ല. 500 രൂപയുടെ കറന്‍സി വിതരണം തുടങ്ങിയതായി റിസര്‍വ് ബാങ്ക് അറിയിച്ചെങ്കിലും പ്രധാന കേന്ദ്രങ്ങളിലെ ബാങ്കുകളിലൊന്നും ഇനിയും എത്തിയിട്ടില്ല. എ.ടിഎമ്മുകളില്‍ 500 രൂപയുടെ കറന്‍സി നിറക്കില്ളെന്നും വിതരണം ബാങ്കുകള്‍ വഴി മാത്രമാകുമെന്നുമുള്ള ആര്‍.ബി.ഐ അറിയിപ്പ് ജനത്തെ കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് തള്ളിവിടുകയാണെന്ന ആക്ഷേപവും ഉയര്‍ന്നു.

ഒരുദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച ബാങ്ക് തുറക്കും മുമ്പുതന്നെ പലയിടത്തും നീണ്ട ‘ക്യൂ’ പ്രത്യക്ഷപ്പെട്ടു. രാവിലെ ഏഴോടെ ക്യൂവില്‍ എത്തിയവരും നിരവധിയാണ്. എന്നാല്‍, പലര്‍ക്കും ബാങ്കില്‍നിന്ന് ലഭിച്ചത് 2000ത്തിന്‍െറ നോട്ടുകള്‍ മാത്രമാണ്. 100 രൂപയുടെ കറന്‍സി ലഭിച്ചവര്‍ പൂഴ്ത്തിയെന്ന സംശയവും ബലപ്പെട്ടു.

നിലവില്‍ ഒരിടത്തും 100-50 രൂപ നോട്ടുകള്‍ കാണാനില്ല. 100 രൂപ നോട്ടുകള്‍ വ്യാപകമായി പൂഴ്ത്തിവെക്കുന്നതായി ബാങ്ക് വൃത്തങ്ങളും ആരോപിച്ചു. കോടികളുടെ 100 രൂപ നോട്ടുകളാണ് കഴിഞ്ഞ എട്ടു ദിവസത്തിനിടെ വിതരണം ചെയ്തതെന്നും എന്നാല്‍, നോട്ടുകള്‍ കാണാനില്ളെന്നും ബാങ്ക് അധികൃതര്‍ പറയുന്നു. നോട്ട് പൂഴ്ത്തിവെക്കുന്നതായുള്ള സൂചനകളെ തുടര്‍ന്ന് ആദായനികുതി വകുപ്പും ഇതിനു കീഴിലെ ഇന്‍റലിജന്‍സ് വിഭാഗവും അന്വേഷണം ആരംഭിച്ചു.

അതിനിടെ സംസ്ഥാനത്തെ സഹ. ബാങ്കുകളിലെ നിക്ഷേപകരെ വലയിലാക്കാന്‍ ഷെഡ്യൂള്‍ഡ് ബാങ്കുകളും ന്യൂജന്‍ ബാങ്കുകളും പുതിയ നീക്കങ്ങളുമായി രംഗത്തത്തെി. സഹ. ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന അസാധുവാക്കിയ നോട്ടുകള്‍ മാറിക്കൊടുക്കാന്‍ ചില ന്യൂജന്‍ ബാങ്കുകള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഇതിനകം കോടികളുടെ അസാധു നോട്ടുകള്‍ നിക്ഷേപകരിലൂടെ ന്യൂജന്‍ ബാങ്കുകളിലേക്ക് മാറ്റിയതായും ആരോപണമുണ്ട്. നിലവിലെ നിക്ഷേപം ബാങ്കുകളിലേക്ക് മാറ്റുമ്പോള്‍ പുതിയ അക്കൗണ്ട് എടുപ്പിക്കുന്നതായി സഹ. ബാങ്ക് വൃത്തങ്ങള്‍ പറയുന്നു.

സഹ. ബാങ്കുകളിലെ ആയിരക്കണക്കിനു നിക്ഷേപങ്ങള്‍ ഇതിനകം ന്യൂജന്‍ ബാങ്കുകളിലേക്ക് മാറ്റിയതായാണ് വിവരം. സഹ. ബാങ്കുകളിലെ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ചില നിക്ഷേപകര്‍ക്ക് മാത്രമായി വഴിവിട്ട നടപടി അരങ്ങേറുന്നുണ്ടെന്നും ആരോപണം ശക്തമാണ്.

Tags:    
News Summary - only 2000 in atm, people run for change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.