കാലിക്കറ്റ് സർവകലാശാലയിൽ ഓൺലൈൻ രജിസ്ട്രേഷൻ ഫീസ് കുത്തനെ കൂട്ടി

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ അടുത്ത അധ്യയനവർഷം മുതൽ വിവിധ കോഴ്സുകളുടെ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഫീസ് കുത്തനെ കൂട്ടാൻ സിൻഡിക്കേറ്റ് തീരുമാനം. മറ്റ് സർവകലാശാലകളുടെ ഫീസുമായി ഏകീകരിക്കാനാണ് വർധനവെന്നാണ് കോഴ്സുകളുടെയും ഗവേഷണങ്ങളുടെയും സിൻഡിക്കേറ്റ് ഉപസമിതി ശിപാർശയിൽ പറഞ്ഞത്.

കുറച്ചുകാലമായി കാലിക്കറ്റിൽ വർധനവില്ലായിരുന്നെന്നാണ് സിൻഡിക്കേറ്റിന്‍റെയും നിലപാട്. പെൻഷൻ ഫണ്ട് ബാധ്യതയടക്കം സർവകലാശാലകൾ സ്വയം കണ്ടെത്തണമെന്ന സർക്കാർ നിർദേശത്തിന്‍റെ പശ്ചാത്തലത്തിൽ കൂടുതൽ ധനസമാഹരണമാണ് ലക്ഷ്യം. പ്രവേശനപരീക്ഷയില്ലാത്ത ബിരുദ കോഴ്സുകൾക്കും ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും 280 രൂപയായിരുന്നു ജനറൽ വിഭാഗത്തിൽ അപേക്ഷ ഫീസ്. 420 ആയി വർധിപ്പിക്കാനാണ് തീരുമാനം. പട്ടികജാതി-വർഗ വിഭാഗത്തിന് 115 രൂപയായിരുന്നത് 175 ആക്കി. എം.ബി.എക്ക് 555 രൂപയായിരുന്നു ജനറൽ വിഭാഗത്തിനുള്ള ഫീസ്. ഇനി 830 രൂപ കൊടുക്കണം.

പട്ടികജാതി-വർഗ വിഭാഗത്തിന്‍റേത് 187ൽനിന്ന് 280 ആയി ഉയർത്തി. ബി.എഡിന് യാഥാക്രമം 555ഉം 170ഉം ആയിരുന്ന അപേക്ഷഫീസ് 650ഉം 200ഉം രൂപയാക്കി. മറ്റ് വർധനവുകൾ (ജനറൽ, പട്ടികജാതി-വർഗം ക്രമത്തിൽ) - പ്രവേശന പരീക്ഷയുള്ള ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: 550, 240, ഓരോ അധിക കോഴ്സിനും 80 രൂപ വീതം. എം.ബി.എ- 830, 280. പ്രവേശനപരീക്ഷയില്ലാത്ത ഇന്‍റഗ്രേറ്റഡ് പി.ജി: 420, 175, പ്രവേശനപരീക്ഷയുള്ള ഇന്‍റഗ്രേറ്റഡ് പി.ജി: 550, 240, ഓരോ അധിക കോഴ്സിനും 80 രൂപ വീതം. എം.എഡ്, എൽഎൽ.എം: 750, 350.

Tags:    
News Summary - Online registration fee in Calicut University hiked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.