കോഴിക്കോട്: സംസ്ഥാനത്ത് എയ്ഡ്സ് രോഗികൾക്കുള്ള ധനസഹായം നിലച്ചിട്ട് ഒന്നര വർഷം. 2024 മാർച്ച് മുതലുള്ള ധനസഹായമാണ് കുടിശ്ശികയായത്. സർക്കാർ ഫണ്ട് അനുവദിക്കാത്തതിനാലാണ് ധനസഹായം മുടങ്ങുന്നതെന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാനത്ത് 10,400 പേർക്കാണ് പദ്ധതി ആനുകൂല്യം ലഭിക്കുന്നത്.
സമൂഹത്തിൽ ഒറ്റപ്പെട്ട് മറ്റുവരുമാന മാർഗങ്ങളൊന്നുമില്ലാതെ കഴിയുന്ന എച്ച്.ഐ.വി ബാധിതർക്ക് എ.ആർ.ടി (ആന്റിറിട്രീവൽ തെറപ്പി) അടക്കം ചികിത്സക്കാവശ്യമായ ചെലവിലേക്ക് സഹായം എന്ന നിലക്കാണ് ഒരാൾക്ക് മാസം1000 രൂപ വീതം നൽകുന്നത്. എച്ച്.ഐ.വി ബാധിതരിൽ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനും രോഗം മൂർച്ഛിക്കാതിരിക്കാനുമുള്ള എ.ആർ.ടി ചികിത്സ അടക്കമുള്ളവയിൽനിന്ന് രോഗികൾ പിന്തിരിയാതിരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് 2012ൽ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് സഹായധനം വിതരണം ആരംഭിച്ചത്. എ.ആർ.ടിസെന്ററുകൾ വഴിയാണ് എച്ച്.ഐ.വി ബാധിതർ ധനസഹായത്തിന് അപേക്ഷിക്കുന്നത്.
കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ പേർക്ക് സഹായം ലഭിക്കുന്നത്. 2024 മാർച്ച് മുതലുള്ള അപേക്ഷകളും കെട്ടിക്കിടക്കുകയാണ്. കൃത്യമായ ഇടവേളകളിൽ പണം ലഭിക്കുന്നത് പുറത്ത് ജോലിക്കുപോവാൻ കഴിയാത്ത എച്ച്. ഐ.വി ബാധിതർക്ക് ഏറെ ആശ്വാസമായിരുന്നു.
എന്നാൽ, കുടിശ്ശിക കാലാവധി കൂടിയതോടെ എ.ആർ.ടി സെന്ററുകളിലേക്കും മറ്റും പോവുന്നതിനുള്ള ബസ് ചാർജ് പോലും ഇല്ലാതെ പ്രയാസപ്പെടുകയാണ് തങ്ങളെന്ന് രോഗികളിൽ ഒരാൾ പറഞ്ഞു. എ.ആർ.ടി സെന്ററുകളിൽനിന്ന് മരുന്നും ജില്ല പഞ്ചായത്ത് വക പോഷകാഹാരവും എച്ച്.ഐ.വി ബാധിതർക്ക് ലഭിക്കും.
ഇവിടങ്ങളിലെത്താനുള്ള പണത്തിന് മറ്റുള്ളവരുടെ മുന്നിൽ യാചിക്കേണ്ട അവസ്ഥയിലാണ് ഭൂരിഭാഗം എച്ച്.ഐ.വി ബാധിതരും. ചിലർ പണമില്ലാതെ എ.ആർ.ടി സെന്ററുകളിൽ എത്താനും വിമുഖത കാണിക്കുന്നു. ഇത്തരത്തിൽ എ.ആർ.ടി ചികിത്സ പാതിവഴിയിൽ നിർത്തുന്നത് രോഗിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമാക്കാനും രോഗവ്യാപന സാധ്യത വർധിക്കാനും ഇടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.