മലപ്പുറം: പൂക്കോയ തങ്ങളും മുഹമ്മദലി ശിഹാബ് തങ്ങളും നയിച്ച നേതൃവഴിയിൽ നാടിനാകെ തണലേകി നിന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഓർമയായിട്ട് തിങ്കളാഴ്ച ഒരു വർഷം.‘ആറ്റപ്പൂ’ എന്നറിയപ്പെട്ട ഹൈദരലി തങ്ങൾ മുസ്‌ലിംലീഗിനെ സാമുദായിക ഐക്യത്തിന്റെ പ്രതീകമാക്കി മാറ്റിയ നേതാവായിരുന്നു. മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് സാക്ഷിയാവാൻ ഹൈദരലി തങ്ങളില്ലെന്ന വേദനയിലാണ് പ്രവർത്തകരെല്ലാം.
ഒരു വ്യാഴവട്ടക്കാലം ലീഗിനെ നയിക്കാൻ അദ്ദേഹത്തിനായി. അറബ് മാസപ്രകാരം കഴിഞ്ഞ മാസം 23 നാണ് ഹൈദരലി ശിഹാബ് തങ്ങൾ വിട വാങ്ങിയിട്ട് ഒരാണ്ട് തികഞ്ഞത്. അന്നേ ദിവസം നിരവധിപേർ ഖബറിടം സന്ദർശിച്ച് പ്രാർഥന നടത്തിയിരുന്നു. നിർണായക ഘട്ടങ്ങളിലൂടെ കടന്നുപോയ 12 വർഷക്കാലം ഹൈദരലി തങ്ങളുടെ നേതൃസ്ഥാനം ലീഗിന് വലിയ ആശ്വാസമായിരുന്നു.
ജ്യേഷ്ഠൻ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെത്തുടർന്ന് 2009 ആഗസ്റ്റിലാണ് അദ്ദേഹം സംസ്ഥാന അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. ഉന്നതാധികാരസമിതി അംഗം, രാഷ്ട്രീയകാര്യസമിതി ചെയർമാൻ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്‍റ്, സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്‍റ് തുടങ്ങിയ പദവികളും വഹിച്ചിരുന്നു. മതസൗഹാർദത്തിന്‍റെയും സ്നേഹത്തിന്‍റെയും വഴിയിലൂടെ സംഘടനയെ നയിക്കാൻ അദ്ദേഹത്തിനായി. പ്രതിസന്ധികളിൽ സമവായ നിലപാടെടുക്കാൻ കഴിഞ്ഞു.
ആയിരത്തിലേറെ മഹല്ലുകളുടെ ഖാദിയായിരുന്നു. കൂടാതെ പട്ടിക്കാട് ജാമിഅ നൂരിയ, ചെമ്മാട് ദുറുൽഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, പൊന്നാനി മൗനത്തുൽ ഇസ്‌ലാം കോളജ് തുടങ്ങി ഒട്ടേറേ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരത്തുമുണ്ടായിരുന്നു.ഹൈദരലി തങ്ങളുടെ ഓർമകൾ പങ്കുവെക്കാൻ ഞായറാഴ്ച കോഴിക്കോട് സി.എച്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിന് പുറമെ മറ്റ് ജില്ലകളിലും വരും ദിവസങ്ങളിൽ അനുസ്മരണ പരിപാടികൾ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.