ഒരാള്‍ക്ക് കൂടി നിപ; സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനാണ് രോഗം

കോഴിക്കോട്/തിരുവനന്തപുരം: കോഴിക്കോട്ട് ഒരാള്‍ക്കുകൂടി നിപ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ 24കാരനായ ആരോഗ്യ പ്രവര്‍ത്തകനാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതോടെ ജില്ലയിൽ നിപ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. ഇതിൽ മൂന്നുപേർ ചികിത്സയിലാണ്.

നേരത്തെ മരിച്ച രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 30ന് മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദലിയുടെ സമ്പർക്ക പട്ടികയിലുള്ളയാളാണ് പതുതായി രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകൻ. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

രണ്ട് ആരോഗ്യപ്രവർത്തകരുൾപ്പെടെ രോഗലക്ഷണങ്ങളുള്ള 13 പേരുടെ സ്രവം കൂടി പുണെ വൈറോളജി ലാബിലേക്ക് പരിശോധനക്കയച്ചതിൽപെട്ടതാണ് രോഗം സ്ഥിരീകരിച്ചയാൾ. ഇതുവരെ 18 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്.

ചികിത്സയിലുള്ളവരുടെ ലക്ഷണങ്ങൾ ഗുരുതരമല്ല. നേരത്തെ പരിശോധനക്കയച്ച രണ്ടു സാമ്പിളുകളുടെ ഫലം നെഗറ്റിവാണ്. രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 20 ആയി. 13 പേർ കോഴിക്കോട് മെഡിക്കൽ കോളജിലും ഏഴുപേർ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. മരുതോങ്കരയിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന മൂന്നു പേർക്ക് പനിയുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം, ജില്ലയിൽ നാലു പേർക്ക് നിപ സ്ഥിരീകരിക്കുകയും രണ്ടുപേർ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ രോഗലക്ഷണങ്ങളുള്ള 13 പേരുടെ സ്രവം കൂടി പുണെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചു. ഇവരിൽ രണ്ട് ആരോഗ്യ പ്രവർത്തകരുമുണ്ട്. ഇവരുടെ ലക്ഷണങ്ങൾ ഗുരുതരമല്ല. നേരത്തെ പരിശോധനക്കയച്ച രണ്ടു സാമ്പിളുകളുടെ ഫലം നെഗറ്റിവാണ്.

മരിച്ചവരുടെയും രോഗം സ്ഥിരീകരിച്ചവരുടെയും സമ്പർക്ക പട്ടിക 789 ആയി വിപുലീകരിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധം പുലർത്തിയ 77 പേരെ ഹൈ റിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുത്തി പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ സമ്പർക്കപ്പട്ടിക ഇനിയും നീളും. നിപ സ്ഥിരീകരിക്കപ്പെട്ടവരുടെ റൂട്ട് മാപ്പും ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചു.

രോഗപ്രതിരോധത്തിന് ജില്ലയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 10 ദിവസത്തേക്ക് ജില്ലയിലെ പൊതു പരിപാടികൾ നിർത്തിവെക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിമാരുടെ യോഗത്തിൽ തീരുമാനിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നും നിർദേശമുണ്ട്.

അതിനിടെ, സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് ചെന്നൈയിൽനിന്ന് രണ്ടംഗ എപ്പിഡമോളജി വിദഗ്ധ സംഘം കോഴിക്കോട്ട് എത്തി. നിപ പരിശോധനക്കായി പുണെ വൈറോളജി ലാബിന്‍റെ മൊബൈൽ യൂനിറ്റ് വ്യാഴാഴ്ച എത്തുമെന്നാണ് പ്രതീക്ഷ. പ്രദേശത്ത് ദേശീയ തലത്തിലുള്ള വിദഗ്ധ സംഘത്തിന്‍റെ നേതൃത്വത്തിലുള്ള വവ്വാൽ സർവേ വ്യാഴാഴ്ച നടക്കും. ബുധനാഴ്ച മൃഗസംരക്ഷണ വകുപ്പിന്‍റെയും വനം വകുപ്പിന്‍റെയും സംയുക്താഭിമുഖ്യത്തിൽ 313 വീടുകളിൽ വവ്വാൽ സർവേ നടത്തി. ആരോഗ്യ വകുപ്പും മരിച്ചവരുടെ വീടുകളിൽ അടക്കം പരിശോധന നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.

സ്വകാര്യ ആശുപത്രികളുടെ യോഗം വിളിച്ചതായി ജില്ല കലക്ടർ അറിയിച്ചു. അത്യാഹിത വിഭാഗത്തിൽ അടക്കം വരുന്ന ന്യൂറോ സംബന്ധമായ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി. രോഗികളെ ലക്ഷണത്തിന് അനുസരിച്ച് എ, ബി, സി എന്നീ കാറ്റഗറിയായി തിരിച്ചാണ് നിരീക്ഷിക്കുന്നത്. നിപ സ്ഥിരീകരിക്കപ്പെട്ട മരുതോങ്കര, ആയഞ്ചേരി പഞ്ചായത്തുകളിലും സമീപ പ്രദേശങ്ങളിലും നിയന്ത്രണം കർശനമാക്കി. കൂടുതൽ പ്രദേശങ്ങൾ കണ്ടെയ്ൻമെന്‍റ് സോണിൽ ഉൾപ്പെടുത്തി. പ്രദേശത്തേക്കുള്ള ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുകയാണ്. കണ്ടെയ്ൻമെന്‍റ് പ്രദേശങ്ങളിൽ കടകൾ അടഞ്ഞുകിടന്നു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് പ്രവർത്തിച്ചത്.

ആഗസ്റ്റ് 30ന് മരിച്ച മരുതോങ്കര കള്ളാട്ട് മുഹമ്മദലിക്കും കഴിഞ്ഞ തിങ്കളാഴ്ച മരിച്ച ആയഞ്ചേരി മംഗലാട് സ്വദേശി ഹാരിസിനും നിപ സ്ഥിരീകരിച്ചിരുന്നു. മുഹമ്മദലിയുടെ ഒമ്പതു വയസ്സുകാരനായ മകൻ, 25കാരനായ ഭാര്യാ സഹോദരൻ എന്നിവരും നിപ ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ മന്ത്രിമാരായ മുഹമ്മദ് റിയാസ്, വീണ ജോർജ്, ജില്ലയിലെ മറ്റ് മന്ത്രിമാർ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന്​ സ്ഥിതിഗതികൾ വിലയിരുത്തും. 

Tags:    
News Summary - One more person has been diagnosed with Nipah virus in Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.