തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റ് തീരം വിട്ടതോടെ കടലടങ്ങിയെങ്കിലും കാത്തിരിപ്പിനും ആധിക്കും അറുതിയില്ല. ചുഴലിക്കാറ്റിൽ കടലിൽ കുടുങ്ങിയ 544 പേരെ തിങ്കളാഴ്ച രക്ഷപ്പെടുത്തിയെന്ന് വിവരം ലഭിെച്ചങ്കിലും ഇനിയും 91 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് സർക്കാർ കണക്ക്. തിങ്കളാഴ്ച വൈകുന്നേരത്തോടെ 512 മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് ഗുജറാത്തിലെ വെരാവലില്‍ എത്തിച്ചതായാണ് സര്‍ക്കാറിന് വിവരം ലഭിച്ചത്. ഇവരിൽ ഒരു മലയാളിയുമുണ്ട്.
ഇതിനിടെ മൂന്ന് ബോട്ടുകളിലായി 32 തൊഴിലാളികളെയും തീരത്തെത്തിച്ചിട്ടുണ്ട്. വിഴിഞ്ഞം, പൊഴിയൂര്‍, വലിയതുറ സ്വദേശികളായ 11 പേരെ നാവികസേനയാണ് കൊച്ചിയിലെത്തിച്ചത്. കുളച്ചലില്‍നിന്ന് പോയ 12 തൊഴിലാളികളെ പൊന്നാനി ഹാര്‍ബറില്‍ എത്തിച്ചു. കുളച്ചലിലേക്ക് പോകുന്നതിനിടെ ഗോവ തീരത്തുനിന്ന് കോസ്റ്റ് ഗാർഡാണ് ഇവരെ രക്ഷിച്ചത്. വിഴിഞ്ഞം സ്വദേശികൾ ഉൾപ്പെടെ ഏഴ് മലയാളികൾ ഉണ്ടെന്നാണ് വിവരം. ഒമ്പത് തൊഴിലാളികളുമായി ഐലന്‍ഡ് ക്യൂന്‍ എന്ന ബോട്ട് കവരത്തിയിലെത്തിയതായി കോസ്റ്റ് ഗാർഡിന് സേന്ദശം ലഭിച്ചിട്ടുണ്ട്. രണ്ടാഴ്ചമുമ്പ് കൊച്ചിയില്‍നിന്ന് പോയ ബോട്ടാണെന്നാണ് വിവരം. ഇതിനിടെ നാല് മൃതദേഹങ്ങൾകൂടി തിങ്കളാഴ്ച തിരിച്ചറിഞ്ഞു.
തിരുവനന്തപുരം പൂന്തുറ സ്വദേശികളായ ആരോഗ്യദാസ്, ലാസർ, വിഴിഞ്ഞം സ്വദേശി വിക്ടർ, വലിയതുറ സ്വദേശി ഇൗപ്പച്ചൻ, കന്യാകുമാരി സ്വദേശി സൂസ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. തീരദേശവാസികളുടെ പ്രതിഷേധം തുടരുന്നതിനിടെ കേന്ദ്രപ്രതിരോധമന്ത്രി നിർമല സീതാരാമൻ വിഴിഞ്ഞം, പൂന്തുറ എന്നിവിടങ്ങൾ സന്ദർശിച്ചു. മത്സ്യത്തൊഴിലാളികളെ മുഴുവനും തീരത്തെത്തിക്കുന്നതുവരെ രക്ഷാപ്രവർത്തനം ശക്തമായി തുടരുമെന്ന് അവർ ഉറപ്പുനൽകി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ദുരിതനിവാരണത്തിന് കേരളത്തിന് എല്ലാ സഹായവും നൽകുമെന്നും അവർ വ്യക്തമാക്കി. ഒാഖി ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ജില്ല കലക്ടർമാരുമായി വിഡിയോ കോൺഫറൻസിങ് നടത്തി. ചുഴലിക്കാറ്റുമൂലം നാശനഷ്ടമുണ്ടായവര്‍ക്കുള്ള സഹായം വേഗത്തില്‍ ലഭ്യമാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് 11 പേരുടെയും കൊല്ലത്ത് ഒരാളുടെയും മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്. മൃതദേഹങ്ങളുടെ ഡി.എന്‍.എ, വിരലടയാള പരിശോധന നടപടികള്‍ രാജീവ് ഗാന്ധി സെൻറര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടത്തും. 41 പേര് ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ട്. ചുഴലിക്കാറ്റ് ദുരന്തത്തിൽ 25.78 കോടിയുടെ നഷ്ടമാണ് റവന്യൂ വകുപ്പ് കണക്കാക്കിയത്. 74 വീടുകള്‍ പൂര്‍ണമായും 1,122 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 1231.73 ഹെക്ടറിലെ കൃഷി നശിച്ചു. 34 ദുരിതാശ്വാസക്യാമ്പുകളിലായി 1445 പേര് ഇപ്പോഴും കഴിയുന്നുണ്ട്. അതേസമയം തീരത്തെ ദുരിതബാധിതമേഖലയിലെത്തിയ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ജെ. മേഴ്സിക്കുട്ടിയമ്മക്കുമെതിെര ഇന്നലെയും പ്രതിഷേധമുണ്ടായി. വി.എസ്. അച്യുതാനന്ദൻ തിങ്കളാഴ്ച തീരം സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.