ഒാഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ അകപ്പെട്ട 81 പേെര സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നും ലക്ഷദ്വീപിൽനിന്നുമായി രക്ഷപ്പെടുത്തി കരക്കെത്തിച്ചു. കോഴിക്കോട് 30 പേരെയും കൊല്ലത്ത് 13 പേരെയും ലക്ഷദ്വീപിലെ കൽപേനി ദ്വീപിനടുത്ത് എട്ട് പേരെയും കൊച്ചിയിൽ 30 പേരെയുമാണ് രക്ഷപ്പെടുത്തിയത്.
കോഴിക്കോട്ട് 30 പേരെ രക്ഷപ്പെടുത്തി, 630 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കോഴിക്കോട്: മത്സ്യബന്ധനത്തിന് പോയ 30 പേരെ കോഴിക്കോട്ട് കോസ്റ്റ്ഗാർഡും ഫിഷറീസ് റെസ്ക്യൂ ഗാർഡും ചേർന്ന് രക്ഷപ്പെടുത്തി. കടൽക്ഷോഭത്തിൽ കോഴിേക്കാട് ജില്ലയിൽ 630 പേർ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. രണ്ട് ബോട്ടുകളിലും ഒരു തോണിയിലുമായി മത്സ്യബന്ധനത്തിന് പോയ 30 പേരെയാണ് കോസ്റ്റ്ഗാർഡും ഫിഷറീസ് റെസ്ക്യൂ ഗാർഡും ചേർന്ന് രക്ഷപ്പെടുത്തിയത്. ആലപ്പുഴയിൽനിന്നുള്ള അഞ്ചുപേരെയും ബേപ്പൂരിൽനിന്ന് കടലിൽപോയ 25 പേരെയുമാണ് ഞായറാഴ്ച വൈകീട്ടോടെ ബേപ്പൂർ തുറമുഖത്തെത്തിച്ചത്. നിലവിൽ ബേപ്പൂരിൽനിന്നു മത്സ്യബന്ധനത്തിനു പോയി മറ്റു സംസ്ഥാനങ്ങളിൽ എത്തിപ്പെട്ട എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ശനിയാഴ്ച വൈകീട്ടുണ്ടായ കടൽക്ഷോഭത്തെ തുടർന്ന് ജില്ലയിലെ വിവിധ തീരദേശങ്ങളിലെ നിവാസികളായ 630 പേരെ ജില്ല ഭരണകൂടം മാറ്റിപ്പാർപ്പിച്ചു. വടകര താഴേ അങ്ങാടി, ചോറോട്, അഴിയൂർ, കടലുണ്ടി, പുതിയങ്ങാടി ശാന്തിനഗർ കോളനി എന്നിവിടങ്ങളിലുള്ളവരെയാണ് മാറ്റിപ്പാർപ്പിച്ചത്. പത്തോളം ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ തുറന്നത്. ആലപ്പുഴ തീരത്തെ ചെട്ടികാടുനിന്ന് മത്സ്യബന്ധനത്തിന് പോയ ചേന്നംവേലി സ്വദേശി സിബിച്ചൻ തിരുവിഴ, കാട്ടൂർ സ്വദേശി ജോയി പുന്നക്കൽ, ചെട്ടികാട് സ്വദേശികളായ യേശുദാസ് അരയശ്ശേരി, ഷാജി മംഗലം, തുമ്പോളി സ്വദേശി ജോസഫ് ആറാട്ടുകുളങ്ങര എന്നിവരെയാണ് കോസ്റ്റ് ഗാർഡ് രക്ഷിച്ച് ബേപ്പൂരിൽ എത്തിച്ചത്.
കൊച്ചിയിൽ 30 പേരെ തിരിച്ചെത്തിച്ചു പള്ളുരുത്തി/വൈപ്പിൻ: നാലുദിവസമായി കടലിൽ അകപ്പെട്ട 30 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കൊച്ചിയിൽ എത്തിച്ചു. കോസ്റ്റ്ഗാർഡും പൊലീസും രക്ഷാപ്രവർത്തകരായ മത്സ്യത്തൊഴിലാളികളും ചേർന്ന് ചെല്ലാനം ഹാർബറിലും മുനമ്പം തീരത്തുമായാണ് ഇവരെ ഞായറാഴ്ച എത്തിച്ചത്. തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് പുറപ്പെട്ട ബൈബിൾ, ആരോഗ്യമാത ബോട്ടുകളും ഇതിലെ 19 തൊഴിലാളികളെയുമാണ് ചെല്ലാനത്ത് എത്തിച്ചത്. തമിഴ്നാട് തേങ്ങാപട്ടണത്ത് നിന്നുള്ള അരുൾദാസ് (32), ബർജിൻ (40), സുഷോയ് (65), ലൂർദ്ദ ദാസ് (58), ജെറാൾഡ് (58), തദേവൂസ് (45), ജോസഫ് (45), സാജൻ (20), ജോർജ് (21), തജൻസ് (55), വികാസ്(25), ബാലമുരുകൻ (24), സെൽവരാജ്, സേവ്യർ, അനിൽകുമാർ, സജിൻ എന്നിവരെയും അസം സ്വദേശികളായ മൂന്ന് പേരെയുമാണ് രക്ഷപ്പെടുത്തിയത്. തുത്തൂർ, നാഗപട്ടണം, കന്യാകുമാരി സ്വദേശികളാണ് മറ്റുള്ളവർ.
കോസ്റ്റല്‍ പൊലീസിെൻറ നേതൃത്വത്തില്‍ ഞായറാഴ്ച ഉച്ചക്ക് 2.30ഒാടെ ആറ് തൂത്തുക്കുടി സ്വദേശികളും അഞ്ച് അസം സ്വദേശികളുമടങ്ങിയ സംഘത്തെയാണ് മുനമ്പം ഫിഷിങ് ഹാര്‍ബറില്‍ എത്തിച്ചത്. കുളച്ചല്‍ സ്വദേശി ജിജിന് നീറോടിയുടെ ‘സെൻറ് ആൻറണി’ എന്ന ചൂണ്ട ബോട്ടിലെ ജീവനക്കാരായ കന്യാകുമാരി പൂത്തുറ സ്വദേശി സൂസൈയ അരുണ്‍ (58), തൂത്തുക്കുടി സ്വദേശികളായ ചാലി ബെംഗ്ലൂസ് (57), ഗില്‍സന്‍ (22), ബോട്ടിെൻറ സ്രാങ്ക് സൗജിന്‍ (32), ശ്യാംജിത്ത് (26) അസം സ്വദേശികളായ സോളസ് (24), നില്‍മല്‍ (25), എലക്കി ഏശൈ (37), ജഗന് (48) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
കൊല്ലത്ത് 13 പേരെ കരക്കെത്തിച്ചു കൊല്ലം: എൻജിൻ തകരാറായി ഉൾക്കടലിൽ കുടുങ്ങിയ ബോട്ടിലെ തമിഴ്നാട് സ്വദേശികളായ 13 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ശക്തികുളങ്ങര ഹാർബറിലെത്തിച്ചു. പുറംകടലിൽ കിടക്കുകയായിരുന്ന ബോട്ട് ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണ് തിരച്ചിൽ നടത്തുന്ന നാവികസേന കണ്ടെത്തിയത്. തമിഴ്നാട് നീരോടി സ്വദേശികളായ ബിജിൻ (23), വനീഷ് (21), ജോൺപോൾ (31), സാജൻ (22), സൂസൈപാക്യം (52), ജെറി ബോയി (40), ശെൽവരാജ് (24), ആൻറണി സേവ്യർ (24), പള്ളിവിള സ്വദേശി ആൻറണി (31), മാർത്താണ്ഡം സ്വദേശി അന്തോണിയ (പിച്ച-35), കൊല്ലങ്കോട് പൊഴിയൂർ സ്വദേശി സേവ്യർ (52), കൊല്ലങ്കോടിലെ ഫ്രാഞ്ചി (65), മാർത്താണ്ഡം സുനിൽകുമാർ (21) എന്നിവരെയാണ് കരക്കെത്തിച്ചത്.
ലക്ഷദ്വീപിൽ എട്ട് പേരെ രക്ഷപ്പെടുത്തി കൊച്ചി: കൽപേനി ദ്വീപിനടുത്ത് തകർന്നടിഞ്ഞ ബോട്ടിൽനിന്ന് എട്ട് പേരെ കരക്കെത്തിച്ചു. അബോധാവസ്ഥയിലായിരുന്ന എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്. കേരള രജിസ്ട്രേഷനിലുള്ള ബോട്ടിൽ 11 പേരാണുണ്ടായിരുന്നത്. ഒരാൾ മരിച്ചു. രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ചയാണ് ബോട്ട് തകർന്നത്. തകർന്ന ബോട്ട് വലകൾകൊണ്ട് കെട്ടിഉറപ്പിച്ച് തൊഴിലാളികൾ ദ്വീപിനു സമീപത്തെ ചെറിയ തുരുത്തിലേക്ക് നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട് ആളുകൾ രക്ഷപ്പെടുത്തുകയായിരുന്നു.
മഹാരാഷ്ട്രയിൽനിന്ന് 19 ബോട്ടുകള്‍ മടങ്ങി; 28 ബോട്ടുകൾ കൂടി തീരമണഞ്ഞു മുംബൈ: ഒാഖി ചുഴലിക്കാറ്റിൽപെട്ട 28 ബോട്ടുകൾകൂടി മഹാരാഷ്ട്രയിലെത്തി. ഇതിൽ 321 മത്സ്യത്തൊഴിലാളികളുണ്ടെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. കേരളം മൂന്ന്, തമിഴ്നാട് 23, കർണാടക രണ്ട് എന്നിങ്ങനെയാണ് ഞായറാഴ്ച എത്തിയ ബോട്ടുകളുടെ എണ്ണം. ഇവർ രത്നഗിരിയിലെ മിരിയ ബന്ദറിലാണുള്ളത്. എല്ലാവരും സുരക്ഷിതരാണെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ സർക്കാർ ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടെന്നും ഫഡ്നാവിസ് പറഞ്ഞു.
അതിനിടെ, സിന്ധുദുര്‍ഗിലെ മാല്‍വണ്‍, ദേവ്ഗഡ് തുറമുഖങ്ങളില്‍ അഭയം തേടിയവയിൽ 19 ബോട്ടുകള്‍ നാട്ടിലേക്ക് തിരിച്ചു. ശനിയാഴ്ച രാത്രിയും ഞായറാഴ്ചയുമായാണ് കേരളത്തില്‍ നിന്നുള്ള ബോട്ടുകൾ മടങ്ങിയത്. ഇൗ ബോട്ടുകളിലുള്ളവരിൽ ഭൂരിഭാഗം ഇതരസംസ്ഥാനക്കാരായ തൊഴിലാളികളാണ്. ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ബുധനാഴ്ചവരെ കടലില്‍ ഇറങ്ങരുതെന്ന് ശേഷിച്ചവരോട് തീരദേശസേന നിർദേശിച്ചു. 68 ബോട്ടുകളാണ് സിന്ധ്ദുര്‍ഗിലെ തുറമുഖങ്ങളില്‍ എത്തിയിരുന്നത്.
1000 ഓളം പേരാണ് ബോട്ടുകളിലുള്ളത്. ഒരു മാസത്തോളം കടലില്‍ തങ്ങുന്നവരാണിവർ. ആഴ്ചകള്‍ക്കു മുമ്പെ പുറംകടലില്‍ എത്തിയ ഇവരില്‍ പലരുടെയും ഭക്ഷ്യവസ്തുക്കളും പാചക എണ്ണയും ഇന്ധനവും തീര്‍ന്നു. ഭക്ഷ്യവസ്തുക്കളടക്കം തുറമുഖ അധികൃതര്‍ നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിെൻറ നിര്‍ദേശ പ്രകാരം സിന്ധ്ദുര്‍ഗ് ജില്ല അസി. കലക്ടര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. കേരളത്തിലെ ബോട്ടുകളിൽ 50 എണ്ണം ബേപ്പൂരില്‍നിന്നും 15 എണ്ണം മുനമ്പത്തുനിന്നുമാണെന്നാണ് വിവരം. ആയിരത്തോളം പേരാണ് ബോട്ടുകളിലുള്ളത്. ഇവരില്‍ നൂറോളം പേര് മലയാളികളാണ്. ശേഷിച്ചവര്‍ തമിഴ്നാട്, പശ്ചിമ ബംഗാള്‍ സംസ്ഥാനക്കാരാണ്.
ദേവ്ഗഡിലേക്ക് പ്രത്യേകസംഘം തിരുവനന്തപുരം: ചുഴലിക്കാറ്റ് അപകടത്തിൽ രക്ഷപ്പെട്ട് മഹാരാഷ്ട്രയിലെ ദേവ്ഗഡ് തുറമുഖത്ത് എത്തിയ മലയാളികൾക്ക് സഹായം നൽകാനും അവരെ തിരിച്ചുകൊണ്ടുവരാനുള്ള നടപടി എടുക്കാനും പ്രത്യേകസംഘത്തെ സർക്കാർ നിയോഗിച്ചു. ക്രൈംബ്രാഞ്ച് എസ്.പി ഡോ. ശ്രീനിവാസിെൻറ നേതൃത്വത്തിലുള്ള സംഘം ദേവ്ഗഡിലേക്ക് തിരിച്ചു.
കന്യാകുമാരിയിൽ തിരിച്ചെത്താനുള്ളത് 97 മത്സ്യത്തൊഴിലാളികൾ
നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ഓഖി കൊടുങ്കാറ്റിൽപെട്ട് 33 പാരമ്പര്യ ബോട്ടുകളിൽ മത്സ്യബന്ധനത്തിനുപോയ 97 മത്സ്യത്തൊഴിലാളികൾ തിരിച്ചെത്താനുണ്ടെന്നും തിരച്ചിൽ തുടരുകയാണെന്നും തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 182 യന്ത്രവൽകൃത ബോട്ടുകളിൽ പോയ 945 പേർ വിവിധ സംസ്ഥാനങ്ങളിൽ സുരക്ഷിതരാണ്. ഇവരെ തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുകഴിഞ്ഞു. കന്യാകുമാരി ജില്ലയിലുള്ള 44 മത്സ്യ ബന്ധന ഗ്രാമങ്ങളിൽനിന്ന് കടലിൽ പോയവരെക്കുറിച്ച കണക്കുകൾ ശേഖരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൊടുങ്കാറ്റ് കാരണം ദുരിതത്തിലായ കർഷകർക്കും വീടുകൾ നഷ്ടപ്പെട്ടവർക്കും കലക്ടറുടെ റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് സഹായം ഉറപ്പാക്കും. കൊടുങ്കാറ്റ് കാരണം മരണപ്പെട്ടവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ധനസഹായം വിതരണം ചെയ്തു. ഉപമുഖ്യമന്ത്രി തടിക്കാരകോണം ശുചീന്ദ്രം ദർശനം കോപ്പ് ഇറച്ചകുളം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
കൃഷിനാശം: നഷ്ടപരിഹാരം നൽകാൻ നിർദേശം
കൊച്ചി: ചുഴലിക്കാറ്റും പേമാരിയും മൂലം നാശമുണ്ടായ കർഷകർക്ക് ധനസഹായം ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്ക് കൃഷി മന്ത്രിയുടെ നിർദേശം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, പത്തനംതിട്ട ജില്ലകളിലാണ് കാര്യമായ കൃഷിനാശം സംഭവിച്ചത്. ഏകദേശം730 ഹെക്ടർ സ്ഥലത്തെ കൃഷി പൂർണമായും നശിച്ചതായും 10 കോടിയിലേറെ രൂപയുടെ നഷ്ടം ഉണ്ടായതായുമാണ് പ്രാഥമിക കണക്ക്. രണ്ടായിരത്തിലേറെ കർഷകർക്ക് കാര്യമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. വിശദവിവരം ശേഖരിച്ചു കൃത്യമായ നഷ്ടം കണക്കാക്കി കർഷകർക്ക് ധനസഹായം ലഭ്യമാക്കണമെന്ന് മന്ത്രി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.