ഒാഖി ചുഴലിക്കാറ്റ്​: ലക്ഷദ്വീപിൽ വ്യാപക നാശം

കൊച്ചി: ഒാഖി ചുഴലി മിനിക്കോയ്, കൽപേനി ദ്വീപുകളിൽ വ്യാപകനാശം വിതച്ചു. നങ്കൂരമിട്ട മത്സ്യബന്ധന ബോട്ടുകളിൽ ഏറെയും വെള്ളത്തിലായി. അഞ്ച് ബോട്ട്​ തകർന്നു. തെങ്ങുകൾ വീണ് പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. കൽപേനിയിലെ ഹെലിപ്പാഡും വെള്ളത്തിലാണ്. വൈദ്യുതിബന്ധവും തകർന്നു. അതേസമയം, ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ലക്ഷദ്വീപിലേക്ക്​ ചരക്കുകളുമായി വന്ന രണ്ട്​ ഉരുക്കളിൽ ഒരെണ്ണം തീരത്ത്​ അടുത്തിട്ടുണ്ട്​. ഒരെണ്ണത്തിന്​ അടുക്കാനായിട്ടില്ല. 

മിനിക്കോയ് ദ്വീപി​​​െൻറ 166 കി.മീ. കിഴക്കായാണ് ചുഴലിക്കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്. മിനിക്കോയ്, കൽപേനി ദ്വീപുകൾക്കിടയിൽ വീശുന്ന കാറ്റിന് മണിക്കൂറിൽ 55 മുതൽ 65 കി.മീ. വേഗമാണുള്ളത്. കാറ്റി​​​െൻറ വേഗം 80 മുതൽ 110 കി.മീ. വരെയാകാമെന്നാണ് തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. മണിക്കൂറിൽ 25 കി.മീ. വേഗത്തിലാണ് കാറ്റി​​​െൻറ ദിശ മാറുന്നത്. 

ചുഴലിക്കാറ്റി​​​െൻറ ദിശ തലസ്ഥാനദ്വീപായ കവരത്തി, അഗത്തി എന്നിവിടങ്ങളിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ട്. ഓഖി മുന്നറിയിപ്പിനെത്തുടർന്ന് വ്യാഴാഴ്ച ദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ അധ്യക്ഷതയിൽ സേനവിഭാഗങ്ങൾ ഉൾപ്പെടുന്ന ഉന്നതതല യോഗം ചേർന്നിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സബ് ഡിവിഷനൽ ഓഫിസർമാർക്ക് (എസ്.ഡി.ഒ) നിർദേശം നൽകി. സ്കൂളുകൾക്ക്​ അവധി പ്രഖ്യാപിച്ചു.

സുരക്ഷിതമല്ലാത്ത വീടുകളിൽ കഴിയുന്നവരും കടലാക്രമണ മേഖലയിലുള്ളവരും അഭയകേന്ദ്രങ്ങളിലേക്ക് മാറണമെന്നും ആരും പുറത്തിറങ്ങരുതെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. തെങ്ങുകൾ നിറഞ്ഞ ദ്വീപിൽ 55 കി.മീറ്ററിൽ കാറ്റ് വീശിയാൽപോലും വൻ നാശം സംഭവിക്കാറുണ്ട്. കാറ്റി​​​െൻറ ശക്തി കുറഞ്ഞാലോ ദിശ മാറുകയോ ചെയ്താലേ ദ്വീപിന് രക്ഷനേടാനാകൂ. കോസ്​റ്റ്​ ഗാർഡും ലക്ഷദ്വീപ് പൊലീസും ദുരന്തനിവാരണ സേനയും സ്ഥലത്തുണ്ട്.

 

Tags:    
News Summary - Okhi Cyclone: Huge lose in Lakshadweep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.