കാസർകോട്: ആഫ്രിക്കന്‍ രാജ്യമായ ബനിൻ തീരത്തുനിന്ന് മലയാളി ഉൾപ്പെടെയുള്ള കപ്പൽ റാഞ്ചിയത് എണ്ണക്കുവേണ്ടിയാണെന്ന് നിഗമനം. കപ്പലിലുള്ളവരുടെ ജീവഹാനി റാഞ്ചിയവരുടെ ലക്ഷ്യമല്ലെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം ഉറപ്പിച്ചു. കപ്പലിെൻറ മാനേജ്മെൻറുമായി ഡയറക്ടർ ജനറൽ ഒാഫ് ഷിപ്പിങ് ആശയവിനിമയം നടത്തി.
കപ്പലിലെ ജീവനക്കാർക്ക് ഒന്നും സംഭവിക്കില്ല എന്നാണ് കണക്കുകൂട്ടൽ. മുമ്പും സമാനസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ജനുവരി 31ന് വൈകീട്ട് 6.30ഒാടെയാണ് കപ്പല്‍ കാണാതായത്. കടൽക്കൊള്ളക്കാര്‍ തട്ടിയെടുത്തതായി സംശയിക്കുന്നതിനാല്‍ നൈജീരിയയുടെ സഹായത്തോടെ കപ്പലിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. നൈജീരിയൻ സർക്കാറുമായി വിദേശമന്ത്രാലയവും ഷിപ്പിങ് മന്ത്രാലയവും ബന്ധപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഉദുമ പെരിലവളപ്പിലെ അശോകെൻറ മകന് ശ്രീഉണ്ണിയാണ് (25) കപ്പലിലുണ്ടായിരുന്ന മലയാളി. കോഴിക്കോട് സ്വദേശിയും കപ്പലിലുള്ളതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. മൊത്തം 22 ഇന്ത്യക്കാരാണുള്ളത്. എം.ടി മറീന എക്സ്പ്രസ് എന്ന എണ്ണക്കപ്പലില്‍നിന്നുള്ള അവസാന സിഗ്നല്‍ ലഭിച്ചത് ജനുവരി 31ന് വൈകീട്ട് ആറരക്കാണ്. 52 കോടി രൂപ മൂല്യംവരുന്ന 13,500 ടണ്‍ ഇന്ധനമാണ് കപ്പലിലുണ്ടായിരുന്നത്. നൈജീരിയന്‍ കോസ്റ്റ്ഗാര്‍ഡും നാവികസേനയുമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.
ജനുവരി ആദ്യം ബനിന് തീരത്തുനിന്ന് മറ്റൊരു കപ്പൽ കാണാതായിരുന്നു. ഇന്ത്യക്കാരടക്കം 20ലേറെ ജീവനക്കാരാണ് ആ ചരക്കു കപ്പലിലുണ്ടായിരുന്നത്. അന്വേഷണത്തില്‍ കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചിയതായി വ്യക്തമായി. മോചനദ്രവ്യം നല്‍കിയതോടെ ആറുദിവസത്തിനുശേഷം കപ്പല്‍ വിട്ടുകിട്ടുകയായിരുന്നു. ഇൗ സംഭവത്തിൽ ജീവനക്കാർക്ക് ഒരു അപകടവും സംഭവിച്ചിരുന്നില്ല.
കപ്പൽ കാണാതായ സംഭവത്തിൽ നൈജീരിയയിലെ ഇന്ത്യൻ ഹൈകമീഷൻ അധികൃതർ നൈജീരിയയിലെയും ബെനിനിലെയും ഉന്നത കേന്ദ്രങ്ങളുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന് വിദേശകാര്യം മന്ത്രാലയം വ്യക്തമാക്കി. കാണാതായവരെ കുറിച്ചുള്ള വിവരങ്ങൾക്കായി 24 മണിക്കൂറും ലഭ്യമായ ഹെൽപ് ലൈൻ നമ്പർ (+234-9070343860) എംബസി സ്ഥാപിച്ചതായും മന്ത്രാലയ വക്താവ് രവീഷ് കുമാർ ട്വിറ്ററിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.