പരസ്പരം ആക്രമിക്കുന്ന കാട്ടുകൊമ്പന്മാർ                                          ഫോട്ടോ: സതീഷ്‍കുമാർ

അതിരപ്പിള്ളി: സഞ്ചാരികളുടെ പറുദീസയായ അതിരപ്പിള്ളി വനമേഖലയിലെ എണ്ണപ്പനത്തോട്ടങ്ങൾ കാട്ടാനകളുടെ വിഹാരകേന്ദ്രമാവുന്നു. തുമ്പൂർമൂഴി ശലഭോദ്യാനവും ഏഴാറ്റുമുഖം, അതിരപ്പിള്ളി വെള്ളച്ചാട്ടമുൾപ്പെടെയുള്ള വെറ്റിലപ്പാറ തുടങ്ങിയ ഇടങ്ങളിലെ പ്ലാന്റേഷൻ കോർപറേഷന്റെ കീഴിലുള്ള എണ്ണപ്പനത്തോട്ടങ്ങളിലാണ് രാപകൽ ഭേദമെന്യേ കാട്ടാനകളിറങ്ങുന്നത്. പ്ലാന്റേഷന്റെ ഒന്നാം ​േബ്ലാക്ക് മുതൽ വനത്തോട് ചേർന്ന് കിടക്കുന്ന16ാം ​േബ്ലാക്കിൽ അടക്കം കാട്ടാനകൾ ഇറങ്ങുന്നത് സാധാരണ ജനജീവിതത്തെ ബാധിക്കുന്നുണ്ട്.

മഴക്കാലമായതോടെ കുട്ടിയാനകളുമായി ആനക്കൂട്ടങ്ങൾ എണ്ണപ്പനത്തോട്ടങ്ങളിലാണ് തമ്പടിക്കുന്നത്. പ്ലാന്റേഷൻ കോർപറേഷന്റെ തന്നെ ഉടമസ്ഥതയിലുള്ള പൈനാപ്പിൾ കൃഷിക്കും കാട്ടാനകൾ ഭീഷണിയായിരിക്കുകയാണ്. മൂന്നുതരത്തിലുള്ള വൈദ്യുതി വേലികൾ സ്ഥാപിച്ചാണ് സംരക്ഷണ​മൊരുക്കിയിട്ടുള്ളത്. ചാലക്കുടിപ്പുഴയരികുകളും ഏഴാറ്റുമുഖം, ​വെറ്റിലപ്പാറ വഴികളിലൂടെ യാത്രചെയ്യുമ്പോൾ വാഹനങ്ങളുടെ മുന്നിലേക്ക് ആനകളെത്തുന്നത് ജീവനുതന്നെ ഭീഷണിയാണ്.


 



ചാലക്കുടിപ്പുഴയിലേക്ക് ആനകളെത്തുന്നത് റബർ,എണ്ണപ്പനത്തോട്ടങ്ങളിലൂടെയാണ്. റോഡുകളിൽ ഓരോ അരക്കിലോമീറ്ററിനുള്ളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇരുച​ക്രവാഹന സാഹസിക യാത്രക്കാരായ യുവാക്കളും യുവതികളും അതുവഴി ചീറിപ്പായുകയാണ്. കാട്ടാനക്കൂട്ടത്തെ കാണുമ്പോൾ റീൽസിനായും സെൽഫിക്കായും പ്ലാന്റേഷനിൽ കയറുന്നതും അപകടം ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്. ചില സമയങ്ങളിൽ വനം വകുപ്പധികൃതരുടെ നിർദേശങ്ങൾ പോലും പാലിക്കാതെയാണ് ഇക്കൂട്ടരുടെ യാത്രകൾ. ഉയർന്ന ശബ്ദം പുറപ്പെടുവിക്കുന്ന ബൈക്കുകൾ കാട്ടാനക​​ളെ പ്രകോപിതരാക്കുന്നതും ഇവിടെ പതിവാണ്.

റബർതോട്ടങ്ങളിൽ പുലർച്ചെ ടാപ്പിങ്ങിനെത്തുന്ന തൊഴിലാളികൾക്കു നേരെയും ഒറ്റയാൻമാരായ കാട്ടാനകളുടെ ആക്രമണമുണ്ടാവാറുണ്ട്. രാവിലെ പടക്കം പൊട്ടിച്ച് ആനകളെ കാട്ടിലേക്കുതന്നെ ഓടിച്ചാണ് തൊഴിലാളികൾ ജോലിക്കെത്തുന്നത്. ആദ്യം ഒന്നു രണ്ട് ആനകളാണ് ഇറങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ ഇരുപതും മുപ്പതും കാട്ടാനകളടങ്ങുന്ന വലിയ കൂട്ടങ്ങളാണ് തോട്ടങ്ങളിലേക്കിറങ്ങുന്നത്. ഇവ എണ്ണപ്പനകൾ കുത്തിമറിച്ച് ഭക്ഷിക്കുന്നതും പതിവാക്കിയിരിക്കുകയാണ്. വനത്തിനകത്ത് ഭക്ഷണലഭ്യതയുടെ കുറവും ആനകളുടെ എണ്ണത്തിലുള്ള വർധനയും ജനവാസമേഖലയിലേക്കുള്ള വന്യമൃഗങ്ങളുടെ വരവിന് ആക്കം കൂട്ടുകയാണ്.


 



സാഹസിക ടൂറിസത്തിന്റെ പേരിൽ വനമേഖലയിലേക്കുള്ള കടന്നുകയറ്റവും രാത്രികളിലുള്ള അനധികൃത റിസോർട്ട് മാഫിയയുടെ സഫാരികളും അപകടം ക്ഷണിച്ചുവരുത്തുകയാണ്.വനം വകുപ്പ് അധികൃതരുടെ നിർദേശങ്ങൾ പാലിക്കാതെയു​ള്ള ഇത്തരം റിസോർട്ട് മാഫിയകളുടെ കടന്നുകയറ്റവും തടയപ്പെടേണ്ടതാണെന്നാണ് നാട്ടുകാരുടെ നിർദേശം.

Tags:    
News Summary - Oil palm plantations where wild elephants rule

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.