തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥൻ എത്തിയത് ‘അടിച്ചു പൂസായി’. ആറ്റിങ്ങല്‍ യൂനിറ്റിലെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് മദ്യപിച്ചെത്തിയത്. സംഭവത്തിന് പിന്നാലെ ആറ്റിങ്ങല്‍ യൂനിറ്റ് മേധാവി എം.എസ്. മനോജിനെ അധികൃതർ സസ്‌പെന്‍ഡ് ചെയ്തു.
ഇക്കഴിഞ്ഞ മേയ് രണ്ടിനാണ് യൂനിറ്റ് ഇന്‍സ്‌പെക്ടറായ എം.എസ്. മനോജ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനെത്തിയത്. ജീവനക്കാർ മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നു എന്ന് പരാതി ലഭിച്ചതിനാലാണ് ഇയാൾ പരിശോധനക്കെത്തിയത്.
ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയായിരുന്നു ഉദ്ദേശിച്ചത്. രാവിലെ അഞ്ച് മണിക്കുള്ള പരിശോധന തുടങ്ങിയപ്പോള്‍ തന്നെ ഇയാളുടെ പെരുമാറ്റത്തില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ചില സംശയങ്ങള്‍ തോന്നിയിരുന്നു. പിന്നീട് ജീവനക്കാര്‍ മനോജിനോട് സ്വയം ബ്രീത്ത് അനലൈസര്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ ഇതിന് തയാറായില്ല. പിന്നീട് ഇയാള്‍ പിന്‍വാതിലിലൂടെ ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. ശേഷം സി.എം.ഡി ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ഡ്യൂട്ടി പാസും ഐ.ഡി കാര്‍ഡും തിരിച്ചുവാങ്ങുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.