കാക്കനാട്: കേരള ഹിസ്റ്ററി അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയും മുൻ കേരള പി.എസ്.സി അ ംഗവുമായ ഡോ. ഇ.പി. ആൻറണി (93) നിര്യാതനായി.രണ്ടാം ലോകയുദ്ധകാലത്ത് റോയൽ ഇന്ത്യൻ എയർ ഫോഴ് സിെൻറ ഭാഗമായിരുന്ന ആൻറണിക്ക് വിശിഷ്ട സേവനത്തിനു സൈനിക ബഹുമതി ലഭിച്ചിട്ടുണ്ട്. കേരള പിന്നാക്ക സമുദായ ഫെഡറേഷൻ, ലത്തീൻ കത്തോലിക്ക അസോസിയേഷൻ എന്നിവയുടെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു. സ്വകാര്യ കോളജുകൾ ദേശസാത്കരിക്കാനുള്ള നീക്കങ്ങൾക്കെതിരെ നടന്ന പ്രക്ഷോഭങ്ങളിൽ ക്രിസ്ത്യൻ വിഭാഗങ്ങളുടെ പ്രതിനിധിയായിരുന്നു.
മദ്രാസ് യൂനിവേഴ്സിറ്റിയിൽനിന്ന് ഇൻറർമീഡിയറ്റും പൂന, പഞ്ചാബ് യൂനിവേഴ്സിറ്റികളിൽനിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1981ൽ കേരള യൂനിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. രാജ്യത്തിനകത്ത് നിരവധി സ്ഥലങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കളമശ്ശേരി സെൻറ് പോൾസ് കോളജിൽ ചരിത്രാധ്യാപകനായും വൈസ് പ്രിൻസിപ്പലായും സേവനം ചെയ്തു. കേരള യൂനിവേഴ്സിറ്റിയുടെ ടെലി കമ്യൂണിക്കേഷൻ വിഭാഗത്തിൽ ചീഫ് എക്സാമിനറായിരുന്നു.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി നാഗാലൻഡ് കേന്ദ്രമായി നോർത്ത് ഈസ്റ്റ് റിസോഴ്സ് സെൻറർ എന്ന സംഘടന രൂപവത്കരിച്ചു. നാഗാലൻഡിൽ മൂന്നു വർഷം താമസിച്ചാണ് നാഗകുടുംബങ്ങളുടെ ജീവിതസവിശേഷതകൾ പ്രതിപാദിക്കുന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.
കേരളത്തിൽ അടിയാൻ സമ്പ്രദായം നിലവിലുണ്ടോ എന്ന് അന്വേഷിക്കാൻ സുപ്രീംകോടതി രൂപവത്കരിച്ച ഏകാംഗ കമീഷൻ ആൻറണിയായിരുന്നു. നിരവധി ചരിത്രഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ദ ഹിസ്റ്ററി ഓഫ് ലാറ്റിൻ കാത്തലിക്സ് ഇൻ കേരളയാണ് പ്രധാന ഗ്രന്ഥം.
പരേതയായ ആലീസാണ് ഭാര്യ. മക്കൾ: പരേതനായ പ്രശസ്ത ഗിറ്റാറിസ്റ്റ് ജോണി, റോക്കി (എൻജിനീയർ -സൗദി), ഡയാന. മരുമക്കൾ: സുപ്രീത (അധ്യാപിക), സൂസൻ, ഡോ. തോമസ് റോഡ്രിഗ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കാക്കനാട് ചെമ്പുമുക്കിലെ സെൻറ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.