ലോറിയും ബൈക്കും കൂട്ടിയിടിച്ച് നഴ്സിങ് വിദ്യാർഥിനിയും സുഹൃത്തും മരിച്ചു

ആലപ്പുഴ: വണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ നഴ്സിങ് വിദ്യാർഥിനിക്കും സുഹൃത്തിനും ദാരുണാന്ത്യം. ചേർത്തല കുറുപ്പംകുളങ്ങര മട്ടുമ്മ വെളിയിൽ സുനിൽ ദാസിന്റെ മകൾ അച്ചു എസ്. ദാസ് (20), അർത്തുങ്കൽ അരീപറമ്പിൽ കളത്തിൽപറമ്പിൽ ബിനുവിന്റെ മകൻ അഖിൽ കൃഷ്ണ(22) എന്നിവരാണ് മരിച്ചത്.

ആലപ്പുഴ ദേശീയപാതയിൽ വണ്ടാനത്ത് ഇന്നലെ രാത്രി 11.50 നായിരുന്നു അപകടം. മാർത്താണ്ഡത്ത് മൂന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയാണ് മരിച്ച അച്ചു എസ് ദാസ്. ഐ.ടി.ഐ പഠനം പൂർത്തിയാക്കി നിൽക്കുകയാണ് അഖിൽ കൃഷ്ണ. അയൽവാസികളും സുഹൃത്തുക്കളുമാണ് ഇരുവരും.

മാർത്താണ്ഡത്ത് നിന്ന് വരികയായിരുന്ന അച്ചുവിനെ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് ചേർത്തലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോഴായിരുന്നു അപകടം.

ദേശീയപാതയിൽ നിന്ന് സർവീസ് റോഡിലേക്ക് തിരിയവേ ബൈക്കിൽ ലോറി തട്ടി എന്നാണ് പ്രാഥമിക വിവരം. റോഡിൽ വീണ പെൺകുട്ടിയുടെ തലയിലൂടെ ലോറിയുടെ പിൻചക്രങ്ങൾ അടക്കം കയറി ഇറങ്ങി. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ. സംഭവത്തിൽ പുന്നപ്ര പൊലീസ് കേസ് എടുത്തു. 

Tags:    
News Summary - Nursing student and friend die in lorry-bike collision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.