കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ പ്രതിഷേധവുമായി കന്യാസ്ത്രീകൾ രംഗത്തിറങ്ങിയ സംഭവം സഭയെ മാത്രമല്ല, പൊതുസമൂഹത്തെയും ഞെട്ടിച്ചു. ലത്തീൻ കത്തോലിക്കസഭയുടെ ചരിത്രത്തിൽ സഭ അധികൃതർ സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ സന്യാസ സമൂഹങ്ങൾ സംഘടിതരായി പ്രതിഷേധവുമായി തെരുവിലെത്തുന്നത് ആദ്യമാണ്. വ്യക്തിപരമായ പോരാട്ടങ്ങൾക്ക് സാധാരണ പിന്തുണ ലഭിക്കാറുമില്ല. എന്നാൽ, അനുസരണവ്രതമെടുത്തവർ പരസ്യപ്രതിഷേധവുമായി ധർണയിൽ അണിനിരന്നത് സഭനേതൃത്വത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു.
ബിഷപ്പിനെതിരെ പീഡനക്കേസ് പുറത്തുവന്നശേഷം ആദ്യമായാണ് പീഡനത്തിനിരയായ കന്യാസ്ത്രീയെ പിന്തുണച്ച് മഠത്തിൽ സഹപ്രവർത്തകരായിരുന്ന കന്യാസ്ത്രീകൾ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നതും മാധ്യമങ്ങളുമായി സംസാരിക്കുന്നതും. ഹൈകോടതിക്ക് സമീപത്തെ വഞ്ചിസ്ക്വയറിൽ നടന്ന ധർണക്കിടെ ബിഷപ്പിനെ പിന്തുണക്കുന്ന ചിലർ കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. സമരക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് അവർക്ക് പിൻവാങ്ങേണ്ടിവന്നു. തുടര്‍ന്ന്, പൊലീസ് നിരീക്ഷണത്തിലാണ് പരിപാടി പൂര്‍ത്തിയാക്കിയത്.
ഇതിനിടെ ബിഷപ്പിനെ വെള്ളപൂശാനുള്ള ശ്രമങ്ങൾ ഉൗർജിതമായി നടക്കുന്നതായി പ്രതിഷേധക്കാർ പറയുന്നു. ലത്തീൻ കത്തോലിക്കസഭയുടെ ചരിത്രത്തിൽതന്നെ ആദ്യസംഭവമാണ് ഇത്തരമൊരു സമരമെന്ന് സഭവൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പീഡനപരാതിയില്‍ നടപടി വൈകുന്തോറും സ്വാധീനങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്നും കന്യാസ്ത്രീകളുടെ കരച്ചില് വേദനജനകമാണെന്നും മനുഷ്യത്വപൂര്‍ണമായ പെരുമാറ്റം എല്ലാവരോടും ഉണ്ടാകണമെന്നും ഫാ. പോൾ തേലക്കാട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.