ന്യൂഡൽഹി: കേരളത്തിൽ കേന്ദ്രസമ്മർദത്തിന് വഴങ്ങി ആണവപദ്ധതികൾ സ്ഥാപിക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന് കത്തെഴുതി മുൻ കേന്ദ്ര ഊർജ സെക്രട്ടറിയും ആസൂത്രണ കമീഷൻ മുൻ ഉപദേഷ്ടാവുമായ ഇ.എ.എസ്. ശർമ. ആണവോർജ പദ്ധതികളിലെ അപകടസാധ്യതകളും സാമ്പത്തിക ബാധ്യതകളും സംബന്ധിച്ച് ബോധ്യമുണ്ടായിരിക്കെ മുൻ നയങ്ങളിൽനിന്ന് സി.പി.എം നേതൃത്വം നൽകുന്ന ഗവൺമെൻറിനുണ്ടാവുന്ന നയംമാറ്റം അത്ഭുതകരമെന്ന് ശർമ പറഞ്ഞു.
പ്രകൃതി വിഭവങ്ങളുടെ വൈവിധ്യത്താൽ സമ്പന്നമാണ് കേരളം. പുനരുപയോഗ ഊർജ സ്രോതസ്സുകളെ അടിസ്ഥാനമാക്കി സംസ്ഥാനത്തിന് ഊർജഭാവി ആസൂത്രണം ചെയ്യാൻ കഴിയും. സുരക്ഷിതമല്ലാത്തതും ചെലവേറിയതുമായ ആണവോർജ പദ്ധതിയിൽനിന്ന് പിന്മാറണം. പുനരുപയോഗ ഉൗർജ ഉൽപാദനം കാര്യക്ഷമമാക്കാൻ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്ന നടപടികൾ സ്വീകരിക്കണം. പുനരുപയോഗ ഉൗർജത്തിന് ഉൗന്നൽ നൽകേണ്ടിടത്ത് ആണവോർജ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നത് ശരിയല്ലെന്നും ശർമ കത്തിൽ പറയുന്നു.
കാസർകോട് ജില്ലയിലെ നിർദിഷ്ട ആണവ വൈദ്യുത പദ്ധതിയെ ചോദ്യം ചെയ്തുകൊണ്ട് പരിസ്ഥിതി ആക്ടിവിസ്റ്റും ആണവവിരുദ്ധ പ്രവർത്തകനുമായ കെ. സഹദേവെൻറ കുറിപ്പും ചേർത്താണ് ശർമ കാരാട്ടിന് കത്തെഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.