തിരുവനന്തപുരം: നായർ സമുദായത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി മന്നത്ത് പത്മനാഭൻ രൂപംനൽകിയ എൻ.എസ്.എസ് അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളിൽ നിന്നകന്ന് ഒരു കുടുംബത്തിന്റെ കൈപ്പിടിയിൽ ഒതുങ്ങിയെന്ന് എൻ.എസ്.എസ് സംരക്ഷണ സമിതി. നിലവിലെ നേതൃത്വത്തിന്റെ ധിക്കാരവും ധാർഷ്ട്യവും കഴിവുകേടും കാരണം സമസ്തമേഖലകളിലും സമുദായം ഏറെ പിന്തള്ളപ്പെട്ടു. യുവതലമുറയെ നേതൃത്വത്തിൽ നിന്ന് അകറ്റി നിർത്തുകയാണ്. സമുദായത്തിന്റെ പതനം ഇനിയും തടയാൻ ശ്രമിക്കുന്നില്ലെങ്കിൽ അത് സമുദായാചാര്യനോട് കാട്ടുന്ന നിന്ദയായിരിക്കും. അതിനാൽ എൻ.എസ്.എസ് സംരക്ഷണ സമിതി പ്രവർത്തനം ശക്തിപ്പെടുത്തും. സമുദായാചാര്യന്റെ സമാധിസ്ഥലം സന്ദർശിക്കാൻ എത്തുന്ന വിശിഷ്ട വ്യക്തികളെ അപമാനിക്കുന്ന തരത്തിൽ പെരുമാറുന്ന നേതൃത്വത്തിന് സദ്ബുദ്ധി ഉണ്ടാകാൻ മന്നം സമാധിയിൽ പ്രാർഥനായജ്ഞം നടത്താൻ ആലോചിക്കുന്നതായും സംരക്ഷണ സമിതി അറിയിച്ചു.
നാലു പതിറ്റാണ്ട് കാലത്തെ സമുദായ ചരിത്രം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കും. ‘ദേവതാരുവിലെ ഇത്തിൾക്കണ്ണികൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഈമാസം 11ന് മൂന്നിന് തിരുവനന്തപുരം മന്നം ക്ലബിൽ നടക്കും. മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പുസ്തകം പ്രകാശനം ചെയ്യും. മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ പുസ്തകം ഏറ്റുവാങ്ങുമെന്നും എൻ.എസ്.എസ് സംരക്ഷണ സമിതി ചീഫ് കോഓഡിനേറ്റർ അയർക്കുന്നം രാമൻ നായർ, മേജർ രവി എന്നിവർ അറിയിച്ചു.
എൻ.എസ്.എസിൽ ശുദ്ധീകരണം വേണം -മേജർ രവി
തിരുവനന്തപുരം: എൻ.എസ്.എസിന്റെ നിലവിലെ ഭരണരീതിയിൽ മാറ്റം വേണമെന്നും സമുദായത്തിന്റെ സ്ഥാപനങ്ങളും സ്വത്തുക്കളും സംരക്ഷിക്കണമെന്നും സംവിധായകൻ മേജർ രവി. വ്യക്തിപരമായ സ്ഥാനമോ അധികാരമോ ലക്ഷ്യമിട്ടല്ല പുതിയ കൂട്ടായ്മയുമായി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജനാധിപത്യ സംവിധാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭരണസംവിധാനം എൻ.എസ്.എസിൽ ഇപ്പോഴില്ല. സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് ചിലരെ അംഗങ്ങളാക്കി വോട്ടവകാശം നൽകുന്ന രീതിയാണ് നടക്കുന്നത്. സമുദായത്തിനും സമൂഹത്തിനും പ്രയോജനപ്പെടേണ്ട സ്ഥാപനങ്ങൾ കാര്യക്ഷമമായി സംരക്ഷിക്കപ്പെടണം. സമുദായത്തിന്റെ സ്വത്ത് സംരക്ഷിക്കണം. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ അജണ്ടയുമായല്ല താൻ രംഗത്തുള്ളതെന്നും മേജർ രവി പറഞ്ഞു. ബ്രിഗേഡിയർ മോഹൻപിള്ള, പ്രഫ. പി.ആർ. വിനോദ് കുമാർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.