കോട്ടയം: രാജ്യത്ത് ജാതി സെൻസസ് നടത്തുമെന്ന കേന്ദ്ര സർക്കാറിന്റെ പ്രഖ്യാപനത്തിനെതിരെ നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്). ജാതി സെൻസസ് നടത്താനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിൻമാറണമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ ആവശ്യപ്പെട്ടു. ജാതി സെൻസസ് നടപ്പിലാക്കിയാൽ സംവരണത്തിന്റെ പേരിൽ കൂടുതൽ അഴിമതിക്ക് വഴിതെളിക്കുമെന്നും അദ്ദേഹം ആരോപിച്ചു. എൻ.എസ്.എസിന്റെ 111-ാമത് ബജറ്റ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടുബാങ്കുകളായ ജാതിവിഭാഗങ്ങളുടെ സമ്മർദ്ദതന്ത്രങ്ങൾക്ക് വഴങ്ങുകയും അവരുടെ സംഘടിതശക്തിക്ക് മുമ്പിൽ അടിയറപറയുകയും ചെയ്യുന്നതരത്തിൽ വിവിധ രാഷ്ട്രീയപ്പാർട്ടികൾ സ്വീകരിച്ച പ്രീണനനയത്തിന്റെ ഭാഗമാണ് ജാതിസംവരണത്തിനു വേണ്ടിയുള്ള മുറവിളി. ജാതി തിരിച്ചുളള സെൻസസും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ജാതിസംവരണത്തിനു വേണ്ടി നടത്തിയ ഭരണഘടനാഭേദഗതികൾ ഇതു വ്യക്തമാക്കുമെന്നും സുകുമാരൻനായർ പറഞ്ഞു.
ഗവണ്മെന്റുകളുടെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള അവകാശം ജനങ്ങൾക്കെന്നപോലെ മത-സാമുദായികസംഘടനകൾക്കും ഉണ്ട്. അത് കൃത്യമായും എൻ.എസ്.എസ് നിർവഹിച്ചുപോന്നിട്ടുണ്ട്. സമുദായ നീതിക്കും സാമൂഹികനീതിക്കും വേണ്ടിയുള്ള നിലപാടുകൾ എൻ.എസ്.എസിന് എന്നുമുണ്ടാവും. സർക്കാരുകളുടെ തെറ്റായ നയങ്ങളെ എതിർക്കുകയും നല്ല കാര്യങ്ങളോട് സഹകരിക്കുകയും ചെയ്യുക എന്നത് എൻ.എസ്.എസിന്റെ പൊതുനയമാണ്. ഇനിയും അതേനയം തുടരും. എൻ.എസ്.എസിന് രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രിയപാർട്ടികളോടും സമദൂരനിലപാട് ആയിരിക്കും. ഒരു രാഷ്ട്രീയപാർട്ടിയുടെയും ആഭ്യന്തരപ്രശ്‌നങ്ങളിൽ എൻ.എസ്.എസ് ഇടപെടില്ല, എൻ.എസ്.എസിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ രാഷ്ട്രീയപാർട്ടികളെ അനുവദിക്കുകയുമില്ല -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.