അജ്ഞതകൊണ്ടും ചരിത്രം പഠിക്കാത്തതുകൊണ്ടുമാണ്​ വിജയരാഘവന്‍റെ വിമർശനമെന്ന്​ ​ എൻ.എസ്​.എസ്

ചങ്ങനാശേരി: ആർ.എസ്​.എസിന്‍റെ വാലാകാനാണ്​ എൻ.എസ്​.എസിന്‍റെ ശ്രമമെന്നെഴുതിയ​​ സി.പി.എം ആക്​ടിങ്ങ്​ സെക്രട്ടറി എ.വിജയരാഘവന്‍റെ ലേഖനത്തിന്​ മറുപടിയുമായി എൻ.എസ്​.എസ്​. ലേഖനം മറുപടി അർഹിക്കുന്നില്ല.വളഞ്ഞ വഴിയിലൂടെയുള്ള ഉപദേശം എൻ.എസ്.എസിനോടു വേണ്ടെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു.

വർഗീയധ്രുവീകരണത്തിന് ഇടനൽകാതെയും സാമ്പത്തിക പരിഷ്കാരങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങളിൽ പരമാവധി സഹകരണം നൽകിയും ഉള്ള ഒരു സമീപനമാണ് എൻ.എസ്.എസ്. സ്വീകരിച്ചുവരുന്നത് എന്ന കാര്യം ലേഖകന് ഒരുപക്ഷേ അറിയില്ലായിരിക്കും.രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി വിമർശിക്കാൻ ലേഖകൻ തയ്യാറായത് എൻ.എസ്.എസ്സിനെക്കുറിച്ചുള്ള അജ്ഞതകൊണ്ടും കേരളചരിത്രം പഠിക്കാത്തതുകൊണ്ടുമാണ്​.

മുന്നാക്കവിഭാഗങ്ങളിൽ സാമ്പത്തിക സംവരണം ആദ്യം നടപ്പിലാക്കിയത് കേരളത്തിലാണെന്നാണ് കൊട്ടിഘോഷിക്കുന്നത്.കേന്ദ്രഗവണ്മെന്‍റ്​ നടപ്പാക്കാൻ തയ്യാറായ സാഹചര്യത്തിൽഎല്ലാ സംസ്ഥാനങ്ങൾക്കും അത് നടപ്പാക്കാനുള്ള ബാധ്യതയുണ്ട്​.  ഇപ്പോഴും ഈ സംവരണത്തിന്‍റെ പ്രയോജനം അർഹരായവർക്ക് യഥാവിധിലഭിക്കാൻ വ്യവസ്ഥ ഉണ്ടായിട്ടുണ്ടോയെന്ന് ബന്ധപ്പെട്ടവർ ആത്മപരിശോധന നടത്തണമെന്നും സുകുമാരൻ നായർ സൂചിപ്പിക്കുന്നു.

വിശ്വാസസംരക്ഷണവും മുന്നാക്കസംവരണവുമൊക്കെ എൻ.എസ്.എസിന്‍റെ മാത്രം ആവശ്യമല്ല, പൊതുസമൂഹത്തെ ബാധിക്കുന്നവയാണ്. ഇക്കാര്യങ്ങളിലും ഒന്നുമാവാത്ത അവസ്ഥയാണുള്ളത്. എങ്കിൽ പോലും, ഈ സർക്കാരിന്‍റെ ഭരണപരമായ കാര്യങ്ങളിലോ എതെങ്കിലും വിവാദങ്ങളിലോ ഇടപെടാനോ അഭിപ്രായം പറയാനോ എൻ.എസ്.എസ്. ശ്രമിച്ചിട്ടില്ല എന്ന കാര്യവും ഓർക്കണം.

തിരഞ്ഞെടുപ്പുദിവസം വോട്ടുചെയ്തു മടങ്ങവേ, മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി നല്കിയ മറുപടി വലിയ ചർച്ചയ്ക്ക് ഇടയായി എനാണിപ്പോൾ ആരോപിക്കുന്നത്​. മാധ്യമങ്ങൾ ചോദിച്ചതിനുതാൻ നൽകിയ മറുപടിയിൽ രാഷ്ട്രീയമോ മതപരമോ ജാതീയമോ ആയതൊന്നും ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. യഥാർത്ഥത്തിൽ ഈ വിഷയത്തെ ദേവനും ദേവഗണങ്ങളുംആരാധനാമൂർത്തികളും ആയി ബന്ധപ്പെടുത്തി മത-സാമുദായികപരിവേഷം നല്കിയത് മുഖ്യമന്ത്രിയുടെ തുടർന്നുള്ള വാർത്താസമ്മേളനവും അതിന്‍റെ ചുവടുപിടിച്ച് ഇടുപക്ഷനേതാക്കൾ നടത്തിയ പ്രസ്താവനകളുമാണെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തുന്നു.

Tags:    
News Summary - nss against a vijaraghavan and cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.