നോർക്ക കെയർ കരുതൽ സംഗമം ‘സ്നേഹകവചം’ 12ന് നവി മുംബൈയിൽ

മുംബൈ: പ്രവാസി കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയര്‍ പദ്ധതിയുടെ പ്രചരണാര്‍ത്ഥം നവി മുംബൈയില്‍ കരുതൽ സംഗമം ‘സ്നേഹകവചം’ സംഘടിപ്പിക്കുന്നു. പ്രവാസി സംഘടനകളും മലയാളി കൂട്ടായ്മകളും കൈകോർക്കുന്ന ‘സ്നേഹകവചം’ സംഗമം നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

സഹായം ആവശ്യമായ പ്രവാസി കുടുംബങ്ങൾക്ക് പിന്തുണ നൽകുന്ന പ്രവർത്തനരീതി രൂപപ്പെടുത്തുകയെന്നതും ‘സ്നേഹകവചം’ ലക്ഷ്യമിടുന്നു. സംഗമത്തിന്റെ ഭാഗമായി മലയാളി സംഘടനകൾ നിർദ്ദേശിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുബൈയിലെ 50 മലയാളി കുടുംബങ്ങൾക്ക് നോര്‍ക്ക കെയര്‍ പദ്ധതിയിൽ ചേരുന്നതിനുള്ള സാമ്പത്തിക സഹായം “കെയർ ഫോർ മുബൈ” സന്നദ്ധ സംഘടന ചടങ്ങില്‍ നൽകും.

നവി മുംബൈ റമാഡ ഹോട്ടലില്‍ വൈകീട്ട് നാലിന് നടക്കുന്ന സംഗമത്തില്‍ നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി, മുബൈയിലെ ലോക കേരള സഭ അംഗങ്ങള്‍, മുംബൈ എന്‍.ആര്‍.കെ ഡെവലപ്പ്മെൻറ് ഓഫീസർ റഫീഖ് എസ്., മറ്റ് നോര്‍ക്ക റൂട്ട്സ് പ്രതിനിധികള്‍ ഉള്‍പ്പെടെയുളളവര്‍ പങ്കെടുക്കും.

ഒരു കുടുംബത്തിന് 13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16,000 ത്തോളം ആശുപത്രികള്‍ വഴി ക്യാഷ് ലെസ്സ് ചികിത്സയും നോര്‍ക്ക കെയര്‍ ലഭ്യമാക്കുന്നു. പദ്ധതിയില്‍ 2025 ഒക്ടോബര്‍ 22 വരെയാണ് അംഗമാകാന്‍ കഴിയുക. കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ നോര്‍ക്ക കെയര്‍ പരിരക്ഷ പ്രവാസി കേരളീയര്‍ക്ക് ലഭ്യമാകും. സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി. എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുളള പ്രവാസികള്‍ക്ക് നോര്‍ക്ക കെയറില്‍ അംഗമാകാം.

Tags:    
News Summary - Norka Care gathering to be held in Navi Mumbai on 12th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.