തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ എയ്ഡഡ് സ്കൂളുകളില്‍ നിയമിക്കും

തിരുവനന്തപുരം: സംരക്ഷിതഅധ്യാപകരുടെ പുനര്‍വിന്യാസം, സ്കൂളുകളിലെ തസ്തികനിര്‍ണയം എന്നിവ സംബന്ധിച്ച് കേരള വിദ്യാഭ്യാസചട്ടത്തില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തസ്തിക നഷ്ടപ്പെട്ട് പുറത്തുപോകുന്ന അധ്യാപകരെ അധ്യാപക ബാങ്കിന് തുല്യമായ രീതിയില്‍ പരിഗണിച്ച് അവരില്‍നിന്ന് എയ്ഡഡ് സ്കൂളുകളില്‍ ഇനിയുണ്ടാകുന്ന തസ്തികകള്‍ നികത്തും. തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ നേരത്തേ അധ്യാപക ബാങ്കിലേക്കാണ് മാറ്റിയിരുന്നത്.

1979 മേയ് 22ന് ശേഷം അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്കൂളുകളിലെ നിയമനം ഇതില്‍ നിന്ന് നടത്തും.  മരണം, രാജി, പ്രമോഷന്‍ എന്നിവ മൂലം എയ്ഡഡ് സ്കൂളുകളില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ സ്വാഭാവികമായും നികത്താം. എന്നാല്‍ അധികതസ്തിക സൃഷ്ടിക്കേണ്ടിവന്നാല്‍ 1:1 അനുപാതത്തില്‍ നിയമനം നടത്തേണ്ടിവരും. ഇത്തരം തസ്തികകളില്‍ മാനേജ്മെന്‍റ് ഒരാളെ നിയമിച്ചാല്‍ ഒരു സംരക്ഷിത അധ്യാപകനെ കൂടി എടുക്കണം.

പുനര്‍വിന്യാസം പൂര്‍ത്തിയാക്കിയ അധ്യാപകരുടെ നിയമനം സാധൂകരിക്കാണാണ് ഈ തീരുമാനമെടുത്തത്. 14 ജില്ലകളിലും അധ്യാപകരുടെ പുനര്‍വിന്യാസം പൂര്‍ത്തിയാകുകയാണ്. ഇതിന് നിയമപ്രാബല്യം ലഭിക്കണമെങ്കില്‍ കെ.ഇ.ആര്‍ ഭേദഗതി ചെയ്യേണ്ടത് ആവശ്യമാണെന്നാണ് സര്‍ക്കാറിന് എ.ജി നല്‍കിയ നിയമോപദേശം. പുനര്‍വിന്യസിക്കപ്പെട്ട അധ്യാപകര്‍ക്ക് തുടര്‍ന്നും ശമ്പളം ലഭിക്കും. ഭേദഗതി മാനേജ്മെന്‍റുകള്‍ അംഗീകരിക്കുകയാണെങ്കില്‍ രണ്ടുമാസത്തെ മുടങ്ങിയ ശമ്പളവും അധ്യാപകര്‍ക്ക് ലഭിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി.

Tags:    
News Summary - non posted teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.