പ്രാദേശിക കാലാവസ്ഥാ പ്രവചനത്തിന് സംവിധാനങ്ങളില്ല

തൃശൂര്‍: പ്രാദേശിക കാലാവസ്ഥാ പ്രവചനത്തിന് സാങ്കേതികവിദ്യയില്ലാതെ കാലാവസ്ഥ നിരീക്ഷണ വകുപ്പ് (ഐ.എം.ഡി) ഇരുട്ടില്‍ തപ്പുന്നു. ആഗോള താപനത്തിന്‍െറയും കാലാവസ്ഥാ വ്യതിയാനത്തിന്‍െറയും ഫലമായി വാര്‍ഡുകളില്‍പോലും കാലാവസ്ഥാ വ്യതിയാനം പ്രകടമാകുമ്പോള്‍ നിലവില്‍ ജില്ല തലത്തില്‍പോലും കാലാവസ്ഥാ പ്രവചന കേന്ദ്രങ്ങളില്ല. ചൂട് കനക്കുന്ന കേരളത്തില്‍ മുഴുവന്‍ ജില്ലകളില്‍പോലും താപമാപിനിയില്ല. വകുപ്പിന്‍േറതായി ഒമ്പത് താപമാപിനികളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ത്തന്നെ ചൂട് പാരമ്യത്തിലത്തെിയ പാലക്കാട്ടെ താപമാപിനി അടക്കം പലതും വര്‍ഷങ്ങളായി കേടാണ്. മഞ്ഞും ഈര്‍പ്പവും അളക്കാന്‍ ഒൗദ്യോഗിക സംവിധാനമില്ല. വിവിധ മേഖലകളിലായി 65 മഴമാപിനികള്‍ ഉണ്ടെങ്കിലും കൃത്യമായി രേഖപ്പെടുത്താനാകുന്നില്ല.

ദേശീയതലത്തില്‍ ജില്ലകളിലെ ചുരുക്കം കേന്ദ്രങ്ങളില്‍ സ്ഥാപിച്ച നിരീക്ഷണ ഉപകരണങ്ങളിലൂടെ ലഭിക്കുന്ന വിവരമാണ് ജില്ലയുടെ മൊത്തം കാലാവസ്ഥയായി പ്രവചിക്കുന്നത്. ഉപകരണങ്ങള്‍ വഴി ലഭിക്കുന്ന സൂചകങ്ങള്‍ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ വഴി ശേഖരിച്ച് ജില്ലയുടെ മൊത്തം കാലാവസ്ഥാ പ്രവചനമായി പുറത്തുവിടുന്നത് മുമ്പ് ഒരുപരിധിവരെ ശരിയായിരുന്നു. എന്നാല്‍, മാറിയ സാഹചര്യത്തില്‍ ഇവ തെറ്റുകയാണ്. അതുകൊണ്ടുതന്നെ പ്രാദേശിക തലത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ നിരീക്ഷിക്കാന്‍ അനുയോജ്യമായ സാങ്കേതികവിദ്യ വികസിപ്പിക്കേണ്ട കാലം അതിക്രമിച്ചെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായം.

സ്വയം നിയന്ത്രിത കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങളും മനുഷ്യ പ്രയത്നത്തിലുള്ള  ഉപകരണങ്ങളും പ്രാദേശിക തലത്തില്‍ വിന്യസിച്ച് ദേശീയ തലത്തില്‍ കാലാവസ്ഥ വകുപ്പ് നവീകരിക്കേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാന പ്രവണതകള്‍ വ്യാപകമായതോടെ പ്രാദേശിക തലങ്ങളിലെ നിരീക്ഷണങ്ങള്‍ക്ക് കൊച്ചിന്‍ സര്‍വകലാശാല അന്തരീക്ഷ പഠന വകുപ്പും ഐ.എസ്.ആര്‍.ഒയും കാര്‍ഷിക സര്‍വകലാശാല കാലാവസ്ഥ പഠന വകുപ്പും ചേര്‍ന്ന് 2008ല്‍ തുടങ്ങിയ ഗവേഷണം പാതിവഴിയില്‍ നിലച്ചു.

നിലവില്‍ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയുമാണ് കാലാവസ്ഥ പ്രവചിക്കുന്നത്. ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ നിരീക്ഷണങ്ങള്‍ ചൊവ്വാഴ്ചയും ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലെ അനുമാനങ്ങള്‍ വെള്ളിയാഴ്ചയുമാണ് പ്രവചിക്കുന്നത്. ഉപകരണങ്ങളില്‍നിന്ന് ലഭിക്കുന്ന അനുമാനങ്ങള്‍ക്ക് പുറമേ ആഗോളതലത്തിലുള്ള ശാസ്ത്ര സാങ്കേതിക വെബ്സൈറ്റുകളില്‍ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവചനം. കേന്ദ്ര സര്‍ക്കാറിന്‍െറ അലംഭാവമാണ് ശാസ്ത്ര - സാങ്കേതിക രംഗത്ത് ഏറെ മുന്നേറിയ രാജ്യത്തിന് ഈ രംഗത്ത് മറ്റുരാഷ്ട്രങ്ങളെ ആശ്രയിക്കേണ്ട ഗതികേടിന് കാരണം. കൃത്യമായ കാലാവസ്ഥാ നിരീക്ഷണം സാധ്യമായാല്‍ കൃഷി അടക്കം വിവിധ മേഖലകളില്‍ രാജ്യത്തിന് കിതപ്പില്ലാതെ കുതിക്കാം.

Tags:    
News Summary - no weather prediction centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.