"സർഫാസി നിയമത്തിന് വോട്ടില്ല" പ്രതിഷേധ റാലി നാളെ

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.എ.പി.എ പോലെ തന്നെ ഭീകരവും മനുഷ്യത്വ വിരുദ്ധവുമായ സർഫാസി നിയമം റദ്ദാക്കണമെന്ന് നിലപാട് എടുക്കാത്ത രാഷ്ട്രീയപാർട്ടികൾക്ക് വോട്ടില്ല എന്ന് പ്രഖ്യാപിച്ച് കടത്തിൽ വീണ കുടുംബങ്ങൾ റാലി നടത്തുമെന്ന് സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം. ചൊവ്വാഴ്ച രാവിലെ 10 ന് റിസർവ് ബാങ്കിന് മുന്നിൽ നിന്ന് സെക്രട്ടറിയേറ്റ് നടയിലേക്ക് നടത്തുന്ന റാലി കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ ദില്ലിയിൽ ഐതിഹാസികമായ പ്രക്ഷോഭ പരമ്പരകൾക്ക് നേതൃത്വം കൊടുത്ത പൊന്നു സാമി അയ്യക്കണ്ണ് ഉത്ഘാടനം ചെയ്യും.

സർഫാസി നിയമത്തിനെതിരെ 11വർഷമായി നിരന്തരം സമരംരംഗത്തുള്ള സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം "നിർത്തൂ കിടപ്പാട ജപ്തി" എന്ന പേരിൽ നടത്തുന്ന ഈ പ്രതിഷേധ റാലിയിൽ ജന വിരുദ്ധ സർഫാസി നിയമം റദ്ദാക്കണമെന്നും, കിടപ്പാടം ജപ്തി ചെയ്യാതിരിക്കാൻ നിയമം കൊണ്ടുവരണമെന്നും,

ദരിദ്ര ജനവിഭാഗങ്ങളുടെ കടങ്ങൾ എഴുതിത്തള്ളണമെന്നും, ബാങ്കുകളോട് കമീഷൻ പറ്റി സർക്കാർ നടത്തുന്ന റവന്യൂ റിക്കവറി നടപടികൾ നിർത്തിവെക്കണമെന്നും, മൈക്രോ ഫൈനാൻസ് പലിശ കൊള്ള അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് റാലി.

കഴിഞ്ഞ 22 വർഷമായി രാജ്യത്തെ ഏറ്റവും ദരിദ്രരായ ജനങ്ങളെ കിട്ടാകടം വരുത്തി എന്നതിന്റെ പേരിൽ സർഫാസി നിയമം ഉപയോഗിച്ച് ജപ്തി ചെയ്ത് തെരുവിലേക്ക് എറിയുകയാണ്. എന്നാൽ, 85 ശതമാനം കിട്ടാക്കടം വരുത്തിയിട്ടുള്ള അതിസമ്പന്നരായ കോർപ്പറേറ്റ് മുതലാളിമാരുടെ ഒരു മൊട്ടുസൂചി പോലും ജപ്തി ചെയ്യാൻ ഈ നിയമം ഉപയോഗിക്കപ്പെടുന്നില്ല. അവർക്കു വേണ്ടി "ബാങ്ക് റെപ്സി ആന്റ് ഇൻസോൾവെൻസി കോഡ്'' എന്ന നിയമം 2017-ൽ പാസാക്കുകയും ചെയ്തു.

കോർപ്പറേറ്റ് മുതലാളിമാരുടെ 15 ലക്ഷം കോടി രൂപ എഴുതിതള്ളുന്നു; അവർക്കായി ഇളവുകളും സമവായവും നൽകുന്നു. മറുവശത്ത് ഒന്നര സെന്റ് കോളനിയിൽ താമസിക്കുന്നവരെ പോലും നിർദ്ദാക്ഷിണ്യം തെരുവിലെറിയാൻ ബാങ്കിതര സ്വകാര്യ പണമിടപാട് കമ്പനികൾക്ക് പോലും സർഫാസി നിയമം ഉപയോഗിച്ച് ജപ്തി നടത്താൻ അനുമതി നൽകിയിരിക്കുകയാണ്. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത് അതേപടി ഇന്ത്യൻ പാർലമെന്റിൽ ചുട്ടെടുത്ത ഈ രാജ്യദ്രോഹ നിയമം ആഗോള മൂലധന ശക്തികളുടെ താൽപര്യാർഥം രാജ്യത്ത് ഇനിയും തുടരാൻ അനുവദിക്കരുതെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പൊതുസമ്മേളനത്തിൽ ഡോ. ജെ.ദേവിക, സി.ആർ. നീലകണ്ഠൻ, എം കെ ദാസൻ, അഡ്വ. തുഷാർ നിർമ്മൽ സാരഥി, പ്രേംബാബു , ഡോ. പി.ജി. ഹരി, സി കെ ഗോപാലൻ, ലതിക ബാലകൃഷ്ണൻ, സുബ്രൻ എങ്ങണ്ടിയൂർ , ഷാജഹാൻ അബ്ദുൽ ഖാദർ, പ്രീതാ ഷാജി, സിപി നഹാസ്, എ.ടി. ബൈജു, പി.കെ. വിജയൻ തുടങ്ങിയവർ സംസാരിക്കും. അഡ്വ.പി.എ.പൗരൻ അദ്ധ്യക്ഷത വഹിക്കും. വിദേശത്തേക്ക് പോകുന്ന ബിഷപ്പ് മാർ ഗിവർഗീസ് മാർ കൂറിലോസ് അച്ചന്റെ പ്രഭാഷണം സംപ്രേഷണം ചെയ്യുമെന്ന് സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം അറിയിച്ചു.  

Tags:    
News Summary - "No vote on Sarfasy Act" protest rally tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.