തിരുവനന്തപുരം: വാടക സ്കാനിയകൾ ഫിനാൻസ് കമ്പനി പിടിച്ചെടുത്തതോടെ കെ.എസ്.ആർ.ടി.സിക്ക് കനത്ത നഷ്ടം. ഒരു ലക്ഷം രൂപ ശരാശരി വരുമാനമുള്ള രണ്ട് ബസുകളാണ് മൂന്ന് ദിവസമായി മുടങ്ങിയത്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള ബസുകളാണ് ഫിനാൻസ് കമ്പനി പിടിച്ചെടുത്തത്. പകരം അയക്കാൻ കെ.എസ്.ആർ.ടി.സിയുടെ കൈവശവും സ്കാനിയകളില്ല. ദീപാവലി സീസണിൽ ഫിറ്റ്നസ് ടെസ്റ്റിെൻറ പേരിൽ 10 വാടക സ്കാനിയകളും ഒന്നിച്ച് പിൻവലിച്ചിരുന്നു. സീസൺ ആയതിനാൽ കൂടുതൽ യാത്രക്കാരെ പ്രതീക്ഷിച്ചിരുന്ന ഘട്ടത്തിലാണ് ഒക്ടോബർ 24 മുതൽ ബംഗളൂരുവിലേക്കടക്കമുള്ള ബസുകൾ പിന്മാറിയത്.
ടെസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരികെ കിട്ടിയ മൂന്ന് സ്കാനിയകളിൽ രണ്ടെണ്ണമാണ് ഇപ്പോൾ ഫിനാൻസ് കമ്പനി പിടിച്ചത്. ശേഷിക്കുന്ന ഒരെണ്ണം ശനിയാഴ്ച ബംഗളൂരുവിലേക്ക് പോകേണ്ടതായിരുന്നെങ്കിലും ഫിനാൻസ് കമ്പനി പിടികൂടുമെന്നതിനാൽ ട്രിപ്പ് ഒഴിവാക്കി. ഫലത്തിൽ തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് സ്കാനിയ ബസുകൾ ഇല്ലാത്ത സ്ഥിതിയാണിപ്പോൾ. പ്രതിദിനം കലക്ഷൻ ഇനത്തിൽ ലഭിച്ചിരുന്ന 10 ലക്ഷം രൂപയാണ് ഇതുവഴി കൈമോശം വരുന്നത്. കെ.എസ്.ആർ.ടി.സിയുടെ സ്വന്തം സ്കാനിയകൾ പലതും കട്ടപ്പുറത്താണ്.
യാത്രക്കാർ ഏറെ ആശ്രയിക്കുന്ന സമയത്തുതന്നെ രണ്ട് ബസുകൾ നിരത്ത് വിട്ടത് കനത്ത തിരിച്ചടിയാണ് കെ.എസ്.ആർ.ടി.സിക്കുണ്ടാക്കുന്നത്. സ്വകാര്യ കമ്പനിയും ഫിനാൻസ് കമ്പനിയും തമ്മിലുള്ള ഇടപാടായതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നാണ് കോർപറേഷൻ അധികൃതരുടെ നിലപാട്. കെ.എസ്.ആർ.ടി.സിയുടെ പേര് വെച്ച് സർവിസ് നടത്തിയ ബസ് സ്വകാര്യ ഫിനാൻസ് സ്ഥാപനം പിടിച്ചെടുത്തിട്ടും കോർപറേഷനിലെ വിജിലൻസ് വിഭാഗവും ഇടപെടാൻ തയാറായിട്ടില്ല. വാടക ബസുകൾ തകരാറുണ്ടാവുകയോ വഴിയിലാവുകയോ ചെയ്താൽ കമ്പനി തന്നെ പകരം ബസ് ഏർപ്പെടുത്തുമെന്നാണ് കരാറിലെ വ്യവസ്ഥ.
ദിവസം മൂന്ന് പിന്നിട്ടിട്ടും പകരം ബസ് ലഭിക്കാത്ത സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി വാടക ബസ് കമ്പനിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ബസുകൾ മുടങ്ങിയാൽ നടപടിയെടുക്കുമെന്ന മുന്നറിയിപ്പാണ് നോട്ടീസിലുള്ളത്. അതേസമയം, എന്നുമുതൽ ബസുകൾ തിരിച്ചുകിട്ടുമെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.