കൊച്ചി: താൻ നൽകിയ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ചോദ്യംചെയ്യാൻ പോലീസ് തയാറാകുന്നില്ലെന്ന് അതിജീവിതയുടെ ഭർത്താവ്. എം.എൽ.എക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ലെന്നും എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ യുവാവ് വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയത്. പരാതിയില്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അതിജീവിതയുടെ ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭയിലെ ഒരു അംഗത്തിനെതിരെയാണ് പരാതി നല്‍കിയത്. ഒരു എം.എൽ.എയാണ് ഇത്തരത്തിൽ ഒരു അന്തസ് ഇല്ലാത്ത പ്രവൃത്തി ചെയ്തത്. അദ്ദേഹം ഇപ്പോഴും പാലക്കാട് വിലസുകയാണ്. ഇത് എന്റെ മാത്രം പ്രശ്നം അല്ല. പുറത്ത് പറഞ്ഞാൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും എന്ന് കരുതുന്ന ഒരുപാട് പേരുണ്ട്. അവർക്ക് വേണ്ടിയും കൂടിയാണ് താൻ ശബ്ദിക്കുന്നതെന്നും യുവാവ് പറഞ്ഞു.
രാഹുലിന്റെ എം.എൽ.എ സ്ഥാനമാണ് കോൺഗ്രസ് ആദ്യം രാജിവെപ്പിക്കേണ്ടതെന്നും തനിക്കും നീതി കിട്ടണമെന്നും അദ്ദേഹം പറഞ്ഞു. എനിക്കും എന്‍റെ ഭാര്യക്കും ഇടയിലെ പ്രശ്നം പരിഹരിക്കാൻ വന്നു എന്നാണ് രാഹുൽ കോടതിയിൽ പറഞ്ഞത്. അങ്ങനെ എങ്കിൽ എന്നെ കൂടി വിളിച്ചിരുത്തി സംസാരിക്കുകയല്ലേ വേണ്ടതെന്നും എന്ത് സന്ദേശമാണ് ഈ എം.എൽ.എ നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു.
രാഹുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണം. രാഹുൽ തെറ്റ് ചെയ്തെന്ന് ബോധ്യമാവുകയാണെങ്കിൽ അദ്ദേഹത്തിനെതിരേ നടപടിയെടുക്കണം. ഒരു എം.എൽ.എക്ക് എന്തെങ്കിലും പ്രത്യേക പരിഗണനയുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തന്‍റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചെന്ന് യുവാവ് പരാതിയിൽ ആരോപിച്ചിരുന്നു. തനിക്ക് വലിയ മാനനഷ്ടം ഉണ്ടാകുകയും കുടുംബ ജീവിതം തകർക്കുകയും ചെയ്തു. മാതാപിതാക്കളുടെ ഏക മകനായ താൻ നാട്ടിലാണ് താമസിച്ചിരുന്നത്. ഭാര്യ ജോലിയുടെ ഭാഗമായി ഒറ്റക്കായിരുന്നു താമസം. തന്‍റെ അസാന്നിധ്യം അവസരമാക്കി രാഹുൽ പരാതിക്കാരിയെ വശീകരിച്ചെന്നാണ് പരാതിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.