ക്വട്ടേഷന്‍ ആരോപണം തള്ളി പള്‍സര്‍ സുനി;  സ്ഥിരീകരിച്ച് കൂട്ടാളികളും

കൊച്ചി: വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി നടിയെ ഉപദ്രവിച്ച കേസില്‍ ആദ്യദിവസത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായപ്പോള്‍ അന്വേഷണ സംഘത്തിനുമുന്നില്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞുമറിഞ്ഞു. ആരുടെയോ നിര്‍ദേശമനുസരിച്ചാണ് മുഖ്യപ്രതി പള്‍സര്‍ സുനി പ്രവര്‍ത്തിച്ചിരുന്നതെന്ന് കൂട്ടുപ്രതികള്‍ മൊഴിനല്‍കിയപ്പോള്‍, താന്‍ തനിയെയാണ് കാര്യങ്ങള്‍ ആസൂത്രണം ചെയ്തതെന്ന് സുനി അവകാശപ്പെട്ടു. പരസ്പരവിരുദ്ധമായ മൊഴികളില്‍ അന്വേഷണസംഘം ആശയക്കുഴപ്പത്തിലായി.

വ്യാഴാഴ്ച ഉച്ചക്ക് ഒന്നേകാലോടെ എറണാകുളം ജില്ല കോടതിയിലെ പ്രതിക്കൂട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത സുനിയെയും കൂട്ടാളി വിജീഷിനെയും ആലുവ പൊലീസ് ക്ളബില്‍വെച്ച് 12 മണിക്കൂറോളം തുടര്‍ച്ചയായി ചോദ്യംചെയ്തിരുന്നു. തുടര്‍ന്നാണ് തെളിവെടുപ്പിന് കൊണ്ടുപോയത്. അന്വേഷണസംഘത്തിന് നേതൃത്വം നല്‍കിയ എ.ഡി.ജി.പി ബി. സന്ധ്യ, ക്രൈംബ്രാഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപ്, മധ്യമേഖല ഐ.ജി പി. വിജയന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യംചെയ്യല്‍. നേരത്തേ പിടിയിലായ മാര്‍ട്ടിന്‍, മണികണ്ഠന്‍, പ്രദീപ് എന്നിവരെയും ഇവിടെയത്തെിച്ച് ചോദ്യംചെയ്തിരുന്നു.

ആരും തനിക്ക് ക്വട്ടേഷന്‍ നല്‍കിയതല്ളെന്നും ഒരുമാസമായി ഈ ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നെന്നുമാണ് സുനി മൊഴിനല്‍കിയത്. നടിയെ തട്ടിക്കൊണ്ടുപോകാന്‍ സഹായിക്കുന്നതിനാണ് മാര്‍ട്ടിനെ തന്ത്രപൂര്‍വം ഡ്രൈവറാക്കിയത്. നടിയെ ഉപദ്രവിച്ച് അതിന്‍െറ ദൃശ്യങ്ങള്‍ പകര്‍ത്തി പിന്നീട് ബ്ളാക്മെയില്‍ ചെയ്ത് 50 ലക്ഷം രൂപ തട്ടാനായിരുന്നു പരിപാടി. ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം നടിയെ സംവിധായകന്‍െറ വീടിനുമുന്നില്‍ ഇറക്കിവിട്ടു. പൊലീസില്‍ പരാതി നല്‍കില്ളെന്നാണ് കരുതിയത്. എന്നാല്‍, വിവരം പൊലീസ് അറിഞ്ഞതോടെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഫോണ്‍ എറണാകുളം ബൈപാസിനും തമ്മനത്തിനുമിടയിലുള്ള സെന്‍റ് ട്രീസാസ് റോഡിലെ കാനയില്‍ എറിഞ്ഞു. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടെ താന്‍ ആരെയും കണ്ടിട്ടില്ല. ഗിരിനഗര്‍ കോളനിയില്‍ മതില്‍ചാടി ഒരു വീട്ടില്‍ പോയെന്ന ആരോപണം ഇയാള്‍ നിഷേധിക്കുകയും ചെയ്തു.

നടിയെ ഭയപ്പെടുത്തുന്നതിനാണ് ‘ഇത് ക്വട്ടേഷനാണ്, സഹകരിക്കണം’ എന്ന് പറഞ്ഞത്. ‘നാളെ കാണണം’ എന്നുപറഞ്ഞത് ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാനുമാണെന്നും ഇയാള്‍ മൊഴിനല്‍കി.  നടിയെ തൃശൂരിലെ വീട്ടില്‍നിന്ന് കൊണ്ടുവന്നതുമുതലുള്ള കാര്യങ്ങളാണ് മാര്‍ട്ടിനില്‍നിന്ന് ആരാഞ്ഞത്. നടി തൃശൂരില്‍ ഹൈവേയിലേക്കുള്ള വഴി പറഞ്ഞുകൊടുത്തത് ഉള്‍പ്പെടെ കാര്യങ്ങള്‍ ഇയാള്‍ വിശദീകരിച്ചു. യാത്രയുടെ വിശദാംശങ്ങള്‍ മൊബൈല്‍ സന്ദേശങ്ങളായി സുനിയെ അറിയിച്ചതും സമ്മതിച്ചതായാണ് വിവരം. എന്നാല്‍, സുനിയുടെ ലക്ഷ്യമെന്തായിരുന്നെന്ന് അറിയില്ളെന്നും മാര്‍ട്ടിന്‍ പറഞ്ഞു. നടിയെ തട്ടിക്കൊണ്ടുപോകുന്നതിനിടെ സുനി ആരുമായോ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുന്നുണ്ടായിരുന്നു എന്നാണ് വിജീഷ് ഉള്‍പ്പെടെയുള്ളവര്‍ മൊഴിനല്‍കിയത്. എന്നാല്‍ ഇത് നിഷേധിച്ച സുനി, താന്‍ ആരുമായും ബന്ധപ്പെട്ടിട്ടില്ളെന്ന വാദത്തില്‍ ഉറച്ചുനിന്നു. 

Tags:    
News Summary - no quotation pulsar suni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.