ജമാഅത്തെ ഇസ്‌ലാമിയുമായി രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല, പി.ഡി.പി പീഡിപ്പിക്കപ്പെട്ടവർ തന്നെ; മഅദനി പ്രതിയായാൽ പിടിച്ചു കൊടുക്കാതിരിക്കാൻ പറ്റുമോ എന്നും എം.വി. ഗോവിന്ദൻ

നിലമ്പൂർ: ജമാഅത്തെ ഇസ്‍ലാമിയുടെ പിന്തുണ സംബന്ധിച്ച നിലപാട് ആവർത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജമാഅത്തെ ഇസ് ലാമിയുമായി സി.പി.എം ഒരു രാഷ്ട്രീയ കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ലെന്ന് ഗോവിന്ദൻ വ്യക്തമാക്കി.

ഒരു തരത്തിലുമുള്ള പിന്തുണ ജമാഅത്തെ ഇസ് ലാമിയുമായും ആർ.എസ്.എസുമായും ഉണ്ടാക്കിയിട്ടില്ല. പലപ്പോഴും സ്ഥാനാർഥികളെ നോക്കി ജമാഅത്തെ ഇസ് ലാമി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയമായ ഐക്യമുന്നണിക്ക് രൂപം നൽകിയിട്ടില്ല.

ഇന്ത്യ പോലുള്ള മതനിരപേക്ഷ ഉള്ളടക്കം നിലനിൽക്കേണ്ട രാജ്യത്ത് ആ രാഷ്ട്രീയം കൈകാര്യം ചെയ്യാനാവില്ല. വർഗീയ കൂട്ടുക്കെട്ടിലേക്ക് കോൺഗ്രസും മുസ് ലിം ലീഗും എടുത്തുചാടുന്ന കാഴ്ചയാണ് കുറച്ചു കാലമായി കേരളം കാണുന്നത്. യു.ഡി.എഫ് രാഷ്ട്രീയം തകർച്ചയിലേക്ക് പോകുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.

പി.ഡി.പി പീഡിപ്പിക്കപ്പെട്ടവർ തന്നെയാണ്. മഅദനിയെ പോലെ പീഡനം ഏറ്റുവാങ്ങിയ രാഷ്ട്രീയ നേതാവ് അപൂർവമാണ്. പൂർവകാല ചരിത്രത്തിൽ മഅദനി തീവ്രവാദ നിലപാടുകളും അതിന്‍റെ ഭാഗമായ സമീപനങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. ആ പാരമ്പര്യം വെച്ചല്ല ഇപ്പോൾ അളക്കേണ്ടത്. ഭരണവർഗത്തിന്‍റെ കടന്നാക്രമണങ്ങൾക്ക് വിധേയപ്പെട്ട് കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തിന്‍റെ വക്താവായിട്ടാണ് മഅദനിയെ കാണുന്നത്.

മഅദനിയെ പിടിച്ചു കൊടുത്തത് ഭരണനേട്ടമായി നായനാർ സർക്കാർ അവതരിപ്പിച്ചെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തോടും എം.വി. ഗോവിന്ദൻ പ്രതികരിച്ചു. പ്രതിയായാൽ പിടിച്ചു കൊടുക്കാതിരിക്കാൻ പറ്റുമോ എന്ന് ഗോവിന്ദൻ ചോദിച്ചു. ഒന്നും പറയാനില്ലാത്തപ്പോൾ ആളുകളുടെ മുമ്പിൽ തെറ്റായ കാര്യങ്ങൾ അവതരിപ്പിച്ച് രക്ഷപ്പെടാമെന്ന് പ്രതിപക്ഷ നേതാവ് ആലോചിക്കുകയാണെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വർഗീയശക്തികളുമായി കൂട്ടുചേരുകയാണെന്ന് എം.വി. ഗോവിന്ദൻ ഇന്നലെ ആരോപിച്ചിരുന്നു. ജമാത്തെ ഇസ് ലാമിയടക്കമുള്ള തീവ്രവാദ ശക്തികളുമായാണ് യു.ഡി.എഫ് കൂട്ടുകൂടുന്നത്. അതിനാലാണ് അതിനെ മഴവിൽ സഖ്യമെന്ന് വിളിക്കുന്നത്. നേരത്തെ പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ഇപ്പോൾ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും അതാണ് കാണുന്നത്. ഇത് ദൂരവ്യാപക ഫലമുണ്ടാക്കും. ഇക്കാര്യത്തിൽ മനഃപ്രയാസമില്ലെന്നാണ് യു.ഡി.എഫിന്‍റെ പ്രവൃത്തികളിൽ നിന്ന് മനസിലാകുന്നതെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

നേരത്തെ, സി.പി.എമ്മിനെ ജമാഅത്തെ ഇസ് ലാമി സഹായിച്ചിരുന്നല്ലോയെന്ന ചോദ്യത്തിന് ജമാഅത്തെ ഇസ് ലാമിയുമായി മുമ്പും പാർട്ടിക്ക് ബന്ധമുണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാവുകയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. പി.ഡി.പി എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് അവർ പീഡിപ്പിക്കപ്പെട്ടൊരു വിഭാഗമാണെന്നും സാർവദേശീയ തലത്തിൽ വർ​ഗീയരാഷ്ട്രം ഉണ്ടാക്കണമെന്ന് പറയുന്നവരല്ല അവരെന്നും എം.വി. ഗോവിന്ദൻ പ്രതികരിച്ചു.

ജമാഅത്തെ ഇസ്‍ലാമി പിന്തുണ എല്‍.ഡി.എഫിന് സ്വീകരിക്കാം, യു.ഡി.എഫിന് പാടില്ലെന്നത് എവിടത്തെ ന‍്യായമാണെന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയില്‍ പരിഭവിക്കുന്നവര്‍ക്ക് പി.ഡി.പി പിന്തുണയില്‍ പരിഭവമില്ല. സി.പി.എം ഓന്തിനെപ്പോലെ നിറം മാറുന്നത് ജനം തിരിച്ചറിയും.

മുസ്‍ലിം സംഘടനകളില്‍ വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള സംഘടനയാണ് ജമാഅത്തെ ഇസ് ലാമിയെന്നും ദേശീയ സാര്‍വദേശീയ രംഗത്തൊക്കെ അവര്‍ക്ക് വ്യക്തമായ കാഴ്ചപ്പാടു​ണ്ടെന്നുമാണ് 2009ല്‍ പിണറായി വിജയൻ പറഞ്ഞത്. ജമാഅത്തുമായി മുമ്പും ചര്‍ച്ച നടത്താറുണ്ടെന്നും എന്നെ കാണാന്‍ അവര്‍ തലയില്‍ മുണ്ടിട്ടല്ല വന്നതെന്നും പിണറായി വിജയന്‍ 2011ല്‍ വടക്കാഞ്ചേരിയില്‍ നടന്ന യോഗത്തിൽ പറഞ്ഞു. ജമാഅത്തെ ഇസ് ലാമി പിന്തുണ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സഹായിച്ചെന്ന് പി. ശ്രീരാമകൃഷ്ണനും പറഞ്ഞു. എല്‍.ഡി.എഫിനെ പിന്തുണക്കാനുള്ള ജമാഅത്തെ ഇസ്‍ലാമി തീരുമാനം ആശാവഹമാണെന്നാണ് ‘ദേശാഭിമാനി’ മുഖപ്രസംഗം എഴുതിയത്.

ജമാഅത്തിന്‍റെ വോട്ട് വേണ്ടെന്നു പറയാനുള്ള വിഡ്ഢിത്തം ഞങ്ങൾക്കില്ല. 2019ന് ശേഷം വര്‍ഗീയതയെ തോൽപിക്കാന്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് വരണമെന്ന നിലപാടെടുത്താണ് അവർ ഞങ്ങളെ പിന്തുണച്ചത്. സി.പി.എമ്മിന് പിന്തുണ നല്‍കിയപ്പോള്‍ മതേതരവാദികള്‍, സി.പി.എമ്മിനുള്ള പിന്തുണ പിന്‍വലിച്ച് യു.ഡി.എഫിനെ പിന്തുണച്ചപ്പോള്‍ അവര്‍ വര്‍ഗീയവാദികളെന്നത് സ്ഥിരം പരിപാടിയാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - No political alliance has been formed with Jamaat-e-Islami -MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.