ചേരാനല്ലൂർ അപകടം: ജഡ്ജിക്കെതിരെ കേസെടുക്കാൻ ആരുടെയും അനുമതി വേണ്ട, പൊലീസ് പറഞ്ഞത് പച്ചക്കള്ളമെന്ന് ജസ്റ്റിസ് ബി. കമാൽ പാഷ
കൊച്ചി: ചേരാനല്ലൂരിൽ ജില്ലാ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച കാറിടിച്ച് ജയബാലകൃഷ്ണൻ എന്നയാൾ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന്റെ വീഴ്ചകളെയും വ്യാജ പ്രചാരണങ്ങളെയും രൂക്ഷമായി വിമർശിച്ച് ജസ്റ്റിസ് ബി. കമാൽ പാഷ. ജഡ്ജിക്കെതിരെ കേസെടുക്കാൻ ഉന്നതതല അനുമതി വേണമെന്ന പൊലീസിന്റെ വാദം പച്ചക്കള്ളമാണെന്നും കേസെടുക്കാൻ ആരുടെയും അനുവാദം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ജഡ്ജിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതിന് നിയമപരമായി യാതൊരു തടസ്സവുമില്ല. ഒരു ജില്ലാ ജഡ്ജിയെയോ താഴെത്തട്ടിലുള്ള ജുഡിഷ്യൽ ഓഫിസറെയോ അറസ്റ്റ് ചെയ്യണമെങ്കിൽ മാത്രമാണ് കേരള ഹൈകോടതി ചീഫ് ജസ്റ്റിസിന്റെ മുൻകൂർ അനുമതി ആവശ്യമായിട്ടുള്ളത്. പണ്ട് ഒരു മജിസ്‌ട്രേറ്റിനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിലാണ് അറസ്റ്റിന് മാത്രം ഈ നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ കേസ് രജിസ്റ്റർ ചെയ്യുന്നതിന് ഇത്തരമൊരു അനുമതിയുടെയും ആവശ്യമില്ല. കേരളത്തിൽ കേസെടുക്കുന്നതിൽനിന്ന് നിയമപരമായ പരിരക്ഷ ഉള്ളത് ഗവർണർക്ക് മാത്രമാണെന്നും മറ്റാർക്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദങ്ങൾക്ക് മുഴുവൻ കാരണം പൊലീസാണെന്ന് ജസ്റ്റിസ് കമാൽ പാഷ ആരോപിച്ചു. കേസിൽ പൊലീസുകാർ ശരിയായ കുറ്റകൃത്യങ്ങൾ ചുമത്തിയില്ല. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) 106(1) വകുപ്പാണ് പൊലീസ് ചുമത്തിയത്, എന്നാൽ ഇത് തെറ്റാണെന്നും നരഹത്യയ്ക്കുള്ള വകുപ്പായ ബി.എൻ.എസ് 105 ആണ് ചുമത്തേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മോട്ടോർ വാഹന നിയമപ്രകാരം ഗുരുതര കുറ്റകൃത്യങ്ങൾ നടന്നുവെങ്കിലും ജഡ്ജിയായതുകൊണ്ട് മാത്രമാണ് ആദ്യം കേസെടുക്കാൻ പൊലീസ് മടിച്ചതെന്ന് അദ്ദേഹം വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.