ബിൽ നിയമസഭ കടന്നു; വയോജനങ്ങൾക്ക് ഇനി നിയമകവചം
തിരുവനന്തപുരം: മുതിർന്ന പൗരന്മാരെ ഉപേക്ഷിച്ചാൽ സംരക്ഷിക്കാൻ ബാധ്യതയുള്ള ബന്ധുക്കൾക്ക് ഇനി മൂന്ന് വർഷം വരെ തടവും 50,000 രൂപവരെ പിഴയും. വയോജനങ്ങളുടെ ക്ഷേമത്തിനൊപ്പം സംരക്ഷണവും അവകാശവും ഉറപ്പുനൽകുന്ന 2026ലെ കേരള മുതിർന്ന പൗരന്മാരുടെ (പരിചരണവും അവകാശ സംരക്ഷണവും) ബിൽ തിങ്കളാഴ്ച നിയമസഭ ഐകകണ്ഠ്യേന പാസാക്കി. മുതിർന്ന പൗരന്മാരെ ഒഴിവാക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ, അവരുടെ സമ്മതമില്ലാതെ പരിചരണ കേന്ദ്രത്തിലോ മറ്റേതെങ്കിലും സ്ഥലത്തോ ഉപേക്ഷിക്കുന്നത് ഇനി ശിക്ഷാർഹമായ കുറ്റമാണ്. പീഡിപ്പിക്കുകയോ ക്രൂരത കാട്ടുകയോ ചെയ്യുന്നതിനും സ്വത്തുക്കൾ നിയമവിരുദ്ധമായി കൈവശപ്പെടുത്തലിനും മൂന്ന് വർഷം വരെ തടവും 50,000 വരെ പിഴയും ലഭിക്കും. മുതിർന്ന പൗരനെ അവർ താമസിക്കുന്ന വീട് വിട്ടുപോകാൻ നിർബന്ധിതനാക്കുന്ന തരത്തിലുള്ള പെരുമാറ്റം ക്രൂരതയായി പരിഗണിക്കും.
വാക്കാലുള്ള അധിക്ഷേപം, നിർബന്ധിത നിയന്ത്രണം, ലൈംഗിക പീഡനം, സാമ്പത്തിക ദുരുപയോഗം, ശാരീരികവും മാനസികവും വൈകാരികവുമായ മുറിവേൽപ്പിക്കലുകൾ, മുതിർന്ന പൗരന് അന്തസോടെ ജീവിക്കാൻ ആവശ്യമായ അടിസ്ഥാന ആവശ്യങ്ങൾ അവഗണിക്കലും ഒപ്പം അവശ്യസാധനങ്ങളും സേവനങ്ങളും നിഷേധിക്കൽ എന്നിവയും ബിൽ വിഭാവനം ചെയ്യുന്ന ‘പീഢനം’ എന്നതിൽ ഉൾപ്പെടും. മുതിർന്ന പൗരൻ പീഡനത്തിനോ ചൂഷണത്തിനോ ഇരയാകുന്നുവെന്ന് കണ്ടെത്തുന്ന ഡോക്ടർമാരോ പരിചരണ കേന്ദ്രങ്ങളോ 48 മണിക്കൂറിനുള്ളിൽ വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം. ന്യായമായ കാരണമില്ലാതെ ഇത് റിപ്പോർട്ട് ചെയ്യാതിരുന്നാൽ 10,000 വരെ പിഴ ചുമത്തും.ഡീപ്ഫേക്ക് ഉൾപ്പെടെ സൈബർ തട്ടിപ്പായി കണക്കാക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
കേരള നിയമസഭക്ക് അഭിമാനിക്കാവുന്ന മാതൃക നിയമനിർമാണമാണിതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ചൂണ്ടിക്കാട്ടിയപ്പോൾ ഭേദഗതി നിർദേശങ്ങൾക്കൊപ്പം നിയമം പുതിയ കാൽവെപ്പ് തന്നെയാണെന്ന് പ്രതിപക്ഷാംഗം കെ.എൻ. ബാലഗോപാൽ അടിവരയിട്ടു. ചരിത്രമുഹൂർത്തതിനാണ് സാക്ഷ്യം വഹിച്ചതെന്ന് സ്പീക്കറും കൂട്ടിച്ചേർത്തു.
വയോജനങ്ങൾക്കായി ‘കതുതൽ നിധി’
മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി പ്രത്യേക ‘സംസ്ഥാന കരുതൽ നിധി’ രൂപവത്കരിക്കും. വിധവയോ ഭിന്നശേഷിക്കാരോ ഉപേക്ഷിക്കപ്പെട്ടവരോ അതിക്രമത്തെ അതിജീവിച്ചവരോ ആയ സ്ത്രീകൾക്ക് സർക്കാർ പരിചരണ കേന്ദ്രങ്ങളിൽ അഭയത്തിന് മുൻഗണന നൽകും. അൽഷിമേഴ്സ്, ഡിമെൻഷ്യ, പാർക്കിൻസൺസ്, മറ്റ് നാഡീരോഗങ്ങൾ എന്നിവക്ക് മാത്രമായി സർക്കാർ തലത്തിൽ പരിചരണകേന്ദ്രം ആരംഭിക്കും.
നിയമം പ്രാബല്യത്തിൽ വന്ന് മൂന്ന് മാസത്തിനകം സംസ്ഥാനത്തെ എല്ലാ സൈബർ പൊലീസ് സ്റ്റേഷനുകളിലും മുതിർന്ന പൗര സൈബർ സെൽ രൂപവത്കരിക്കണം. ഇതിന് പുറമേ ഓരോ പൊലീസ് സ്റ്റേഷനിലും എ.എസ്.ഐ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന് ചുമതല നൽകും. ഒപ്പം രജിസ്ട്രേഷന് ഇല്ലാതെ വയോജന പരിചരണകേന്ദ്രം നടത്തിയാല്‍ ഒരുവര്‍ഷംവരെ തടവോ 25,000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. ഒപ്പം താമസിച്ച് പരിചരിക്കുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർന്ധമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.