പിണറായി വിജയൻ നിയമസഭയിൽ
ഗവർണറുടെ ശിപാർശ; പിണറായിയുടെ സബ്മിഷന് അനുമതി നൽകിയില്ല
തിരുവനന്തപുരം: പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ ഗവർണർ നൽകിയ ശിപാർശ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നൽകിയ നോട്ടിസിന് അനുമതി നിഷേധിച്ച് സ്പീക്കർ. ഗവർണർ, രാഷ്ട്രപതി എന്നിവർ ഉൾപ്പെടുന്ന വിഷയങ്ങൾ സഭയിൽനിന്ന് ഒഴിവാക്കണമെന്നാണ് റൂൾ ബുക്ക് 284 പ്രകാരം വ്യവസ്ഥ ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പ്രതിപക്ഷ നേതാവ് എഴുതിത്തന്നത് ഗവർണർ എടുത്ത തീരുമാനം സംബന്ധിച്ചാണെന്നും അത്തരം വിഷയം സഭയിൽ നിരോധിത ഇനമാണെന്നും സ്പീക്കർ വ്യക്തമാക്കി.
എന്നാൽ 2020ൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാൻ അന്നത്തെ പ്രതിപക്ഷം നോട്ടിസ് നൽകിയിരുന്നുവെന്നും അന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിയമപരമായി അനുവദിനീയമാണെന്നും ചർച്ച ചെയ്യണമോ എന്നത് സർക്കാർ തീരുമാനിക്കണം എന്നുമാണ് നിലപാടെടുത്തതെന്നും പിണറായി ചൂണ്ടിക്കാട്ടി. ഗവർണറുടെ നടപടിയിൽ ഭരണഘടനാ പ്രശ്നം ഉയർന്നുവരുന്നത് കൊണ്ട് ചില കാര്യങ്ങൾ പറയേണ്ടതുണ്ട് എന്നാണ് തോന്നുന്നത്. സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കുന്ന വിഷയമാണെന്നും പിണറായി പറഞ്ഞു. എന്നാൽ റൂൾ ബുക്ക് പ്രകാരമുള്ളതാണ് അങ്ങയെ അറിയിച്ചതെന്ന് സ്പീക്കർ പറഞ്ഞു.
ചെയർ റൂളിങ് നൽകിയാൽ അംഗങ്ങൾ അനുസരിക്കണമെന്നും പ്രതിപക്ഷ നേതാവ് റൂളിങിനെ ചോദ്യം ചെയ്ത് സംസാരിക്കുന്നത് ശരിയല്ലെന്നും പാർലമെന്ററികാര്യ മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. റൂളിങ് നൽകിയിട്ടും വിഷയം ഉന്നയിക്കുകയാണെങ്കിൽ സർക്കാറിന് മറുപടി പറയണമെന്ന് ഇടപെട്ടുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ വിഷയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ ശ്രമം സ്പീക്കർ വിലക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.