എംഎൽഎമാരുടെ ശമ്പളം കൂട്ടും; ചെലവുകൾ കൂടി കണക്കിലെടുത്ത് തീരുമാനമെന്ന് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം :എംഎൽഎമാരുടെ ശമ്പളം വർധിപ്പിക്കുന്ന കാര്യത്തിൽ ചെലവുകൾ കൂടി കണക്കിലെടുത്താണ് തീരുമാനമെന്നു മന്ത്രി സണ്ണി ജോസഫ്. എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കണമെന്ന ആവശ്യം വീണ്ടും ചർച്ചയാകുന്നതിനിടെയാണ് സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ശമ്പളം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും ഇത് സംബന്ധിച്ച് ചർച്ച നടത്തിയെന്നും സണ്ണി ജോസഫ് പറഞ്ഞു.

2018ലാണ് കേരളത്തിൽ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും അവസാനമായി വർധിപ്പിച്ചത്. നിലവിൽ അലവൻസുകൾ ഉൾപ്പെടെ എംഎൽഎമാർക്ക് പ്രതിമാസം 70,000 രൂപയും മന്ത്രിമാർക്ക് 97,429 രൂപയുമാണ് ലഭിക്കുന്നത്. ശമ്പള പരിഷ്കരണം പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മിഷൻ, മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും 35 ശതമാനം വരെ വർധിപ്പിക്കാൻ ശുപാർശ ചെയ്തിരുന്നു. യാത്രാബത്ത ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളിലും വർധന നിർദേശിച്ചിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും പൊതുജനങ്ങളുടെ പ്രതികരണവും കണക്കിലെടുത്ത് വിഷയം പരിഗണിക്കണമെന്ന നിലപാടാണ് നേരത്തേ ഉയർന്നത്.

എംഎൽഎമാർക്കും അവരുടെ പേഴ്സനൽ സ്റ്റാഫിനുമായി 480 ഐപാഡുകൾ വാങ്ങാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കെൽട്രോൺ മുഖേന ടെൻഡർ ക്ഷണിച്ചു. 256 ജി.ബി ശേഷിയുള്ള 13 ഇഞ്ച് ഐപാഡ് പ്രോയുടെ 320 എണ്ണവും 11 ഇഞ്ച് ഐപാഡിന്റെ 160 എണ്ണവുമാണ് വാങ്ങുന്നത്. ഇതിനായി 6.71 കോടി രൂപ ചെലവഴിക്കും. മന്ത്രിമാർ, പ്രൈവറ്റ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ എന്നിവരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ലാപ്ടോപ്പുകൾ, ഐപാഡുകൾ, ടാബ്‌ലെറ്റുകൾ എന്നിവ വാങ്ങുന്നതിനുള്ള ചെലവുപരിധിയും സർക്കാർ അടുത്തിടെ ഉയർത്തിയിരുന്നു. നേരത്തേ 1.5 ലക്ഷം രൂപയായിരുന്ന പരിധി രണ്ട് ലക്ഷം രൂപയായാണ് വർധിപ്പിച്ചത്.

Tags:    
News Summary - Kerala MLAs Set for Salary Hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.