കോട്ടയം: പൊതുമേഖല സംരക്ഷണത്തിന്റെ കേരള മാതൃകയായി വാഴ്ത്തപ്പെടുമ്പോഴും കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിൽ (കെ.പി.പി.എൽ) തൊഴിലാളികൾക്ക് രക്ഷയില്ല.
രണ്ടരവർഷമായി സ്ഥിരനിയമനം എന്ന പ്രതീക്ഷ നൽകി തുച്ഛ ശമ്പളത്തിൽ കരാർ ജോലിയെടുപ്പിക്കുകയാണ് സർക്കാർ. തൊഴിലാളികളുടെ ശമ്പള സ്കെയിൽ അടക്കം തീരുമാനമായിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിലാണ് വൈകുന്നതെന്നാണ് വിവരം.
എന്നാൽ, സ്ഥിരനിയമനം ലഭിച്ചാലും നിലവിൽ വാങ്ങുന്ന ശമ്പളത്തിൽനിന്ന് 1800 രൂപയുടെ വർധന മാത്രമേ ഉണ്ടാവൂ എന്നത് തൊഴിലാളികളെ നിരാശരാക്കുന്നു. ഇതിനിടെ ഏപ്രിലിൽ അവസാനിച്ച കരാർ മേയ് മുതൽ ജൂലൈ 31 വരെ വീണ്ടും നീട്ടി.
2022 ജനുവരിയിലാണ് പഴയ എച്ച്.എൻ.എല്ലിൽ സ്ഥിരം ജീവനക്കാരായിരുന്ന തൊഴിലാളികളെ കരാർ അടിസ്ഥാനത്തിലെടുത്തത്. ഒമ്പതുമാസത്തിനകം സ്ഥിരനിയമനം നൽകുമെന്നായിരുന്നു അന്ന് മന്ത്രിയുടെ വാഗ്ദാനം. സേവന-വേതന വ്യവസ്ഥകൾ നിശ്ചയിച്ച് സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ നൽകിയ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. ശമ്പള സ്കെയിലിന്റെ കാര്യത്തിൽ തൊഴിലാളി സംഘടനകൾ വിയോജിച്ചപ്പോൾ കമ്പനി മെച്ചപ്പെടുന്നതിനനുസരിച്ച് മാറ്റം വരുത്താമെന്നാണ് അറിയിച്ചിട്ടുള്ളത്. 20 വർഷം വരെ സർവിസും ജോലിപരിചയവുമടക്കം ഉള്ളവരാണ് കമ്പനിയിലുള്ളത്.
തുച്ഛമായ ശമ്പളത്തിൽ യാതൊരു ആനുകൂല്യങ്ങളുമില്ലാത്ത ജോലിയും അനിശ്ചിതാവസ്ഥയും മൂലം പലരും മറ്റ് മേഖലകളിൽ അവസരം തേടിപ്പോയി. സ്പെഷൽ ഓഫിസറുടെ ഏകപക്ഷീയ നിലപാടുകളിലും തൊഴിലാളികൾ അസംതൃപ്തരാണ്.
പൂട്ടിക്കിടന്ന സ്ഥാപനം തുറക്കാനും തുടർപ്രവർത്തനം നടത്താനും കഴിഞ്ഞത് സ്പെഷൽ ഓഫിസറുടെ കാര്യക്ഷമത മൂലമാണെന്നാണ് സർക്കാർ വിലയിരുത്തൽ.
എന്നാൽ ഇതിൽ തൊഴിലാളികളുടെ പങ്ക് സ്പെഷൽ ഓഫിസറും സർക്കാറും സൗകര്യപൂർവം മറക്കുന്നു. തൊഴിലും തൊഴിൽ സൗകര്യങ്ങളുമായും ബന്ധപ്പെട്ട യാതൊരു കാര്യങ്ങളിലും തൊഴിലാളികൾ പരിഗണിക്കപ്പെടുന്നില്ല.
നല്ല ഭക്ഷണം, മികച്ച പ്രാഥമിക സൗകര്യങ്ങൾ ഒന്നുമില്ല. ആളുകളെ വെട്ടിച്ചുരുക്കി അപ്രന്റീസുകളെയാണ് പ്ലാൻറുകളുടെ ചുമതല ഏൽപ്പിച്ചിട്ടുള്ളത്. നിലവിൽ ദിനംപ്രതി 200-250 ടൺ വരെ ഉൽപാദനം കമ്പനിയിൽ നടക്കുന്നുണ്ട്.
ഈ മെച്ചപ്പെട്ട അവസ്ഥയിലെങ്കിലും തൊഴിലാളികളെ ചേർത്തുനിർത്തിയില്ലെങ്കിൽ സർക്കാറിനും ദോഷകരമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.