കൊച്ചി: പിണറായി വിജയനോളം കാര്യപ്രാപ്തിയും ചുമതലാബോധവും പ്രകടിപ്പിച്ച മറ്റൊരു മുഖ്യമന്ത്രിയും കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് പ്രശസ്ത എഴുത്തുകാരി കെ.ആർ. മീര. പിണറായി വിജയനെ ഏറ്റവും ശക്തമായും ഹീനമായും അവഹേളിക്കുന്നവരിൽ പലരുടെയും സത്യസന്ധതയില്ലായ്മയും ആർജവമില്ലായ്മയും നേരിട്ടറിയാം. അതുകൊണ്ട് അദ്ദേഹത്തിന് എതിരേയുള്ള സോഷ്യൽ മീഡിയ കലാപങ്ങൾ പ്രധാനപ്പെട്ട മറ്റേതോ പ്രശ്നങ്ങളിൽനിന്നുള്ള ശ്രദ്ധ തിരിക്കലാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും മീര ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘സുഹൃത്തായ പ്രീതയോടൊപ്പം ഓട്ടിസ്റ്റിക് കുഞ്ഞുങ്ങളുടെ പുനരധിവാസം സംബന്ധിച്ച് ഒരു അഭ്യർത്ഥനയുമാണു ഞാൻ ആദ്യമായും അവസാനമായും മുഖ്യമന്ത്രിയുടെ ഓഫിസിൽ ചെന്നത്. ഞങ്ങൾക്ക് അനുവദിച്ച പത്തു മിനിറ്റിൽ, ആ വിഷയത്തെക്കുറിച്ച് അദ്ദേഹത്തിനുള്ള ധാരണ അദ്ഭുതപ്പെടുത്തി. എന്റെ നിരീക്ഷണത്തിലും അനുഭവത്തിലും, കേരളം ഭരിച്ച മുഖ്യമന്ത്രിമാരിൽ, ശ്രീ പിണറായി വിജയനോളം കാര്യപ്രാപ്തിയും ചുമതലാബോധവും പ്രകടിപ്പിച്ച മറ്റൊരു മുഖ്യമന്ത്രിയുമില്ല’ -മീര പറഞ്ഞു.
അതിനിടെ, തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്നുള്ള വ്യക്തിപരമായ അധിക്ഷേപങ്ങൾ താൻ സഹിച്ചോളാമെന്നും അത് തനിക്ക് പ്രശ്നമല്ലെന്നും ഇടതുമുന്നണി യോഗത്തിൽ പിണറായി വിജയൻ വ്യക്തമാക്കി. ഇത്തരം അധിക്ഷേപങ്ങൾ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിന്‍റെ തുടക്കത്തിലായിരുന്നു സാമൂഹിക മാധ്യമങ്ങളിലടക്കം ഉയരുന്ന വിമർശനങ്ങളെ ഉദ്ദേശിച്ച് മുഖ്യമന്ത്രിയുടെ പരാമർശം. പലവിധ കാരണങ്ങളാണ് പരാജയത്തിന് പിന്നിലുള്ളത്. ഒറ്റക്കെട്ടായി മുന്നോട്ടുപോയാൽ തിരിച്ചുവരാം. 2029 ലോക്സഭ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനാകും.
ബി.ജെ.പി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഉന്നംവെക്കുകയാണെന്നും ഇക്കാര്യം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി തുടങ്ങിവെച്ചെങ്കിലും വ്യക്തി അധിക്ഷേപങ്ങളെകുറിച്ച കൂടുതൽ പരാമർശങ്ങൾ യോഗത്തിലുണ്ടായില്ല.
തനിക്കെതിരെ ഉയരാനിടയുള്ള വിമർശനങ്ങൾ ഒഴിവാക്കാനാണ് തുടക്കത്തിൽതന്നെ അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചതെന്നാണ് വിലയിരുത്തൽ. പരാജയത്തിനുശേഷം പിണറായി വിജയനും പാർട്ടി സെക്രട്ടറിക്കുമെതിരെ സാമൂഹികമാധ്യമങ്ങളിലടക്കം രൂക്ഷവിമർശനങ്ങൾ പാർട്ടി അണികളിൽ നിന്നുൾപ്പെടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.