കോഴിക്കോട്: കൗമാരത്തിൽ ചെയ്യാത്ത കുറ്റത്തിന് തടവറയിലടക്കപ്പെട്ട മലപ്പുറം പരപ്പനങ്ങാടി സ്വദേശി സക്കരിയയുടെ മോചന പ്രതീക്ഷകൾക്ക് തിരിച്ചടി. ബംഗളൂരു സ്ഫോടനക്കേസിൽ സ്വാഭാവിക ജാമ്യം ലഭിക്കുമെന്നിരിക്കെ, വിചാരണക്കോടതി മാറ്റിയത് വിധി വൈകിപ്പിക്കാനുള്ള നീക്കമായി സംശയിക്കപ്പെടുന്നു.
വര്‍ഷങ്ങളായി തടവറയില്‍ കഴിയുന്നവര്‍ക്ക് നിരപരാധിത്വം തെളിയിക്കാന്‍ ഇനിയും അനന്തമായ വിചാരണക്കാലം തുറക്കപ്പെടുകയാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി അഡ്വ. റഹ്മാന്‍ ഇരിക്കൂര്‍ പറഞ്ഞു. നാല് മാസത്തിനകം വിധി പറയണമെന്നും ഇല്ലെങ്കില്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. സ്വാഭാവിക ജാമ്യം ലഭിക്കുമെന്നിരിക്കെയാണ് കോടതിമാറ്റം. നീണ്ട 17 വര്‍ഷമായി തടവറയില്‍ കഴിയുന്ന സക്കരിയ അടക്കമുള്ള നിരവധി വിചാരണ തടവുകാരെ ഇനിയെന്തു പറഞ്ഞ് സമാധാനിപ്പിക്കുമെന്നും അദ്ദേഹം ചോദിച്ചു.
അതിവേഗം വിചാരണ പൂര്‍ത്തിയാക്കാന്‍ ഒന്നിലധികം തവണ സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും കുറുക്കുവഴികളിലൂടെ അതിനെ മറികടക്കുന്നതാണ് കണ്ടുവരുന്നത്. കോടതിമാറ്റം എന്നത് സുപ്രീംകോടതി നിര്‍ദേശം അട്ടിമറിക്കാനാണോ എന്നും സംശയിക്കാം. അസുഖബാധിതയായി കിടക്കുന്ന ഉമ്മയെ കാണാനും പരിചരിക്കാനും വേണ്ടി സക്കരിയ സമര്‍പ്പിച്ച 15 ദിവസത്തെ താൽക്കാലിക ജാമ്യാപേക്ഷ കഴിഞ്ഞയാഴ്ചയാണ് വിചാരണക്കോടതി തള്ളിയത്.
നിരപരാധിത്വം കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലിരിക്കെയാണ് ഈ തിരിച്ചടി. അക്ഷരാര്‍ഥത്തില്‍ വിചാരണ തന്നെ ശിക്ഷയായി മാറുന്ന ഒരു അവസ്ഥ. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ തന്നെയാണ് തീരുമാനം -അഡ്വ. റഹ്മാന്‍ ഇരിക്കൂര്‍ പറഞ്ഞു.
‘എന്റെ മോന്റെ വല്ല വിവരവുമുണ്ടോ ... എന്നുവരും അവൻ’ -എന്നാണ് വീട്ടിലെത്തുന്നവരോട് സക്കരിയയുടെ ഉമ്മ ബിയ്യുമ്മ ചോദിക്കുന്നത്. സക്കരിയയെ കാണാൻ നല്ല ആഗ്രഹമുണ്ട്. അവൻ എത്രയും പെട്ടെന്ന് വരണമെന്നാണ് ആഗ്രഹം. അത് സാധിക്കുമെന്നാണ് കരുതുന്നതെന്നും ബിയ്യുമ്മ പറഞ്ഞു.
ശുചിമുറിയിൽ തെന്നിവീണ് ഇടുപ്പെല്ലിന് ഗുരുതര പരിക്കേറ്റ് അടിയന്തര ശസ്ത്രക്രിയക്ക് വിധേയയായ ബിയ്യുമ്മയുടെ പരിചരണത്തിനായി 15 ദിവസത്തേക്കാണ് സക്കരിയ താൽക്കാലിക ജാമ്യം തേടിയിരുന്നത്. എന്നാൽ, ജാമ്യാപേക്ഷ ജൂൺ രണ്ടിന് കോടതി തള്ളുകയായിരുന്നു. ഇതിനുശേഷമാണ് കോടതി മാറ്റമുണ്ടായത്.
വിചാരണ പൂർത്തിയായശേഷം കോടതി മാറ്റുന്നത് നീതി നിഷേധമാണെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികളും പ്രതികരിച്ചു. സക്കരിയ നിരപരാധി ആയതുകൊണ്ടാണ് വിചാരണ നീട്ടിക്കൊണ്ടുപോകുന്നത്. രാഷ്ട്രീയ ഭേദമന്യേ എല്ലാ സംഘടനകളും ഇതിനെതിരെ രംഗത്തുവരണമെന്നും അവർ ആവശ്യപ്പെട്ടു.
കേസിൽ അന്തിമവാദവും പൂർത്തിയായ ശേഷം ബംഗളൂരു അഡീഷണൽ സിറ്റി സിവിൽ സെഷൻ കോടതി 43ൽ നിന്ന് 93 ലേക്കാണ് വിചാരണ മാറ്റിയത്. ഏഴ് മാസമെടുത്താണ് അന്തിമവാദം പൂർത്തിയാക്കിയത്. ജൂലൈ 14നുള്ളിൽ കേസിൽ വിധി പറയണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇത് മറികടന്ന് വിധി വൈകിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് പെട്ടെന്നുള്ള കോടതിമാറ്റമെന്നാണ് ആക്ഷൻ കൗൺസിൽ ആരോപിക്കുന്നത്.
2009ലാണ് സക്കരിയ അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.