ശബരിമല: ശബരിമല ദര്‍ശനത്തിനു കുട്ടികള്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ഫലം ആവശ്യമില്ല. ഇക്കാര്യം വ്യക്തമാക്കി തീര്‍ഥാടന മാനദണ്ഡം പുതുക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. മണ്ഡല–മകരവിളക്ക് തീര്‍ഥാടന മാനദണ്ഡം പുതുക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുട്ടികളെ തീര്‍ഥാടനത്തിന് കൊണ്ടുപോകാമെന്ന് ഉത്തരവിൽ പറയുന്നു.

കുട്ടികള്‍ സോപ്പ്, സാനിറ്റെസര്‍, മാസ്‌ക് എന്നിവ ഉപയോഗിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഒപ്പമുള്ള രക്ഷാകര്‍ത്താക്കള്‍ അല്ലെങ്കില്‍ മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. കുട്ടികള്‍ ഒഴികെയുള്ള തീര്‍ഥാടകര്‍ രണ്ടു ഡോസ് വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റും 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും കരുതണം. ഒറിജിനല്‍ ആധാര്‍കാര്‍ഡും കരുതണം. നിലക്കലില്‍ കോവിഡ്-19 പരിശോധനയ്ക്കു സംവിധാനമുണ്ട്.

പമ്പ മുതല്‍ സന്നിധാനം വരെ സ്വാമി അയ്യപ്പന്‍ റോഡിന്‍റെ വിവിധ പോയിന്‍റുകളില്‍ എമര്‍ജന്‍സി മെഡിക്കല്‍ കേന്ദ്രങ്ങളും ഓക്സിജന്‍ പാര്‍ലറുകളും സജ്ജമാക്കിയിട്ടുണ്ട്. നേരത്തെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും തെളിഞ്ഞ കാലാവസ്ഥയും കാരണം ശബരിമലയിലേക്ക് കൂടുതൽ ഭക്തർ എത്തി തുടങ്ങിയിരുന്നു.

നവംബർ 16 മുതൽ 25 വരെയുള്ള പത്ത് ദിവസത്തുള്ളിൽ ശബരിമലയിൽ വരുമാനമായി ലഭിച്ചത് 10 കോടിയിലധികം രൂപയാണ്. അപ്പം, അരവണ വിൽപ്പനയിലൂടെയാണ് കൂടുതൽ വരുമാനം.നട വരവിലും വർധനയുണ്ടായി. ലേലത്തിൽ പോകാതിരുന്ന നാളീകേരം ഉൾപ്പെടെയുള്ളവ കഴിഞ്ഞ തവണ ലേലത്തിൽ പോയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ വർധനയുണ്ടായി. തിരക്ക് വർധിക്കുന്നതോടെ ശബരിമല വരുമാനവും ഉയരുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - No need for covid test results for children in Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.