ആർ.എസ്.എസിനെതിരായ പോരാട്ടത്തിൽ തനിക്കാരുടേയും സർട്ടിഫിക്കറ്റ് വേണ്ട -വി.ശിവൻകുട്ടി

തിരുവനന്തപുരം: സമഗ്ര ശിക്ഷ ഫണ്ട് ലഭിക്കാൻ താനും ജോൺ ബ്രിട്ടാസ്​ എം.പിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കണ്ടെന്നും നാടിന്റെ ആവശ്യത്തിന് ഇടപെടുന്നതിനെ വളച്ചൊടിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

ആർ.എസ്.എസിനെതിരായ പോരാട്ടത്തിൽ തനിക്കോ ബ്രിട്ടാസിനോ കോൺഗ്രസിന്റെയോ ലീഗിന്റെയോ സർട്ടിഫിക്കറ്റാവശ്യമില്ല. ബി.ജെ.പിക്ക് രാജ്യസഭയിൽ ഭൂരിപക്ഷം തികക്കാൻ സ്വന്തം അംഗത്വം രാജിവെച്ചൊഴിഞ്ഞ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പാർലമെന്റിലെ നിർണായക വോട്ടെടുപ്പ് വേളയിൽ കല്യാണത്തിന് പോയ ലീഗ് എം.പിമാരും തങ്ങളെ പഠിപ്പിക്കണ്ട. കേന്ദ്ര ഫണ്ടിനായി ആർജവം കാട്ടിയ ബ്രിട്ടാസിനെ അഭിനന്ദിക്കുകയാണെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

കെ.സി. വേണുഗോപാൽ കാർമികത്വം വഹിച്ചാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ പി.എം ശ്രീ നടപ്പാക്കി കേന്ദ്ര ഫണ്ട്​ കൈപ്പറ്റിയത്. കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ അടക്കമുള്ളവ സഹകരിച്ചു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ കേന്ദ്രവുമായി ധാരണയുണ്ടാക്കി പണം വാങ്ങുമ്പോൾ, കേരളത്തിലെ കോൺഗ്രസ് എം.പിമാർ ഫണ്ട് തടയാൻ പാര വെക്കുകയാണ്. സമഗ്ര ശിക്ഷ പദ്ധതിയിൽ കേരളത്തിന് അർഹമായ 1160 കോടി രൂപയാണ് കേന്ദ്രം തടഞ്ഞത്.

മലയാളികളായ രണ്ട്​ കേന്ദ്ര മന്ത്രിമാരും ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരാണ്. ധാർഷ്ഠ്യം കാണിച്ചും കലുങ്ക് യുദ്ധം നടത്തിയും നേരം കളയുകയാണവർ. ഫണ്ട്​ തരാത്തതിനാലാണ്​ പി.എം ശ്രീയിൽ ഒപ്പു​വെക്കേണ്ടിവന്നതെന്നും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടിവരുമെന്ന്​ അപ്പോൾ​ കേന്ദ്രമന്ത്രി വ്യക്​തമാക്കിയില്ലെന്നും മന്ത്രി ചോദ്യത്തിന്​ മറുപടി നൽകി. പി.എം ​​ശ്രീയിൽ സി.പി.ഐയുടെ അതൃപ്തി ചൂണ്ടിക്കാട്ടിയപ്പോൾ രാഷ്​ട്രീയ പ്രസ്ഥാനങ്ങളാകുമ്പോൾ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമല്ലോ എന്നായിരുന്നു ശിവൻകുട്ടിയുടെ മറുപടി.

Tags:    
News Summary - No need for certificates from anyone in the fight against RSS - V. Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.